ദുബൈ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത വാർത്തകളുടെ ഞെട്ടലിൽ പ്രവാസ ലോകവും. ചൊവ്വാഴ്ച പുലർച്ച മുതൽ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പുറത്തുവന്ന വിവരങ്ങൾ അറിഞ്ഞുകൊണ്ടാണ് മിക്കവരും ഉറക്കിൽനിന്ന് എഴുന്നേറ്റത്.
വയനാട് നിവാസികളായ പ്രവാസികൾ തങ്ങളുടെ കുടുംബത്തെക്കുറിച്ച് ആശങ്കയിലായിരുന്നു. ദുരന്തമുണ്ടായ മേപ്പാടി മേഖലയിൽ നിന്നുള്ള നിരവധി പ്രവാസികൾ യു.എ.ഇയിലുണ്ട്. പലരുടെയും സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കുറയാൻ വേണ്ടിയുള്ള പ്രാർഥനക്കൊപ്പം അടിയന്തരമായി ആവശ്യമായ സഹായമെത്തിക്കുന്നതിനെ പിന്തുണക്കാനും സമൂഹമൊന്നടങ്കം സന്നദ്ധരാണ്. യു.എ.ഇയിലെ വിവിധ സംഘടനകൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയും പാർട്ടിയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങൾക്ക് പ്രവാസലോകത്തു നിന്നുള്ള പിന്തുണ ഉറപ്പുനൽകുകയും ചെയ്തതായി യു.എ.ഇ കെ.എം.സി.സി പ്രസ്താവനയിൽ അറിയിച്ചു. സഹപ്രവർത്തകരും സംസ്ഥാന, ജില്ല കെ.എം.സി.സി ഭാരവാഹികളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം നാഷനൽ കമ്മിറ്റിയുടെ രക്ഷാപ്രവർത്തന -പുനരധിവാസ പദ്ധതി പ്രഖ്യാപിക്കും.
വയനാട്ടുകാർക്ക് സംഭവിച്ച ദുരന്തത്തെ ഒത്തൊരുമിച്ചും കൈകോർത്തും തരണം ചെയ്യണം. നാടാകെ വയനാടിനൊപ്പം നിൽക്കുന്ന ഈ സമയത്ത് യു.എ.ഇ കെ.എം.സി.സിയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ദുരിതഭൂമിയിലുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ സ്റ്റേറ്റ് കമ്മിറ്റികളും വ്യാപൃതരാവണമെന്നും ഇൻകാസ് യു.എ.ഇ പ്രസ്താവനയിൽ പറഞ്ഞു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ.ടി.എ മുനീറിനെ ഗ്ലോബൽ ചെയർമാൻ ശങ്കരൻ പിള്ള നിയോഗിച്ചതായും ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ അറിയിച്ചു. തുല്യതയില്ലാത്ത പ്രകൃതിദുരന്തത്തിൽ സ്തംഭിച്ചുനിൽക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും സഹായിക്കാനും മുന്നിട്ടിറങ്ങണമെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ദുരന്തം ദു$ഖകരമെന്ന് എസ്.എന്‍.ഡി.പി (സേവനം) യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പ്രകൃതിദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച കമ്മിറ്റി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേഗത്തില്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു.
വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും പ്രവാസി ഇന്ത്യ യു.എ.ഇ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തി. പ്രവാസി ഇന്ത്യ യു.എ.ഇ അസോസിയേഷൻ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.
പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധരാണ്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധരാണ്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും ശക്തിയും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഈ വേളയിൽ നമ്മുടെ സമൂഹത്തിന്റെ കരുത്തും ഐക്യവും വീണ്ടും തെളിയിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു -പ്രസ്താവനയിൽ പറഞ്ഞു.
വയനാടിന് സമാശ്വാസമേകാൻ അബൂദബി കെ.എം.സി.സി പദ്ധതി ആവിഷ്കരിക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. സർവതും നഷ്ടപ്പെട്ടവർക്ക് വേണ്ടത് പുനരധിവാസമാണ്. കഴിഞ്ഞ പ്രളയക്കാലങ്ങളിൽ പ്രവാസ സമൂഹം കൈകോർത്തിട്ടുണ്ട്. അതിനെക്കാൾ കാര്യക്ഷമതയോടെ കാരുണ്യം ഒഴുകേണ്ടതുണ്ടെന്നും അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യൂസുഫ് സി.എച്ച്, ട്രഷറർ പി.കെ. അഹമ്മദ് എന്നിവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.