ഐ.പി.എല്ലിന് വീണ്ടും സുസ്വാഗതം
text_fieldsദുബൈ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള ലീഗിന് യു.എ.ഇ മണ്ണിലേക്ക് ഒരിക്കൽ കൂടി സ്വാഗതം. ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിവെച്ച ടൂർണമെൻറാണ് യു.എ.ഇയുടെ ചിറകിലേറി വീണ്ടും ഇമാറാത്തിലെത്തുന്നത്. ഐ.പി.എൽ യു.എ.ഇയിലെത്തുമെന്ന് ഊഹാപോഹമുണ്ടായിരുന്നെങ്കിലും ശനിയാഴ്ചയാണ് ബി.സി.സി.ഐ വൈസ് പ്രസിഡൻറ് രാജീവ് ശുക്ല ഔദ്യോഗികമായി അറിയിച്ചത്. ടൂർണമെൻറ് ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കക്കിടെയാണ് യു.എ.ഇയിലേക്ക് മാറ്റുന്നത്.
സെപ്റ്റംബർ 18നോ 19നോ തുടങ്ങാനാണ് ആലോചന. പ്രേക്ഷകരെ കൂടുതൽ ലഭിക്കുന്ന ദിവസം ഏതാണെന്നത് അനുസരിച്ചായിരിക്കും ടൂർണമെൻറ് തുടങ്ങുന്ന ദിവസവും ഫൈനലും തീരുമാനിക്കുക. ഒക്ടോബർ ഒമ്പതിനോ പത്തിനോ ആണ് ഫൈനൽ ആലോചിക്കുന്നത്. യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസണും ആരംഭിച്ചത് സെപ്റ്റംബർ 19നായിരുന്നു.അതേസമയം, ഗാലറിയിൽ കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. നിലവിൽ യു.എ.ഇയിൽ കായിക മത്സരങ്ങളിൽ 2500 പേരെ വരെ അനുവദിക്കാം. കഴിഞ്ഞദിവസം നടന്ന പ്രസിഡൻഷ്യൽ കപ്പ് ഫുട്ബാളിൽ 30 ശതമാനം കാണികൾക്ക് പ്രവേശനം നൽകിയിരുന്നു. വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
എന്നാൽ, ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡാണ്. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാണികളെ അനുവദിക്കാൻ സാധ്യത കുറവാണ്. ഇന്ത്യയിൽ സുരക്ഷിതമല്ലെന്ന കാരണം പറഞ്ഞാണ് പല താരങ്ങളും ഐ.പി.എല്ലിൽനിന്ന് പിൻമാറിയത്. ഇവരിൽ പലരും യു.എ.ഇയിൽ കളിക്കാൻ സന്നദ്ധരാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ബയോബബ്ളിൽ സുരക്ഷിതമായി മത്സരം സംഘടിപ്പിച്ചതാണ് താരങ്ങൾക്ക് യു.എ.ഇയിൽ വിശ്വാസം വർധിക്കാൻ കാരണം. ബയോബബ്ളിൽ തന്നെ താരങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും ഉല്ലസിക്കാനും അവസരം ഒരുക്കിയിരുന്നു. ബബ്ൾ ടു ബബ്ൾ സംവിധാനത്തിലൂടെ താരങ്ങളെ ഇവിടെയെത്തിക്കാനാണ് ശ്രമം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം സെപ്റ്റംബർ 14നാണ് അവസാനിക്കുന്നത്. അവിടെ നിന്ന് ബബ്ൾ ടു ബബ്ൾ സംവിധാനത്തിലൂടെ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ യു.എ.ഇയിൽ എത്തും.
കരീബിയൻ പ്രീമിയർ ലീഗ് അവസാനിക്കുേമ്പാൾ വെസ്റ്റിൻഡീസ് താരങ്ങളെയും ഇതേ രീതിയിൽ ഇവിടെ എത്തിക്കാൻ കഴിയും. എന്നാൽ, കരീബിയൻ ലീഗ് അവസാനിക്കുന്നത് സെപ്റ്റംബർ 19നാണ് എന്ന വെല്ലുവിളിയുമുണ്ട്.ഫൈനൽ അടക്കം 31 മത്സരങ്ങൾ ഇനി ബാക്കിയുണ്ട്. മൂന്നാഴ്ചകൊണ്ട് 31 മത്സരങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. ദുബൈ, ഷാർജ, അബൂദബി എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം. സെപ്റ്റംബറിൽ നടന്നില്ലെങ്കിൽ ടൂർണമെൻറ് ഉപേക്ഷിക്കേണ്ടിവരുമോ എന്ന ഭയവും ബി.സി.സി.ഐക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ കോടികളുടെ നഷ്ടമായിരിക്കും ക്രിക്കറ്റ് ബോർഡിനുണ്ടാകുക.
നവംബറിൽ ട്വൻറി20 ലോകകപ്പ് യു.എ.ഇയിൽ നടത്താനും ആലോചിക്കുന്നുണ്ട്. എന്നാൽ, ടൂർണമെൻറ് നീട്ടിവെക്കാൻ കഴിയുമോ എന്ന വിഷയം ചൊവ്വാഴ്ച ചേരുന്ന ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) യോഗം ചർച്ച ചെയ്യും. നീട്ടിവെച്ചാൽ ഇന്ത്യയിൽ തന്നെ നടത്താനായിരിക്കും ശ്രമിക്കുക. ഒരു തവണ മാറ്റിവെച്ചതാണ് ലോകകപ്പ്. വീണ്ടും മാറ്റേണ്ട എന്നാണ് ഐ.സി.സി തീരുമാനം എങ്കിൽ ആദ്യ പരിഗണന യു.എ.ഇക്കായിരിക്കും.
ഐ.പി.എൽ മാറ്റാൻ കാരണം മഴ?
സെപ്റ്റംബറിൽ ഇന്ത്യയിൽ മഴക്കാലമായതിനാലാണ് ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷായുടെ പേരിൽ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
കോവിഡ് എന്നൊരു വാക്ക് പോലും പ്രസ്താവനയിൽ ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനെ തുടർന്ന് പല താരങ്ങളും പിൻവാങ്ങിയതോടെയാണ് കഴിഞ്ഞ മാസം ഐ.പി.എൽ പാതിവഴിയിൽ നിർത്തേണ്ടിവന്നത്. ആര് പിന്മാറിയാലും ടൂർണമെൻറ് തുടരുമെന്ന് ആദ്യം പറഞ്ഞ ബി.സി.സി.ഐ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
സെപ്റ്റംബറിൽ ഇന്ത്യയിൽ നടത്തിയാലും വിദേശ താരങ്ങൾ എത്താൻ സാധ്യത കുറവായതിനാലാണ് യു.എ.ഇയിലേക്ക് മാറ്റിയത് എന്നതാണ് യാഥാർഥ്യം. മത്സരം യു.എ.ഇയിലാണെങ്കിൽ കളിക്കാൻ തയാറാണെന്ന് പല താരങ്ങളും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.