ദുബൈ: വിവിധ നിയമലംഘനങ്ങളെ തുടർന്ന് ഈ മാസം ദുബൈ പൊലീസ് 640 സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തു. അമിതവേഗം, നിശ്ചിത സ്ഥലത്തുകൂടിയല്ലാതെ വാഹനമോടിക്കൽ, സേഫ്റ്റി ഗിയറും ഹെൽമെറ്റും ധരിക്കാതിരിക്കൽ എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. നിയമം പാലിക്കാതെയുള്ള ഡ്രൈവിങ് റൈഡർമാരെയും മറ്റുള്ളവരേയും അപകടത്തിലാക്കുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇ-സ്കൂട്ടറുകളുമായും സൈക്കിളുകളുമായും ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾക്ക് കാര്യമായ പിഴ ഈടാക്കുമെന്ന് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു.
60 കി.മീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിൽ ഇ-ബൈക്ക് അല്ലെങ്കിൽ സൈക്കിൾ ഓടിക്കുന്നതിന് 300 ദിർഹം പിഴ ഈടാക്കും. അതുപോലെ റൈഡറെയോ മറ്റുള്ളവരെയോ അപകടത്തിലാക്കുന്ന രീതിയിൽ ബൈക്ക് ഓടിച്ചാൽ 300 ദിർഹം പിഴ ലഭിക്കും. ഇ-സ്കൂട്ടറിൽ മറ്റൊരു യാത്രക്കാരനെ കൊണ്ടുപോകുന്നതിനും 300 ദിർഹമാണ് പിഴ. ആവശ്യത്തിന് സജ്ജീകരണമില്ലാത്ത ഇ-ബൈക്കിലോ സൈക്കിളിലോ യാത്രക്കാരനെ കയറ്റിയാൽ 200 ദിർഹം പിഴ ലഭിക്കും. ട്രാഫിക്കിനെതിരെ ഇ-സ്കൂട്ടറോ സൈക്കിളോ ഓടിച്ചാലും 200 ദിർഹമാണ് പിഴ. എല്ലാ ട്രാഫിക്, സുരക്ഷാ മാർഗ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് സൈക്കിൾ, ഇ-സ്കൂട്ടർ റൈഡർമാരോട് അൽ ഗൈഥി ആവശ്യപ്പെട്ടു.
റോഡിലെ അപകടകരമായ പെരുമാറ്റങ്ങൾ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ ‘വി ആർ ഓൾ പൊലീസ്’ സേവനമായ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
2024ന്റെ ആദ്യ പകുതിയിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ നാലുപേർ മരിച്ചതായി കഴിഞ്ഞ മാസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 25 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ കാലയളവിനുള്ളിൽ 7800ലധികം ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാവുകയും 4474 ഇ-സ്കൂട്ടറുകളും സൈക്കിളുകളും അധികൃതർ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് പ്രതിദിനം ശരാശരി 43 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും 24 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ദുബൈ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.