തൊടുപുഴ: കോവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്ര പഠനത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്. കോവിഡാനന്തരം പലർക്കും മുമ്പില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി പ്രകടമാകുന്നതിനെത്തുടർന്നാണ് ഇവക്ക് കോവിഡുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്താനുള്ള തീരുമാനം. ഇതിനായി നിലവിലുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വഴി വിവര ശേഖരണം ആരംഭിച്ചു.
കേരളീയർക്കിടയിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ കോവിഡിന് മുമ്പും ശേഷവുമായി വേർതിരിക്കുമ്പോൾ അവഗണിക്കാനാവാത്ത ചില വസ്തുതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. ജീവിതശൈലി രോഗം ബാധിച്ച പലർക്കും കോവിഡ് വന്നുപോയ ശേഷം ആരോഗ്യാവസ്ഥ കൂടുതൽ മോശമായിട്ടുണ്ട്. എന്നാൽ, ജീവിതശൈലി രോഗികളുടെ എണ്ണം വർധിക്കാൻ കോവിഡ് കാരണമായിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണത്തിൽ കാണുന്ന നേരിയ വർധനക്ക് കോവിഡുമായി ബന്ധമുണ്ടോ എന്ന് വിശദ പഠനത്തിന് ശേഷമേ വ്യക്തമാകൂ. കോവിഡിൽനിന്ന് മുക്തരായവരിൽ പ്രധാനമായും കണ്ടുവരുന്നത് ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. വിട്ടുമാറാത്ത ചുമ, ഹൃദയസംബന്ധമായ രോഗങ്ങൾ, പനി, ക്ഷീണം, പേശീവേദന, സന്ധിവേദന, നടുവേദന, മറവി, ഉറക്കക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങളും കോവിഡ് മുക്തരിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് കാര്യമായി പ്രകടമാകുന്നത്. ഭൂരിഭാഗം പേരിലും കോവിഡ് വന്നുപോയി ആറ് മാസത്തിന് ശേഷമാണ് ഇത്തരം രോഗങ്ങൾ പ്രകടമാകുന്നത്.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തുന്നവരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രീയ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ വൈറസ് എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഇനിയും പൂർണമായി മനസ്സിലാക്കാനായിട്ടില്ല. ഈ കാര്യങ്ങൾകൂടി കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാകും പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.