കുരങ്ങുപനിക്ക് കാരണം കോവിഡ് വാക്സിനിലെ 'ചിമ്പാൻസി വൈറസ്'; വിശ്വസിക്കേണ്ടന്ന് വിദഗ്ധർ

ലണ്ടൻ: ഏതെങ്കിലും പകർച്ചവ്യാധിയെ കുറിച്ചുള്ള വാർത്തകൾ വന്നുതുടങ്ങേണ്ട താമസം, അതിനേക്കാൾ വേഗത്തിൽ പടരും ആ രോഗ​ത്തെ കുറിച്ചുള്ള വ്യാജകഥകൾ. കോവിഡ് വ്യാപനകാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് അത്തരം നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുരങ്ങുപനിയാണ് സമൂഹ മാധ്യമങ്ങളിലെ താരം. അതിൽ തന്നെ കുരങ്ങുപനിയെ കോവിഡുമായി ബന്ധപ്പെടുത്തിയുള്ള തെറ്റായ വാർത്തകൾ വല്ലാതെ പ്രചരിക്കുന്നുമുണ്ട്.

വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപകമാകുന്നതിന് കാരണം കോവിഡ് വാക്‌സിനുകളാണെന്ന പ്രചാരണമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു 'ചിമ്പാന്‍സി വൈറസ്' കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നതെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനെക വാക്‌സിനുകളില്‍ (ഇന്ത്യയിൽ കോവിഷീൽഡ് എന്ന ലേബലിൽ ലഭിക്കുന്നത്) ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം.

ചിമ്പാന്‍സികളില്‍ ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്‌സിനില്‍ ഉപയോഗിക്കുന്നുണ്ടെന്നത് ശരിയാണ്. ഇതിനെയാണ് ചിലർ കുരങ്ങുപനിക്ക് കാരണമാകുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും അതിൽ കഴമ്പില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ആസ്ട്രാസെനൈക വാക്‌സിനില്‍ ഉപയോഗിക്കുന്ന വെക്ടർ വൈറസ് മനുഷ്യരില്‍ ഒരു തരത്തിലും പ്രവര്‍ത്തിക്കില്ലെന്നും ദോഷമുണ്ടാക്കില്ലെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിദഗ്ധർ വ്യക്‍തമാക്കുന്നത്. നീണ്ട കാലത്തെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ഇതിന്‍റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വാക്സിന്‍ നിർമാണത്തിന് ഏറ്റവും അനുയോജ്യമായത് എന്ന നിലയിലാണ് ഇത്തരം വൈറസുകള്‍ വാക്‌സിന്‍ നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ആസ്ട്രാസെനെകയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതില്‍ യാതൊരു ആശങ്കയും വേണ്ടതില്ലെന്നും പ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് വാക്‌സിന്‍ ഉപകാരപ്രദമാണെന്നും ഗവേഷകർ പറയുന്നു. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ പനി, ശരീരവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ കാണുന്നത് സാധാരണഗതിയിലുള്ള പാർശ്വഫലങ്ങള്‍ മാത്രമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Tags:    
News Summary - Covid vaccines linked to monkeypox outbreak by conspiracy theorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.