ദുബൈ: മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കൂടിക്കാഴ്ച നടത്തി.
വിദ്യാഭ്യാസ യാത്രയിലുടനീളം മികവിനായി പരിശ്രമിച്ച ബിരുദധാരികളുടെ അർപ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും അദ്ദേഹം പ്രശംസിച്ചു. പ്രഫഷനൽ കരിയറിലും മികവിനുള്ള പ്രതിബദ്ധത തുടരാൻ വിദ്യാർഥികളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
നേട്ടങ്ങൾ ഭാവിയിലെ മെഡിക്കൽ പ്രഫഷനലുകളെ പ്രചോദിപ്പിക്കുകയും സംഭാവനകൾ ആരോഗ്യ പരിരക്ഷയുടെ ഭാവി രൂപപ്പെടുത്തുകയും സമൂഹത്തിന്റെ ക്ഷേമം വർധിപ്പിക്കുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. മെഡിസിൻ, ഹെൽത്ത് സയൻസ്, സയന്റിഫിക് റിസർച് എന്നിവയിലെ മികവിന്റെ കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെയും ദുബൈയുടെയും സ്ഥാനം ഉറപ്പിക്കുന്നതിൽ ഈ യൂനിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.