representational image 

ആഫ്രിക്കൻ പന്നിപ്പനി അതിജാഗ്രത

ചേർപ്പ്: ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ അതിജാഗ്രതയുമായി ജില്ല. ചേർപ്പ് എട്ടുമുനയിൽ രണ്ടുഫാമിലെ 208 പന്നികൾക്ക് പിന്നാലെ അതിരപ്പിള്ളിയിൽ ചൊവ്വാഴ്ച രാത്രി 64 എണ്ണത്തെകൂടി ദയാവധത്തിന് വിധേയമാക്കിയതോടെ അധികൃതർ കൂടുതൽ നടപടിയുമായി രംഗത്തുവന്നു. അതിരപ്പിള്ളിയിൽ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയാകെ കനത്ത പരിശോധനയും നടപടിയുമാണ് എടുക്കുന്നത്.

മൂന്ന് ആഴ്ചക്കുള്ളിൽ 105 പന്നികളാണ് നേരത്തേ ചേർപ്പിൽ ഒരുഫാമിൽ ചത്തത്. പന്നികൾ കൂട്ടത്തോടെ ചത്ത ഫാമിന് ഒരു കി.മീ. ചുറ്റളവിലുള്ള 177 പന്നികളെയാണ് കഴിഞ്ഞ ദിവസം കൊന്നത്. ചേർപ്പിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒമ്പത് കി.മീ. ചുറ്റളവിൽ രണ്ട് ഫാമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

അവിണിശ്ശേരി, പാറളം പഞ്ചായത്തുകളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. അവിണിശ്ശേരിയിൽ പത്തും പാറളം പഞ്ചായത്തിൽ ആറും പന്നികളാണ് ഉള്ളത്. ഇവയെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ അതിരപ്പിള്ളിയിൽ ഉണ്ടായ രോഗബാധ, കൂടുതൽ കടുത്ത നടപടികളിലേക്കാണ് അധികൃതരെ നയിക്കുന്നത്.

ജില്ലയിലാകെ നിരീക്ഷണം

തൃശൂർ: പന്നിപ്പനി കൂടിയതോടെ ജില്ലയാകെ നിരീക്ഷണം ശക്തമാക്കി. പന്നിഫാമുകൾക്ക് ചുറ്റുമുള്ള ഒരു കി.മീ. പ്രദേശം രോഗബാധിത പ്രദേശമായും 10 കി.മീ. ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു.

ചേർപ്പ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പുതുക്കാട്, നെന്മണിക്കര, താന്ന്യം, അവിണിശ്ശേരി, പാറളം, കാറളം, അരിമ്പൂർ, മുരിയാട്, അളഗപ്പനഗർ, പുത്തൂർ, പറപ്പൂക്കര, കാട്ടൂർ, നടത്തറ, വല്ലച്ചിറ, വാടാനപ്പള്ളി, ചാഴൂർ, തൃക്കൂർ, മാടക്കത്തറ, അന്തിക്കാട്, പടിയൂർ, ആളൂർ, തൃശൂർ കോർപറേഷൻ, വരന്തരപ്പള്ളി, കയ്പമംഗലം, മറ്റത്തൂർ, പെരിഞ്ഞനം, വലപ്പാട്, തളിക്കുളം, എളവള്ളി, മണലൂർ, എടത്തിരുത്തി തദ്ദേശ സ്ഥാപന പരിധി നേരത്തേതന്നെ നിരീക്ഷണത്തിലാണ്.

അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, മറ്റത്തൂർ, മേലൂർ, കൊരട്ടി തുടങ്ങിയ പഞ്ചായത്തുകളെകൂടി നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പന്നിമാംസം, തീറ്റ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചു

തൃശൂർ: രോഗബാധ കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കി.മീ. ചുറ്റളവില്‍ പന്നികള്‍, പന്നിമാംസം, പന്നിത്തീറ്റ എന്നിവ വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമുണ്ട്.

പന്നി, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കണം.

പന്നിമാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിന് സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശനമാർഗങ്ങളിലും പൊലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തും.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തൃശൂർ: പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കൈകാര്യം ചെയ്യുന്നതിനോ പന്നിമാംസം ഉപയോഗിക്കുന്നതിനോ ഭയപ്പെടേണ്ടതില്ലെന്നും ജനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. ഇത് പന്നികളെ മാത്രം ബാധിക്കുന്ന വൈറസ് രോഗബാധയാണ്. മനുഷ്യരെയോ മറ്റ് പക്ഷിമൃഗാദികളെയോ വൈറസ് ബാധിക്കുകയില്ല.

Tags:    
News Summary - African swine fever alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.