ദുബൈ: യു.എ.ഇയിൽ ശൈത്യകാല അവധി ആരംഭിക്കുന്നതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തിരക്കിലമരും. ഈ സാഹചര്യത്തിൽ ദുബൈ എയർപോർട്ടിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ ശ്രദ്ധാപൂർവം യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഡിസംബർ 13നും 31നും ഇടയിൽ 52 ലക്ഷത്തിലധികം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ. ഡിസംബർ 20ന് മാത്രം 2,96,000 യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോകുക. അവധിക്കാലത്തെ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും ഡിസംബർ 20.
ഉത്സവ കാലയളവിൽ പ്രതിദിനം ശരാശരി 2,74,000 ആളുകൾ ദുബൈ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്.
എമിറേറ്റ്സ് യാത്രക്കാർക്ക് ഹോം ചെക്ക്-ഇൻ, നേരത്തേയുള്ള ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാം. മറ്റ് എയർലൈനുകളിൽ യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എത്തരുത്. ബാഗേജ് രണ്ടുതവണ പരിശോധിക്കണം. ലോഹ വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഹാൻഡ് ലഗേജിൽ മാത്രം വെക്കുക, ദ്രാവകം എയറോസോൾ, ജെൽ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കുക. അനുവദനീയമായ പോർട്ടബ്ൾ ഇലക്ട്രോണിക് ഉപകരണങ്ങൾ, പവർ ബാങ്കുകൾ, സ്പെയർ ബാറ്ററികൾ എന്നിവ ചെക്ക്-ഇൻ ലഗേജിൽ ഉൾപ്പെടുത്താതിരിക്കുക, അവ ഹാൻഡ് ലഗേജായി കൊണ്ടുപോകണം.
ആവശ്യമായ യാത്ര രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കുക എയർലൈനിന്റെ നിബന്ധനകളും എയർപോർട്ട് നിയമങ്ങളും കൃത്യമായി മനസ്സിലാക്കുക. 12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. തിരക്ക് കൂടുതലുള്ള സമയങ്ങളിലും യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും ഇതിനായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ദുബൈയിലെ ടെർമിനൽ ഓപറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് എസ്സ അൽ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.