ദുബൈ: നീണ്ട കാത്തിരിപ്പിന് ശേഷം വർഷാവസാന ദിനത്തിൽ യു.എ.ഇയിലെ മിക്കയിടങ്ങളിലും പരക്കെ മഴ. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ പലഭാഗങ്ങളിലായി ഒറ്റപ്പെട്ടതും കനത്തതുമായ മഴ ലഭിച്ചു. വെള്ളിയാഴ്ച പുലർച്ച ആരംഭിച്ച മൂടിക്കെട്ടിയ അന്തരീക്ഷം പകൽ മുഴുവനും മാറ്റമില്ലാതെ നിലനിന്നു. ചിലയിടങ്ങളിൽ മിന്നലോടെയാണ് മഴ ലഭിച്ചത്. കനത്ത മഴ പെയ്തതോടെ പലഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ചില വാദികളിലൂടെ ശക്തമായ നീരൊഴുക്കും ദൃശ്യമായി.
വെള്ളിയാഴ്ച രാവിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ഭാഗങ്ങളിൽ മഴ പ്രവചിച്ച് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ശക്തമായ മഴയും കാറ്റും കാരണം ദൂരക്കാഴ്ച കുറയുമെന്നും പൊടിക്കാറ്റുണ്ടാകുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതീക്ഷിക്കാതെ പുതുവത്സര തലേന്ന് മഴ ലഭിച്ചത് ജനങ്ങൾക്ക് ആഹ്ലാദം പകരുന്ന അനുഭവമായി. ഒരു വർഷത്തിലേറെയായി മഴ ലഭിക്കാത്ത സ്ഥലങ്ങളിലടക്കം ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ പ്രാർഥനയുടെ സമയത്താണ് പലയിടങ്ങളിലും മഴ കനത്തത്.
റാസൽഖൈമ എമിറേറ്റിൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. മലനിരകളിലും അൽ റംസ് ഉൾപ്പെടെ ഉൾഭാഗങ്ങളിൽ നല്ല മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. അൽ നഖീൽ തുടങ്ങിയ പട്ടണ പ്രദേശങ്ങളിൽ ചാറ്റൽ മഴയാണ് ലഭിച്ചത്. ശക്തമായ മഴ പ്രതീതിയിൽ മേഘാവൃതമാണ് അന്തരീക്ഷം. കടൽതീരങ്ങളിലും പർവത നിരകളിലും എത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. അജ്മാനിൽ ഇടിമിന്നലോടെയാണ് ശക്തമായ മഴ പെയ്തത്. രാവിലെ 5.30ഓടെ ആരംഭിച്ച മഴ ഉച്ചവരെ ഇടവിട്ട് തുടർന്നു. മഴ ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ക്ക് കാരണമായെങ്കിലും വെള്ളിയാഴ്ച അവധിയായതിനാല്‍ വാഹനഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. മഴയോടൊപ്പം ശക്തമായ ഇടിവെട്ടും മിന്നലും ഉണ്ടായെങ്കിലും കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഉമ്മുൽഖുവൈനിൽ പല മേഖലയിലും മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ബസാര്‍ മുതല്‍ ഇത്തിഹാദ് റോഡ് അടക്കം മേഖലകളിൽ മഴ ലഭ്യമായി. അവധി ദിവസം ആയതിനാൽ പലസ്ഥലങ്ങളിലും കുട്ടികള്‍ നീറ്റില്‍ കടലാസ് തോണി ഇറക്കിക്കളിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.