50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല; കായികാധ്വാനമോ വ്യായാമമോ ചെയ്യുന്നില്ലെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയെ കുറിച്ചുള്ള പഠനം.

മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ കായികാധ്വാനത്തിലോ ഇന്ത്യയിലെ പകുതിപേരും എത്തുന്നില്ല. പുരുഷന്മാരേക്കാൾ (42 ശതമാനം) സ്ത്രീകളാണ് (57 ശതമാനം) രാജ്യത്ത് കായികാധ്വാനം കുറവുള്ളവരെന്നും ലാൻസെറ്റ് പഠനം പറയുന്നു. 2002ൽ ഇന്ത്യക്കാരിലെ ശാരീരികക്ഷമതയില്ലാത്തവർ 22.3 ശതമാനമായിരുന്നെങ്കിൽ 2022ൽ ഇത് 49.4 ശതമാനത്തിലെത്തി നിൽക്കുന്നുവെന്നത് അപകടസൂചനയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2030 ആകുന്നതോടെ 60 ശതമാനം ഇന്ത്യക്കാരും ശാരീരികക്ഷമതയില്ലാത്തവരായി മാറും.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഒരു വ്യക്തി കായികക്ഷമതയുള്ളയാളാണെങ്കിൽ ആഴ്ചയിൽ കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ കായികാധ്വാനം ആവശ്യമായ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടണം. കായികക്ഷമതക്കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ഓർമക്കുറവ്, സ്തനാർബുദം, മലാശയ അർബുദം എന്നിവക്കും കാരണമാകും.

കായികക്ഷമതയില്ലാത്ത പുരുഷന്മാരുടെ എണ്ണം ഇന്ത്യയിൽ 2000ൽ ജനസംഖ്യയുടെ 19.6 ശതമാനമായിരുന്നു. 2010ൽ ഇത് 28.9 ശതമാനമായി ഉയർന്നു. 2022ൽ 42 ശതമാനമാണ്. ഇത് 2030ൽ 51.2 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. കായികക്ഷമതയില്ലാത്ത സ്ത്രീകളുടെ എണ്ണം 2000ൽ ജനസംഖ്യയുടെ 25 ശതമാനമായിരുന്നു. 2010ൽ ഇത് 38.7 ശതമാനമായി ഉയർന്നു. 2022ൽ 57.2 ശതമാനമാണ്. ഇത് 2030ൽ 68.3 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. 

കായികക്ഷമതയില്ലാത്ത ആളുകളുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. ലോകവ്യാപകമായി നോക്കുമ്പോൾ മൂന്നിലൊന്ന് ജനങ്ങൾക്കും കായികക്ഷമതയില്ല. 180 കോടിയോളം വരുമിത്. വ്യായാമത്തിന്‍റെയും കായികാധ്വാനത്തിന്‍റെയും കുറവ് രോഗങ്ങളെ നേരത്തെ വിളിച്ചുവരുത്തലാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Lancet study says half of Indians physically unfit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.