അൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങൾക്ക് ശനിയാഴ്ച മുതൽ ശൈത്യകാല അവധി ആരംഭിക്കുന്നു. വെള്ളിയാഴ്ച അടക്കുന്ന സ്കൂളുകൾ മൂന്നാഴ്ചത്തെ അവധിക്കുശേഷം ജനുവരി രണ്ടിനാണ് തുറക്കുക. അതേസമയം, ഷാർജയിൽ വെള്ളിയാഴ്ച പൊതു അവധിയായതിനാൽ എമിറേറ്റിലെ സ്കൂളുകൾ വ്യാഴാഴ്ച അടച്ചു. ഏഷ്യൻ സ്കൂളുകളിലെ രണ്ടാം പാദമാണ് അവസാനിക്കുന്നത്. അതേസമയം, ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യപാദ ക്ലാസുകളും ഇന്നത്തോടെ അവസാനിക്കും. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ വിദ്യാലയങ്ങൾ സാധാരണ രീതിയിലാണ് ഈ പാദത്തിൽ പ്രവർത്തിച്ചത്.
ഈ പാദത്തിൽ നടക്കാറുള്ള കലാകായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷ പരിപാടികളുമൊക്കെ കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം മൂന്നുവർഷമായി നടന്നിരുന്നില്ല. എന്നാൽ, ഈ പാദത്തിൽ വിദ്യാലയങ്ങൾ പൂർണാർഥത്തിൽ പ്രവർത്തിച്ചിരുന്നു.പഠനത്തോടൊപ്പം കലാകായിക മത്സരങ്ങളുടെയും വിനോദയാത്രകളുടെയും ദിനങ്ങളാണ് കഴിഞ്ഞുപോയത്. 2023 ജനുവരി രണ്ട് മുതലാണ് ഏഷ്യൻ സ്കൂളുകളിൽ മൂന്നാം പാദത്തിന്റെ ആരംഭം. വാർഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളും നടക്കുക ഈ പാദത്തിലാണ്.
ഈ മാസം തുടക്കത്തിൽ രാജ്യത്തിന്റെ ദേശീയദിന അവധി വന്നതിനാൽ വിദ്യാർഥികൾക്ക് ഒരാഴ്ച മാത്രമാണ് ഡിസംബറിൽ പ്രവൃത്തി ദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാൽ പല കുടുംബങ്ങളും ഈ മാസം തുടക്കത്തിൽത്തന്നെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷവും പുതുവർഷാഘോഷവും സ്വദേശത്തുവെച്ച് ആകാമെന്ന സൗകര്യവും അവധിയിലൂടെ ലഭിക്കും. എല്ലാ അവധിക്കാലത്തെയും പോലെ ഉയർന്ന വിമാന നിരക്കാണ് ഈ സമയത്തും വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഈ അവധിക്കാലത്ത് നാട്ടിൽ പോയി വരണമെങ്കിൽ ഒരാൾക്ക് ചുരുങ്ങിയത് 2500 ദിർഹമിന് മുകളിൽ വിമാന ടിക്കറ്റിന് കൊടുക്കണം. ഡിസംബർ അവസാനവും ജനുവരി ആദ്യത്തിലും കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് വൻ നിരക്കാണ് വിവിധ വിമാനങ്ങൾ ഈടാക്കുന്നത്. ഉയർന്ന നിരക്കുകാരണം നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവെച്ചിരിക്കുകയാണ് പല പ്രവാസികളും. അതേസമയം, ക്രിസ്മസിനോടടുത്ത ദിനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് ക്രിസ്മസ് ഓഫർ പ്രഖ്യാപിച്ചത് നേരിയ തോതിൽ ആശ്വാസമാണ്. ദുബൈ, ഷാർജ വിമാനത്താവളത്തിൽനിന്ന് കൊച്ചി, കോഴിക്കോട് വിമാനത്താവളത്തിലേക്ക് 730 ദിർഹം മുതലാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.