നിയമലംഘനം; 640 സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തു
text_fieldsദുബൈ: വിവിധ നിയമലംഘനങ്ങളെ തുടർന്ന് ഈ മാസം ദുബൈ പൊലീസ് 640 സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തു. അമിതവേഗം, നിശ്ചിത സ്ഥലത്തുകൂടിയല്ലാതെ വാഹനമോടിക്കൽ, സേഫ്റ്റി ഗിയറും ഹെൽമെറ്റും ധരിക്കാതിരിക്കൽ എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളാണ് പൊലീസ് കണ്ടെത്തിയത്. നിയമം പാലിക്കാതെയുള്ള ഡ്രൈവിങ് റൈഡർമാരെയും മറ്റുള്ളവരേയും അപകടത്തിലാക്കുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇ-സ്കൂട്ടറുകളുമായും സൈക്കിളുകളുമായും ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾക്ക് കാര്യമായ പിഴ ഈടാക്കുമെന്ന് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു.
60 കി.മീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിൽ ഇ-ബൈക്ക് അല്ലെങ്കിൽ സൈക്കിൾ ഓടിക്കുന്നതിന് 300 ദിർഹം പിഴ ഈടാക്കും. അതുപോലെ റൈഡറെയോ മറ്റുള്ളവരെയോ അപകടത്തിലാക്കുന്ന രീതിയിൽ ബൈക്ക് ഓടിച്ചാൽ 300 ദിർഹം പിഴ ലഭിക്കും. ഇ-സ്കൂട്ടറിൽ മറ്റൊരു യാത്രക്കാരനെ കൊണ്ടുപോകുന്നതിനും 300 ദിർഹമാണ് പിഴ. ആവശ്യത്തിന് സജ്ജീകരണമില്ലാത്ത ഇ-ബൈക്കിലോ സൈക്കിളിലോ യാത്രക്കാരനെ കയറ്റിയാൽ 200 ദിർഹം പിഴ ലഭിക്കും. ട്രാഫിക്കിനെതിരെ ഇ-സ്കൂട്ടറോ സൈക്കിളോ ഓടിച്ചാലും 200 ദിർഹമാണ് പിഴ. എല്ലാ ട്രാഫിക്, സുരക്ഷാ മാർഗ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് സൈക്കിൾ, ഇ-സ്കൂട്ടർ റൈഡർമാരോട് അൽ ഗൈഥി ആവശ്യപ്പെട്ടു.
റോഡിലെ അപകടകരമായ പെരുമാറ്റങ്ങൾ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ ‘വി ആർ ഓൾ പൊലീസ്’ സേവനമായ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
2024ന്റെ ആദ്യ പകുതിയിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ നാലുപേർ മരിച്ചതായി കഴിഞ്ഞ മാസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 25 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ കാലയളവിനുള്ളിൽ 7800ലധികം ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാവുകയും 4474 ഇ-സ്കൂട്ടറുകളും സൈക്കിളുകളും അധികൃതർ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് പ്രതിദിനം ശരാശരി 43 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും 24 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ദുബൈ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.