ദുബൈ അന്താരാഷ്​ട്ര ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ പി.പി.ഇ കിറ്റണിഞ്ഞ്​ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്​ഥൻ (ഫയൽ ചിത്രം)

ഐ.പി.എല്ലിന്​ വീണ്ടും സുസ്വാഗതം

ദുബൈ: ക്രിക്കറ്റ്​ ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള ലീഗിന്​ യു.എ.ഇ മണ്ണിലേക്ക്​ ഒരിക്കൽ കൂടി സ്വാഗതം. ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിവെച്ച ടൂർണമെൻറാണ്​ യു.എ.ഇയുടെ ചിറകിലേറി വീണ്ടും ഇമാറാത്തിലെത്തുന്നത്​. ഐ.പി.എൽ യു.എ.ഇയിലെത്തുമെന്ന്​ ഊഹാപോഹമുണ്ടായിരുന്നെങ്കിലും ശനിയാഴ്​ചയാണ്​ ബി.സി.സി.ഐ വൈസ്​ പ്രസിഡൻറ്​ രാജീവ്​ ശുക്ല ഔദ്യോഗികമായി അറിയിച്ചത്​. ടൂർണമെൻറ്​ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കക്കിടെയാണ്​ യു.എ.ഇയിലേക്ക്​ മാറ്റുന്നത്​.

സെപ്​റ്റംബർ 18നോ 19നോ തുടങ്ങാനാണ്​ ആലോചന. പ്രേക്ഷകരെ കൂടുതൽ ലഭിക്കുന്ന ദിവസം ഏതാണെന്നത്​ അനുസരിച്ചായിരിക്കും ടൂർണമെൻറ്​ തുടങ്ങുന്ന ദിവസവും ഫൈനലും തീരുമാനിക്കുക. ഒക്​ടോബർ ഒമ്പതിനോ പത്തിനോ ആണ്​ ഫൈനൽ ആലോചിക്കുന്നത്​. യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസണും ആരംഭിച്ചത്​ സെപ്​റ്റംബർ 19നായിരുന്നു.അതേസമയം, ഗാലറിയിൽ കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്​. നിലവിൽ യു.എ.ഇയിൽ കായിക മത്സരങ്ങളിൽ 2500 പേരെ വരെ അനുവദിക്കാം. കഴിഞ്ഞദിവസം നടന്ന പ്രസിഡൻഷ്യൽ കപ്പ്​ ഫുട്​ബാളിൽ 30 ശതമാനം കാണികൾക്ക്​ ​പ്രവേശനം നൽകിയിരുന്നു. വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിച്ചത്​.

എന്നാൽ, ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡാണ്​. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്​ കാണികളെ അനുവദിക്കാൻ സാധ്യത കുറവാണ്​. ഇന്ത്യയിൽ സുരക്ഷിതമല്ലെന്ന കാരണം പറഞ്ഞാണ്​ പല താരങ്ങളും ഐ.പി.എല്ലിൽനിന്ന്​ പിൻമാറിയത്​. ഇവരിൽ പലരും യു.എ.ഇയിൽ കളിക്കാൻ സന്നദ്ധരാണെന്ന്​ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണി​ൽ ബയോബബ്​ളിൽ സുരക്ഷിതമായി മത്സരം സംഘടിപ്പിച്ചതാണ്​ താരങ്ങൾക്ക്​ യു.എ.ഇയിൽ വിശ്വാസം വർധിക്കാൻ കാരണം. ബയോബബ്​ളിൽ തന്നെ താരങ്ങൾക്ക്​ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും ഉല്ലസിക്കാനും അവസരം ഒരുക്കിയിരുന്നു. ബബ്​ൾ ടു ബബ്​ൾ സംവിധാനത്തിലൂടെ താരങ്ങളെ ഇവിടെയെത്തിക്കാനാണ്​ ശ്രമം. ഇന്ത്യയുടെ ഇംഗ്ലണ്ട്​ പര്യടനം സെപ്​റ്റംബർ 14നാണ്​ അവസാനിക്കുന്നത്​. അവിടെ നിന്ന്​ ബബ്​ൾ ടു ബബ്​ൾ സംവിധാനത്തിലൂടെ ഇന്ത്യ-ഇംഗ്ലണ്ട്​ താരങ്ങൾ യു.എ.ഇയിൽ എത്തും.

കരീബിയൻ പ്രീമിയർ ലീഗ്​ അവസാനിക്കു​േമ്പാൾ വെസ്​റ്റിൻഡീസ്​ താരങ്ങളെയും ഇതേ രീതിയിൽ ഇവിടെ എത്തിക്കാൻ കഴിയും. എന്നാൽ, കരീബിയൻ ലീഗ്​ അവസാനിക്കുന്നത്​ സെപ്​റ്റംബർ 19നാണ്​ എന്ന വെല്ലുവിളിയുമുണ്ട്​.ഫൈനൽ അടക്കം 31 മത്സരങ്ങൾ ഇനി ബാക്കിയുണ്ട്​. മൂന്നാഴ്​ചകൊണ്ട്​ 31 മത്സരങ്ങൾ പൂർത്തിയാക്കാനാണ്​ ലക്ഷ്യം. ദുബൈ, ഷാർജ, അബൂദബി എന്നീ സ്​റ്റേഡിയങ്ങളിലാണ്​ മത്സരം. സെപ്​റ്റംബറിൽ നടന്നില്ലെങ്കിൽ ടൂർണമെൻറ്​ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ഭയവും ബി.സി.സി.ഐക്കുണ്ട്​. അങ്ങനെ സംഭവിച്ചാൽ കോടികളുടെ നഷ്​ടമായിരിക്കും ക്രിക്കറ്റ്​ ബോർഡിനുണ്ടാകുക.

നവംബറിൽ ട്വൻറി20 ലോകകപ്പ്​ യു.എ.ഇയിൽ നടത്താനും ആലോചിക്കുന്നുണ്ട്​. എന്നാൽ, ടൂർണമെൻറ്​ നീട്ടിവെക്കാൻ കഴിയുമോ എന്ന വിഷയം ചൊവ്വാഴ്​ച ചേരുന്ന ഇൻറർനാഷനൽ ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി) യോഗം ചർച്ച ചെയ്യും. നീട്ടിവെച്ചാൽ ഇന്ത്യയിൽ തന്നെ നടത്താനായിരിക്കും ശ്രമിക്കുക. ഒരു തവണ മാറ്റിവെച്ചതാണ്​ ലോകകപ്പ്​. വീണ്ടും മാറ്റേണ്ട എന്നാണ്​ ഐ.സി.സി തീരുമാനം എങ്കിൽ ആദ്യ പരിഗണന യു.എ.ഇക്കായിരിക്കും.

ഐ.പി.എൽ മാറ്റാൻ കാരണം മഴ?

സെപ്റ്റംബറിൽ ഇന്ത്യയിൽ മഴക്കാലമായതിനാലാണ്​ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റുന്നതെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​. ബി.സി.സി.ഐ ​സെക്രട്ടറി ജെയ്​ഷായുടെ പേരിൽ ശനിയാഴ്​ച പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇക്കാര്യം പറയുന്നത്​.

കോവിഡ്​ എന്നൊരു വാക്ക്​ പോലും പ്രസ്​താവനയിൽ ഉൾപ്പെടുത്താതിരിക്കാനും ​ശ്രദ്ധിച്ചിട്ടുണ്ട്​. ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായതിനെ തുടർന്ന്​ പല താരങ്ങളും പിൻവാങ്ങി​യതോടെയാണ്​ കഴിഞ്ഞ മാസം ഐ.പി.എൽ പാതിവഴിയിൽ നിർത്തേണ്ടിവന്നത്​. ആര്​ പിന്മാറിയാലും ടൂർണമെൻറ്​ തുടരുമെന്ന്​ ആദ്യം പറഞ്ഞ ബി.സി.സി.ഐ പിന്നീട്​ തീരുമാനം മാറ്റുകയായിരുന്നു.

സെപ്​റ്റംബറിൽ ഇന്ത്യയിൽ നടത്തിയാലും വിദേശ താരങ്ങൾ എത്താൻ സാധ്യത കുറവായതിനാലാണ്​ യു.എ.ഇയിലേക്ക്​ മാറ്റിയത്​ എന്നതാണ്​ യാഥാർഥ്യം. മത്സരം യു.എ.ഇയിലാണെങ്കിൽ കളിക്കാൻ തയാറാണെന്ന്​ പല താരങ്ങളും അറിയിച്ചിരുന്നു.

Tags:    
News Summary - Welcome back to the IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.