അബൂദബി: ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. കായികവേദികള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ മികച്ച രൂപകല്‍പനകള്‍ക്ക് അംഗീകാരം നല്‍കാന്‍ യുനസ്‌കോ ആരംഭിച്ച പ്രി വെര്‍സൈയ്ല്‍സ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്.
പാരിസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യു.എ.ഇയുടെ 53ാമത് ദേശീയദിനാഘോഷ വേളയിലാണ് പുരസ്‌കാരമെന്നത് ഇരട്ടിമധുരമായി. യു.എ.ഇയുടെ സംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകള്‍ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിന്‍റെ രൂപകല്‍പനയും നിര്‍മാണവും നടത്തിയത്. 7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും.
2025ല്‍ ലോകത്താദ്യമായി ഒമ്പത് ബയോമെട്രിക് ടച്ച് പോയന്‍റുകള്‍ വിമാനത്താവളത്തില്‍ ആരംഭിക്കുന്നതോടെ 4.5 കോടി യാത്രികര്‍ക്ക് ഒരുവര്‍ഷം ഈ വിമാനത്താവളം വഴി സഞ്ചരിക്കാനാവും.
അബൂദബി എയര്‍പോര്‍ട്ട്‌സിന് ഇത് അഭിമാന നിമിഷമാണെന്ന് പുരസ്‌കാരനേട്ടത്തില്‍ അബൂദബി എയര്‍പോര്‍ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ എലിന സോര്‍ലിനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.