മനാമ: ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കാഴ്ചക്കാർക്ക് സമ്മാനിച്ച് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവൽ’ നടന്നു.
സീഫിലെ എംബസി പരിസരത്ത് നടന്ന പരിപാടിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാക്കളടക്കം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ വിശിഷ്ടാതിഥികളായിരുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടേയും സമൂഹങ്ങളുടേയും വൈവിധ്യമാർന്ന പൈതൃകം പ്രദർശിപ്പിക്കുന്ന വേദിയായി എംബസി പരിസരം മാറി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ക്ലാസിക്കൽ,നാടോടി പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികൾ ജനം ഹർഷാരവത്തോടെ ആസ്വദിച്ചു.
30-ലധികം ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ പാചകം, കരകൗശലം, സാംസ്കാരിക പരിപാടികൾ എന്നിവ ചിത്രീകരിക്കുന്ന സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ്. ഒഡിസ, ഗുജറാത്ത്, ജമ്മു &കശ്മീർ, ഡൽഹി, യു.പി, മഹാരാഷ്ട്ര, പുതുച്ചേരി, മറ്റ് സംസ്ഥാനങ്ങൾ എന്നിവയുടെ ഭക്ഷണവൈവിധ്യം ആസ്വദിക്കാനായി പ്രത്യേക ഫുഡ് സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു. ബഹ്‌റൈനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിനി കാശ്വി സുബിൻ ജഗദീഷിന്റെ ‘ഹെഡ്‌സ്ട്രിംഗ്‌സ്’ എന്ന കവിതാസമാഹാരത്തിന്റെ അവതരണവും ചടങ്ങിൽ നടന്നു.
ഐ.സി.ആർ.എഫ് പ്രത്യേക ബുള്ളറ്റിനും ചടങ്ങിൽ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.