യുക്രെയ്ന് യു.എ.ഇയുടെ 30 മെട്രിക് ടൺ സഹായം

ദുബൈ: യുക്രെയ്നിലേക്ക് യു.എ.ഇ 30 മെട്രിക് ടൺ സഹായം അയച്ചു. ഭക്ഷ്യവസ്തുക്കളും അടിയന്തര മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമാണ് അയച്ചത്. സഹായവുമായി അഞ്ചാമത്തെ വിമാനമാണ് യു.എ.ഇയിൽ നിന്ന് പറന്നത്. പോളണ്ടിലെത്തിയ വിമാനം യുക്രെയ്ൻ അധികൃതർക്ക് സഹായം കൈമാറി. യുക്രെയ്നിലെ അഭയാർഥികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം നൽകുന്നത് യു.എ.ഇ തുടരുമെന്ന് യുക്രെയ്നിലെ യു.എ.ഇ അംബാസഡർ സാലിം അഹ്മദ് അൽ കാബി പറഞ്ഞു. പോളണ്ടിലെ യുക്രെയ്ൻ അധികൃതർ വഴി ഇത് രാജ്യത്തുടനീളം വിതരണം ചെയ്യും. യു.എ.ഇയുടെ മാനുഷിക സമീപനത്തിന്‍റെ ഭാഗമാണിത്. വിവേചനങ്ങളില്ലാതെ ജനങ്ങളിലേക്ക് സഹായം എത്തിക്കുന്നത് രാജ്യം പിന്തുടരുന്ന മൂല്യങ്ങളുടെ തെളിവാണെന്നും അത് തുടരുമെന്നും അൽ കാബി പറഞ്ഞു.

റഷ്യ-യുക്രെയ്ൻ പ്രതിസന്ധി ഉടലെടുത്തപ്പോൾ മുതൽ യു.എ.ഇ സർക്കാറിന്‍റെ നേതൃത്വത്തിൽ രണ്ട് വിമാനത്തിലായി 60 മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങൾ അയച്ചിരുന്നു. ഇതിന് പുറമെ, ദുബൈയിലെ ഇന്‍റർനാഷനൽ ഹുമാനിറ്റേറിയൻ സിറ്റിയുടെ നേതൃത്വത്തിൽ രണ്ട് വിമാനങ്ങളിലായി 124 മെട്രിക് ടൺ സഹായം അയച്ചിരുന്നു. താമസ സൗകര്യങ്ങൾക്കുള്ള വസ്തുക്കളും ഇതിൽ അയച്ചിരുന്നു. ഐക്യരാഷ്ട്രസഭയുമായി ചേർന്ന് 50 ലക്ഷം ഡോളറിന്‍റെ സഹായമാണ് യു.എ.ഇ യുക്രെയ്നിൽ എത്തിക്കുന്നത്. 

Tags:    
News Summary - Ukraine receives 30 metric tons of aid from the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.