ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്ന സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടറെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി. സംഭവം അന്വേഷിക്കാൻ ഡി.എം.ഒ ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷീജയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച താലൂക്ക് ആശുപത്രിയിലെത്തി.
ആശുപത്രി അധികൃതരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് കുട്ടിക്ക് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിച്ച ഡോക്ടറെയും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ഡപ്യൂട്ടി ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന് റിപ്പോര്‍ട്ട് ഡി.എം.ഒക്ക് സമര്‍പ്പിക്കുന്ന മുറക്ക് സംഭവത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന. വ്യാഴാഴ്ച കുട്ടിക്ക് കുത്തിവെപ്പെടുത്ത പുരുഷ നഴ്സിനെ മാറ്റി നിർത്തിയിരുന്നു.
അതിനിടെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തി സൂപ്രണ്ടിനെയും ഡെപ്യൂട്ടി ഡി.എം.ഒ.യെയും കണ്ട് ആരോപണവിധേയയായ ഡോക്ടറെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യമുന്നയിച്ചു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെതുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആര്. ഇബ്രാഹിം, ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി, ജില്ല സെക്രട്ടറി ഷജീര്‍ പുന്ന, നേതാക്കളായ എം.സി. ഗഫൂര്‍, റാഫി അണ്ടത്തോട്, ആരിഫ് പാലയൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്.
വിദ്യാർഥിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും സര്‍ക്കാര്‍ തലത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയാണ് ഇടതുകാലിലെ കടുത്ത വേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സ്ഥിതിയിലായത്.
കഴിഞ്ഞ ഒന്നിന് വൈകീട്ട് ആറോടെയാണ് തലവേദനയെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹിബ മകനുമായി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. പരിശോധിച്ച ഡോക്ടറെ ഒന്നാം പ്രതിയായും കുത്തിവെപ്പെടുത്ത പുരുഷ നഴ്സിനെ രണ്ടാം പ്രതിയായും നേരത്തെ ചാവക്കാട് പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂര്‍ എ.സി.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.