ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) നേതൃത്വത്തിൽ അന്താരാഷ്ട്ര ഫാർമസിദിനം ആഘോഷിച്ചു. ലാ സിഗാലെ ഹോട്ടലിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ലീഡ് അഷറഫ് കെ.പി അധ്യക്ഷത വഹിച്ചു.
ഐഫാഖ് നടത്തുന്ന വിവിധ സാമൂഹിക സേവനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യൻ ഫാർമസി മേഖലയുടെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും വരുംവർഷങ്ങളിൽ പ്രതീക്ഷിക്കുന്ന വളർച്ചയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഫാർമസ്യൂട്ടിക്കൽ വ്യാപാരം മെച്ചപ്പെടുത്താൻ കഴിയുന്ന ഏതൊരു സംരംഭത്തിനും എംബസിയുടെ പിന്തുണയും വാഗ്ദാനംചെയ്തു.
ഐഫാഖ് മാഗസിൻ ഐഫാസിൻ ചടങ്ങിൽ അംബാസഡർ പ്രകാശനം ചെയ്തു. സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട് സ്വാഗതം പറഞ്ഞു.അക്കാദമിക് ലീഡ് ഡോ. ബിന്നി തോമസ് ഐഫാഖിനെയും ഭാവിപ്രവർത്തനങ്ങളെയും പരിചയപ്പെടുത്തി. ഖത്തർ കമ്യൂണിറ്റി പൊലീസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബിഗ്രേഡിയർ ഡോ. ഇബ്രാഹിം മുഹമ്മദ് റാഷിദ് അൽ സമൈഹ് ഐഫാഖ് വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് എച്ച്.എം.സിയിലെ ഫാർമസി എക്സിക്യൂട്ടിവ് ഓഫിസിനെ പ്രതിനിധീകരിച്ച് ഡോ. അബ്ദുൾ റഊഫ് മുഖ്യപ്രഭാഷണം നടത്തി.കമ്യൂണിറ്റി പൊലീസിങ് ഡിപ്പാർട്മെൻറ് അവേർനസ് ആൻഡ് എജുക്കേഷൻ തലവൻ കേണൽ റാഷിദ് മുബാറക് അൽ ഖയ്യാരീൻ ഖത്തറിലെ പ്രഥമ രജിസ്ട്രേഡ് ഫാർമസിസ്റ്റും പൊതുജനാരോഗ്യ മന്ത്രാലയം ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ഹൈലിനെ ആദരിച്ചു.ഖത്തറിലെ സീനിയർ ഇന്ത്യൻ രജിസ്ട്രേഡ് ഫാർമസിസ്റ്റ് അബ്ദുൽ ഗഫാർ, 25 വർഷത്തിലേറെയായി ഫാർമസി മേഖലയിൽ ജോലി ചെയ്യുന്ന ഐഫാഖ് അംഗം ഹമീദ് പൊയിൽ എന്നിവരെ ആദരിച്ചു.
വെൽകെയർ ഫാർമസി ഓപറേഷനൽ മാനേജർ മുഹമ്മദ് ഫാറൂഖ്, ട്രൂത്ത് ഗ്രൂപ് ചെയർമാനും എം.ഡിയുമായ അബ്ദുൽ സമദ്, സ്റ്റാഡ ഫാർമസ്യൂട്ടിക്കൽസിന്റെ കരീം തുടങ്ങിയവർക്ക് ഉപഹാരം നൽകി. ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിന പ്രമേയമായ ‘ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന ഫാർമസിസ്റ്റുകൾ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ഇമാദ് മൻസൂർ, ഖത്തർ യൂനിവേഴ്സിറ്റിയിലെ പ്രഫസർ അഹമ്മദ് അവായിസു, ഹഡേഴ്സ്ഫീൽഡ്, യു.കെ സർവകലാശാലയിലെ ഡോ. സഹീറുദ്ദീൻ ബാബർ, കമ്യൂണിറ്റി മേഖലയെ പ്രതിനിധീകരിച്ച് ഡോ. വ്യാസ് എന്നിവർ സംസാരിച്ചു.
എച്ച്.എം.സിയിലെ ഫാർമസി അസിസ്റ്റൻറ് ഡയറക്ടർ ഡോ. വെസ്സാം എൽകാസെം, ഖത്തർ യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫസർ ഡോ. സകരിയ നാസർ, എച്ച്.എം.സിയിലെ ഫാർമസി സൂപ്പർവൈസർ ഡോ. ഷബാൻ കാമിൽ, ഫൈസൽ ഹുദവി, ഡോ. ബഹാവുദ്ദീൻ, ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഐഫാഖ് വൈസ് പ്രസിഡൻറ് സൂരജ് നമ്പ്യാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.