കോഴിക്കോട്: റോഡിൽ ബാരിക്കേഡുകൾ വെച്ച് ആളുകളെയും വാഹനങ്ങളും തിരിച്ചയക്കുന്ന പൊലീസ്, അടഞ്ഞുകിടക്കുന്ന കടകൾ, വിജനമായ കവലകളും റോഡുകളും, മുന്നറിയിപ്പുമായി ഓടുന്ന അനൗൺസ്മെന്റ് വാഹനങ്ങൾ.... ജനജീവിതം ഏറക്കുറെ സ്തംഭിച്ച അവസ്ഥയിലാണ് കുറ്റ്യാടിയും പരിസര പ്രദേശങ്ങളും. മരുതോങ്കര, ആയഞ്ചേരി എന്നിവിടങ്ങളിൽ നിപ സ്ഥിരീകരിച്ചതോടെയാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. വരും ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടങ്ങളിലുള്ള ആളുകൾ പുറത്തുപോവുന്നതും പുറത്തുനിന്നുള്ളവർ അകത്തേക്ക് പ്രവേശിക്കുന്നതും കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. കണ്ടെയിൻമെന്റ് സോണുകളിലേക്ക് കടക്കുന്ന വാഹനങ്ങളുടെ നമ്പർ പൊലീസ് പ്രത്യേകം ശേഖരിക്കുന്നുണ്ട്. മേഖലയിൽ ഗതാഗതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്. ഇവയിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ളവ അഞ്ചു മണിയോടെ പൊലീസ് അടപ്പിക്കും. ഈ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ആശുപത്രികളും വിജനമാണ്.
പല ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗം സ്ഥിരീകരിക്കപ്പട്ടവർ ചികിത്സതേടിയിരുന്നു എന്നതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പതു വയസ്സുകാരൻ ചികിത്സതേടിയ കുറ്റ്യാടി അടുക്കത്ത് അമാൻ ആശുപത്രി ഇന്നലെ പൂർണമായും വിജനമായിരുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടറും നഴ്സും മറ്റ് ജീവനക്കാരും അടക്കം 15 പേർ ആശുപത്രിയിൽ ക്വാറന്റീനിലാണ്. പ്രദേശത്ത് പരിശോധനക്ക് എത്തിയ ജില്ല ആരോഗ്യവകുപ്പ് സംഘം ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിപ സ്ഥിരീകരിച്ച കുട്ടി ഈ മാസം ആറിനും ഒമ്പതിനും ആശുപത്രിയിൽ ചികിത്സക്കെത്തിയിരുന്നു.
കുട്ടിയുടെ സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപനം സംബന്ധിച്ച അറിയിപ്പ് വൈകിയതും ജനങ്ങളെ പ്രതിസന്ധിയിലാക്കി. ഇന്നലെ രാവിലെയാണ് ഭൂരിഭാഗം പേരും വിവരം അറിഞ്ഞത്. അതിനാൽതന്നെ അതിരാവിലെ പരീക്ഷക്കും മറ്റും പുറത്തുപോയ വിദ്യാർഥികൾ അടക്കുള്ളവർ തിരിച്ചുവരാൻ വാഹനങ്ങൾ ലഭിക്കാതെ കുടുങ്ങി. ബസുകൾ കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്തുനിർത്തി തിരിച്ചുപോവണം.
യാത്ര തുടരുന്നവ ഈ മേഖലയിൽ എവിടെയും നിർത്താൻ പാടില്ല. അതിനാൽ പുറത്തുനിന്നു വരുന്നവർ ബാരിക്കേഡിന് പുറത്ത് വാഹനങ്ങൾ ഇറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് നടക്കുകയായിരുന്നു. 2018ലേതിനും കോവിഡ് ലോക് ഡൗണിനും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ആയഞ്ചേരി, മരുതോങ്കര ഗ്രാമപഞ്ചായത്തുകളിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മരണവീട് സന്ദർശിച്ചു
കോഴിക്കോട്: നിപ ബാധയെത്തുടർന്ന് ആയഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മരിച്ചയാളുടെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ബിന്ദു, ഡോ. രജസി, ഡോ. കെ.വി. അമൃത, ഡോ. സാജൻ എന്നിവരടങ്ങുന്ന സംഘമാണ് മരണവീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചത്. വീട്ടിൽനിന്നും പരിസരത്ത് നിന്നുമായി വവ്വാലുകൾ കടിച്ച അടക്കകളും മറ്റു പഴവർഗങ്ങളും സംഘം ശേഖരിച്ചു. വവ്വാലുകൾ കടിച്ച പഴങ്ങൾ, അടക്കകൾ തുടങ്ങിയവ സ്പർശിച്ചാൽ കൈകൾ ഉടൻ സോപ്പിട്ട് കഴുകണമെന്നും അവർ നിർദേശിച്ചു. പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 2, 3, 13, 14 വാർഡുകളിലെ വീടുകളിൽ കയറിയുള്ള സർവേ ആരംഭിച്ചു.
റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് അധികൃതർ പുറത്തുവിട്ടു. മരിച്ച മുഹമ്മദലിക്ക് ആഗസ്റ്റ് 22നാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ആഗസ്റ്റ് 23ന് വൈകീട്ട് 7.30നും 10നും ഇടയിൽ തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 24ന് വീട്ടിൽ തിരിച്ചെത്തി. പിറ്റേന്ന് രാവിലെ 10.30നും 12.30നും ഇടയിൽ മുള്ളംകുന്ന് ഗ്രാമീൺ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12.30നും 1.30നും ഇടക്ക് കള്ളാട് ജുമാമസ്ജിദ് സന്ദർശിച്ചു. ആഗസ്റ്റ് 26ന് രാവിലെ 11 മുതൽ 1.30 വരെ കുറ്റ്യാടി ഷേഡ് മെഡിക്കൽ സെന്ററിൽ എത്തി. ആഗസ്റ്റ് 28ന് രാത്രി 9.30 മുതൽ 29ന് പുലർച്ച 12.30 വരെ തൊട്ടിൽപാലം റഹ്മ ആശുപത്രിയിലും ആഗസ്റ്റ് 29ന് പുലർച്ച 2.30 മുതൽ 4.15 വരെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലും പ്രവേശിപ്പിച്ചു. 4.15ന് എം.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. മരിച്ച ഹാരിസിന് സെപ്റ്റംബർ അഞ്ചിന് രോഗലക്ഷണങ്ങൾ കണ്ടു. അന്നു മുതൽ സെപ്റ്റംബർ ഏഴിന് ഉച്ചവരെ ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അന്ന് ഉച്ചക്ക് റൂബിയാൻ സൂപ്പർ മാർക്കറ്റിൽ എത്തി. സെപ്റ്റംബർ എട്ടിന് രാവിലെ 10.15നും 10.45നും ഇടയിൽ ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. അന്ന് ഉച്ചക്ക് 12നും ഒന്നിനും ഇടയിൽ തട്ടങ്കോട് മസ്ജിദ് സന്ദർശിച്ചു. ഇതേ ദിവസം ഉച്ചക്കുശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിലും എത്തി. സെപ്റ്റംബർ ഒമ്പതിന് രാവിലെ 10നും 12നും ഇടയിലും സെപ്റ്റംബർ 10ന് രാവിലെ 10.30നും 11നും ഇടയിലും വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തി. അന്ന് ഉച്ചക്ക് 12നും മൂന്നിനും ഇടയിൽ വടകര ജില്ല ആശുപത്രി സന്ദർശിച്ചു. 11ന് രാവിലെ എട്ടിന് ഡോ. ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തിയ അദ്ദേഹം അന്ന് രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിൽ വടകര കോഓപറേറ്റിവ് ആശുപത്രിയിലെത്തി. അന്ന് രാത്രി ഏഴു മണിക്ക് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ മരണം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.