ജോലി തിരക്കിനിടയിൽ ആരോഗ്യത്തെ മാക്കാതിരിക്കാനും ചെറിയ വിശ്രമത്തിനും കൂടിയാണ് സൈക്കിൾ സവാരി തുടങ്ങിയത്. പിന്നീടാണ് ഇതിനോട് വല്ലാത്ത മുഹബ്ബത്ത് കൂടി വന്നത്. അത് ജീവിതത്തിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചതേയില്ല.
കേരളത്തിലെയും യു.എ.ഇയിലെയും വിവിധ സ്ഥലങ്ങളിൽ എന്റെ സൈക്ക്ൾ ഓടിയെത്തിയിട്ടുണ്ടെങ്കിലും മറ്റൊരു വിദേശ രാജ്യത്തേക്ക് പോകണമെന്ന ചിന്ത മനസിൽ കയറിക്കൂടിയിട്ട് നാളുകളായി. ആദ്യം മനസ്സിൽ സൗദി അറേബ്യയയായിരുന്നു. ഉംറ നിർവഹിച്ചു മടങ്ങി വരാമല്ലോ എന്നായിരുന്നു ലക്ഷ്യം. പക്ഷെ ഇപ്പോഴത്തേ സാഹചര്യത്തിൽ സൗദിയിൽ പോയി വരുന്നത്തിൽ നിയമപരമായി ഒരുപാട് ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആ പദ്ധതി ഉപേക്ഷിക്കുകയും ഒമാൻ തിരഞ്ഞെടുക്കയും ചെയ്തു. ഈ വിവരം കേരള റൈഡേഴ്സ് ഗ്രൂപ്പിലെ സുഹൃത്ത് ഇബ്രാഹിം കുട്ടിയോട് പറഞ്ഞതോടെ അദ്ദേഹവും റെഡിയാണെന്ന് പറഞ്ഞു.
കഴിഞ്ഞ18നാണ് യാത്ര ആരംഭിച്ചത്. റാസൽഖൈമയിൽ നിന്ന് ഷഹാമിലെ അൽജീറ ബോർഡറിൽ എത്തി അവിടെയുള്ള യു.എ.ഇ എമിഗ്രേഷനിൽ പോയി പാസ്പോർട്ട് അപ്രൂവൽ ലഭിക്കുന്നത്തിനായി കൊടുത്തു. ഒരാൾക്ക് 35ദിർഹമാണ് എക്സിറ്റ് ചെയ്യുന്നതിന് ആവശ്യമുള്ളത്. ആ തുക അടച്ചു കഴിഞ്ഞപ്പോൾ അവർ ചോദിച്ചു എങ്ങനെയാണ് പോകുന്നതെന്നും വാഹനത്തിന് ഇൻഷുറൻസ് എടുത്തിട്ടുണ്ടോ എന്നുമെല്ലാം. അപ്പോഴാണ് ഞങ്ങൾ സൈക്കിൾ യാത്രയുടെ വിവരം വെളിപ്പെടുത്തുന്നത്. അത് ബുദ്ധിമുട്ടാകുമെന്നും വലിയ കാറ്റുണ്ടാകുമെന്നും ആരും സൈക്കിളിൽ പോകാറില്ലെന്നുമായിരുന്നു അവരുടെ സ്നേഹത്തോടെയുള്ള ഉപദേശം. കുഴപ്പമില്ല എന്ന് മറുപടി കൊടുത്തപ്പോൾ നിങ്ങൾക്ക് ധൈര്യമുണ്ടങ്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു പെർമിറ്റ് തന്നു. ഒമാനിൽ പെർമിറ്റ് കിട്ടാൻ സാധ്യതകുറവാണെന്നും അങ്ങനെ സംഭവിച്ചാൽ തിരിച്ചു വരണം എന്ന് പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയത്. പക്ഷെ, ഒമാൻ എമിഗ്രേഷനിലും ഇതേ വാക്കുകളാണ് കേട്ടത്. നിങ്ങൾക്ക് താല്പര്യം ഉണ്ടങ്കിൽ പോയിക്കൊള്ളൂ എന്ന് പറഞ്ഞ് ഒമാനിൽ ഓൺ അറൈവൽ വിസ തന്നു. അതിന് ചെലവായത് വെറും 45 ദിർഹം മാത്രം.
ജബൽജൈസിൽ ഒറ്റ ദിവസം മൂന്ന് തവണ കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഒമാൻ മലനിരകൾ ലക്ഷ്യമിട്ടുള്ള യാത്ര തുടർന്നത്. കസബ് ആയിരുന്നു ആദ്യ ലക്ഷ്യം. 50 കിലോമീറ്റർ മാത്രമാണ് ദൂരം. ഒമാനിൽ പ്രവേശിച്ചത് മുതൽ തന്നെ സ്ഥലങ്ങളുടെ മാറ്റം പെട്ടന്ന് മനസിലാകും. ഒരുഭാഗം വലിയ മലനിരകളും മറുഭാഗത്ത് ആകാശവും ഭൂമിയും തിരിച്ചറിയാൻ കഴിയാത്ത വിതം കൂട്ടിമുട്ടിയിരിക്കുന്ന സുന്ദരമായ നീല കടലും. വഴിയിൽ ചെറിയ ചെറിയ അങ്ങാടികളും ബീച്ചുകളും പള്ളികളും കാണാം. കുറച്ച് ദൂരം മുന്നോട്ടു പോയപ്പോൾ ഒരു ചെറിയ കയറ്റം വന്നു. അപ്പോൾ ഞങ്ങൾക്ക് മനസിലായി മുൻപ് അവർ പറഞ്ഞ സ്ഥലം എത്താറായി എന്ന്. പിന്നീട് വന്ന വഴികൾ വളരെബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ, മനോഹരമായ കാഴ്ചകൾ ഞങ്ങളുടെ മടുപ്പ് ഇല്ലാതാക്കി. കുറച്ച് മുന്നോട്ടുപോയപ്പോൾ ചെറിയ ബീച്ച് കണ്ടു. അതിന് ശേഷം ജബൽ അൽ അറഫ് എന്ന ബോർഡും സ്ഥാപിച്ചിരിക്കുന്നു. അറഫ് മലയുടെ തുടക്കമാണത്. കുത്തനെയുള്ള കയറ്റമായതിനാൽ വളരെ ബുദ്ധിമുട്ടി. കുറച്ച് നേരം വിശ്രമിച്ചു. കുറച്ചുദൂരം സൈക്കിൾ തള്ളിക്കയറ്റി. 15 തവണ ജബൽ ജൈസ് കയറി ഉണ്ടെങ്കിലും അതിനേക്കാൾ ബുദ്ധിമുട്ട് ആയാണ് അറഫ മല തോന്നിയത്. മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു. താഴെ തിരമാലകൾ നൃത്തംവെക്കുന്ന നീലകടൽ. പിന്നീട് കുത്തനെയുള്ള ഇറക്കമായിരുന്നു.
മുത്തിൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഒരു കഫ്റ്റീരിയ കണ്ടു. കർണാടക മടിക്കേരിക്കാരൻ ജംഷീറിന്റെ കടയാണത്. നിരവധി മലയാളികൾ അവിടെയുണ്ട്. കുടിക്കാൻ വെള്ളവും ഭക്ഷണവും ജംഷീർ തന്നു. അവിടെ താമസിക്കാം എന്ന ജംഷീറിന്റെ നിർബന്ധം സ്നേഹപൂർവം നിരസിച്ച് ഞങ്ങൾ കസബിൽ എത്തി. പാലക്കാട് ഉള്ള ബാദുഷയായിരുന്നു ഇവിടെ സഹായി. മല്ലു ട്രാവലർ ഒമാനിൽ വന്നപ്പോൾ അവർക്ക് സഹായം ചെയ്തു കൊടുത്ത വ്യക്തിയാണ് ബാദുഷയും രാജീവും. ഈത്തപ്പന തോട്ടത്തിന് നടുവിൽ മനോഹരമായ വില്ല തന്നെ ഞങ്ങൾക്ക് താമസിക്കാൻ ഇവർ ഒരുക്കി. രാത്രിയിൽ നഗരം ചുറ്റാൻ ഇറങ്ങി. ആദ്യമായാണ് മലയാളികൾ സൈക്ക്ളുമായി യു.എ.ഇയിൽ നിന്ന് ഇവിടെ എത്തുന്നതെന്നായിരുന്നു അവിടെ കണ്ട മലയാളികൾ പറഞ്ഞത്.
അടുത്ത ദിവസം അവിടെ ഖോർ നജദ് മലയിലേക്കായിരുന്നു യാത്ര. മനോഹരമായ ഓഫ് റോഡ് റൈഡ് യാത്രയാണിത്. 25 കിലോമീറ്ററാണ് യാത്ര. കുത്തനെയുള്ള കയറ്റം താണ്ടി മലയുടെ മുകളിൽ എത്തി. ഇവിടെ I LOVE OMAN എന്ന് എഴുതി വച്ചിരിക്കുന്നു. ഇവിടെ നിന്ന് നിരവധി ചിത്രങ്ങളെടുത്തു. കസബ ടൗണിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഭക്ഷണം. ഇവിടെ വില വളരെ കുറവാണ്. ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാം എന്ന് ഉണ്ടായിരുന്നു. എനിക്ക് നാട്ടിലേക്ക് പോകാനുള്ളത് കൊണ്ടും ഇബ്രാഹിമിന് ഞായറാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടത് കൊണ്ടും ഞങ്ങൾ മടക്കയാത്ര തുടർന്നു.
യു.എ.ഇയിലെ മലയാളികൾക്ക് വളരെ ചെലവ് കുറവിൽ പോയി കണ്ടുവരാൻ കഴിയുന്ന സ്ഥലം ആണ് ഒമാനിലെ കസബ്. ഞങ്ങൾക്ക് ആകെ വന്ന ചിലവ് 220 ദിർഹം ആണ്. ഭക്ഷണതിത്തിനും താമസത്തിനും ചിലവ് കുറവ് ആണ്. ഒരുപാട് മലയാളികൾ ഉള്ള സ്ഥലമായതിനാൽ എല്ലാവർക്കും ഏതു ആവശ്യത്തിനും സഹായിക്കാൻ ആരെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയിൽ പോയിവരാൻ കഴിയും. വിസയെല്ലാം ബോർഡറിൽ തന്നെ ലഭിക്കും. ഓൺലൈനായും എടുക്കാം. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം യു.എ.ഇയിൽ മികച്ച പ്രൊഫൈൽ വിസ ഉള്ളവർക്ക് മാത്രം ആണ് ഒമാനിലെക്ക് ഓൺ അറൈവൽ വിസ ലഭിക്കുകയുള്ളൂ.
കെ.വി. മുർഷിദ്
+971 50 520 0167
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.