കോവിഷീൽഡും കോവാക്സിനും ഇടകലർത്തി നൽകാമോ? െഎ.സി.എം.ആറിന്‍റെ പുതിയ കണ്ടെത്തൽ ഇങ്ങനെ

വ്യത്യസ്ത വാക്സിനുകൾ ഇടകലർത്തി നൽകിയാൽ എന്തു സംഭവിക്കുമെന്നത് കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ച സമയം മുതൽക്കേ കേൾക്കുന്ന ചോദ്യമാണ്. ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കാത്തതിനാൽ ഒരേ വാക്സിൻ തന്നെ സ്വീകരിക്കുകയാണ് നല്ലതെന്നായിരുന്നു വിദഗ്ധ നിർദേശം. പലയിടത്തും രണ്ടാം ഡോസ് വാക്സിൻ മാറി നൽകിയതായ വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പുതിയ റിപ്പോർട്ടിൽ പറയുന്നത് കോവിഷീൽഡും കോവാക്സിനും ഇടകലർത്തി നൽകുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ്.

കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ യു.പിയിൽ നടത്തിയ പഠനത്തിലാണ് വാക്സിൻ മിക്സിങ് കൂടുതൽ ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. അഡിനോവൈറസ് വെക്ടർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും പിന്നാലെ വാക്സിനെ നിർവീര്യമാക്കി നിർമിക്കുന്ന വാക്സിനും സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല വൈറസിന്‍റെ വകഭേദങ്ങൾക്കെതിരെ കൂടുതൽ പ്രതിരോധം നൽകുമെന്നും ഐ.സി.എം.ആർ പറയുന്നു.

മേയ് മാസത്തിൽ യു.പിയിലെ സിദ്ധാർത്ഥ് നഗറിലെ 18 ഗ്രാമീണർക്ക് അബദ്ധത്തിൽ വാക്സിൻ മാറി കുത്തിവെച്ചിരുന്നു. ഇവർക്ക് ആദ്യം കോവിഷീൽഡും രണ്ടാംഡോസായി കോവാക്സിനുമാണ് കുത്തിവെച്ചത്. തുടർന്ന്, ഇവരിൽ ഉൽപ്പാദിപ്പിക്കപ്പെട്ട രോഗപ്രതിരോധ ശേഷിയെ കുറിച്ച് പുനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠിക്കുകയായിരുന്നു.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ചില വാക്സിനുകളുടെ ക്ഷാമം നേരിടുന്നത് വാക്സിനേഷനെ ബാധിക്കുന്നത് ഒഴിവാക്കാനും കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കാനും കണ്ടെത്തൽ സഹായകരമാകുമെന്നാണ് നിഗമനം. അതേസമയം, പഠനറിപ്പോർട്ട് ഐ.സി.എം.ആർ ഇനിയും അവലോകനം ചെയ്തിട്ടില്ല.

വാക്സിൻ മിക്സിങ്ങിന് ഔദ്യോഗിക നിർദേശമില്ലാത്തതിനാൽ രണ്ട് വാക്സിനുകൾ സ്വീകരിക്കരുതെന്ന് തന്നെയാണ് നിലവിലെ നിർദേശം.

വിശദമായ പഠനം നടക്കാത്തതിനാൽ വാക്സിൻ മിക്സിങ് അപകടകരമായ പ്രവണതയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ജൂലൈയിൽ അഭിപ്രായപ്പെട്ടത്. 

Tags:    
News Summary - Can Covishield, Covaxin be mixed-matched for better results? What ICMR says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.