അർബുദ ബാധിതനായിക്കഴിഞ്ഞാൽ ഇനിയൊരു ജീവിതമില്ല എന്നു ചിന്തിച്ചിരുന്ന കാലത്തുനിന്നും മറ്റേതൊരു രോഗവുംപോലെ അർബുദവും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണ് എന്ന ചിന്തയിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ അർബുദ ചികിത്സയിലുണ്ടായ പുരോഗതി എന്ന് ഒറ്റവാക്കിൽ വിലയിരുത്താം. രോഗനിർണയത്തിനുള്ള സംവിധാനങ്ങൾ മുതൽ ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും ഈ വ്യക്തമായ മാറ്റം പ്രകടമാണ്.
പുതിയ കാഴ്ചപ്പാടുകൾ
അർബുദത്തെ ഒറ്റരോഗമായി കണ്ട് ഒരു ഡോക്ടർമാത്രം ചികിത്സിക്കുന്ന രീതിയിൽനിന്നുള്ള മാറ്റമാണ് അർബുദ രോഗചികിത്സാരംഗത്ത് സംഭവിച്ചിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പരിവർത്തനം. രോഗത്തിെൻറ അവസ്ഥക്കും, ബാധിച്ചിരിക്കുന്ന അവയവത്തിനും അനുസരിച്ച് വിവിധ സ്പെഷാലിറ്റിയിലെ വിദഗ്ധരും അർബുദരോഗ വിദഗ്ധരും ഒരുമിച്ചുചേർന്ന് ചികിത്സ നിർവഹിക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.
മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി തുടങ്ങിയ പൊതുവായ അർബുദ ചികിത്സാവിഭാഗങ്ങളോടൊപ്പം ഹെമറ്റോ ഓങ്കോളജി, ബ്രസ്റ്റ് ഓങ്കോളജി ക്ലിനിക്, ഗ്യാസ്േട്രാ ഇൻറസ്റ്റൈനൽ ഓങ്കോളജി ക്ലിനിക്, ഗൈനക്ക് ഓങ്കോളജി ക്ലിനിക്, ഹെഡ് നെക്ക് ഓങ്കോ ക്ലിനിക്, തൊറാസിക് ഓങ്കോളജി ക്ലിനിക്, െബ്രയിൻ ട്യൂമർ ക്ലിനിക്, സോഫ്റ്റ് ടിഷ്യു ക്ലിനിക്, സ്പൈൻ ഓങ്കോളജി ക്ലിനിക്, ബോൺമാരോ ട്രാൻസ്പ്ലാൻറ് യൂനിറ്റ് എന്നിവ കൂടി സമന്വയിക്കുമ്പോഴാണ് സമ്പൂർണ കാൻസർ ചികിത്സ യാഥാർഥ്യമാവുകയുള്ളൂ.
ഇത്രയേറെ ചികിത്സ വിഭാഗങ്ങളുടെ സേവനം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നത് ദുഷ്കരമായ കാര്യമാണ്. ഒരു സ്വതന്ത്ര കാൻസർ ചികിത്സ സെൻററിൽ നിന്നും വ്യത്യസ്തമായി ഓങ്കോളജി വിഭാഗമുള്ള മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലുകളിൽ ഇത്തരം സംവിധാനങ്ങളെ സമന്വയിപ്പിക്കുക എന്നതാണ് കൂടുതൽ പ്രാവർത്തികമായിട്ടുള്ളത്.
പുതിയ ചികിത്സസംവിധാനങ്ങൾ
കാലം മാറി എന്നതും കാലത്തിനൊപ്പംതന്നെ കാൻസർ ചികിത്സയും മാറി എന്നതും യാഥാർഥ്യമാണ്. മുൻകാലത്ത് ചിന്തിക്കാൻപോലും സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് അർബുദ ചികിത്സാരംഗത്ത് സംഭവിച്ചിരിക്കുന്നത്. ലോകത്ത് സംഭവിക്കുന്ന ഏറ്റവും നൂതനവും മികച്ചതുമായ ചികിത്സ സംവിധാനങ്ങളെ നമ്മുടെ നാട്ടിലെ രോഗികൾക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ അതിജീവിക്കുക എന്നതാണ് നമുക്ക് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം.
ട്രൂബീം എസ് ടി എക്സ് സംവിധാനമാണ് ഇതിൽ ഏറ്റവും നൂതനമായത്. റേഡിയേഷൻ ചികിത്സ രംഗത്ത് ഇതു വലിയ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇതിനു പുറമെ പഴയകാലത്തേതിൽ നിന്ന് വ്യത്യസ്തമായി രോഗത്തിെൻറ കൃത്യമായ സ്ഥാനം തിരിച്ചറിഞ്ഞ് അസുഖബാധിതമായ കോശങ്ങൾക്കും കലകൾക്കും മാത്രമായി കീമോതെറപ്പി നിർവഹിക്കാൻ സാധിക്കുന്ന സംവിധാനങ്ങളും നിലവിലുണ്ട്. ബോൺമാരോ ട്രാൻസ്പ്ലാൻറ്, ഹോർമോണൽ തെറപ്പി, ഇമ്യൂണോതെറപ്പി, ജീൻ തെറപ്പി, സ്റ്റെംസെൽ ചികിത്സ, ന്യൂക്ലിയർ മെഡിസിൻ തുടങ്ങി അനേകം മേഖലകളിലൂടെയാണ് ഫലപ്രദമായ കാൻസർ ചികിത്സ പുരോഗമിക്കുന്നത്.
ചികിത്സ എങ്ങനെ ഫലപ്രദമാക്കാം?
അർബുദ രോഗചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ടകാര്യം ഡോക്ടർ നിർദേശിക്കുന്ന ചികിത്സ കൃത്യമായി പിന്തുടരുക എന്നതാണ്. ചികിത്സ ആരംഭിച്ചശേഷം മറ്റു പലരുടെയും അഭിപ്രായങ്ങളും മറ്റും പരിഗണിച്ച് ഒറ്റമൂലി പോലുള്ള ചികിത്സകൾക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. ശാസ്ത്രീയമല്ലാത്ത ചികിത്സരീതികൾ പിന്തുടരുന്ന രീതി നിർബന്ധമായും ഒഴിവാക്കപ്പെടേണ്ടതാണ്.
ചികിത്സ നടത്തുവാനുള്ള ആശുപത്രി തിരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധപുലർത്തണം. അർബുദ ചികിത്സ വിഭാഗവും ഈ ലേഖനത്തിെൻറ പ്രാരംഭഘട്ടത്തിൽ സൂചിപ്പിച്ചിരിക്കുന്ന അനുബന്ധ ചികിത്സ വിഭാഗങ്ങളും നൂതനമായ ചികിത്സ സൗകര്യങ്ങളുമുള്ള ആശുപത്രികൾ തന്നെ തിരഞ്ഞെടുക്കണം.
ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ കഴിക്കരുത്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും മറ്റു ചികിത്സ രീതികഉും മാത്രമേ പിന്തുടരുവാൻ പാടുള്ളൂ. ചികിത്സയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ ബന്ധപ്പെട്ട് സംശയനിവൃത്തി വരുത്തണം.
(കോഴിക്കോട് ആസ്റ്റർ മിംസ് ഓങ്കോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഹെഡാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.