യുവാവിന്റെ ഇരു കൈകളും മാറ്റിവച്ചു; ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചരിത്ര നേട്ടവുമായി ഇന്ത്യ

മുംബൈ: അവയവമാറ്റ ശസ്ത്രക്രിയയിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ഇരുകൈകളും മാറ്റിവെക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ മുംബൈയിൽ നടന്നു. 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള 33 കാരനായ പ്രേമ റാം എന്നയാളാണ് ഇരുകൈകളും മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏഷ്യയിലെ ആദ്യ പുരുഷൻ എന്ന നേട്ടം കൈവരിച്ചത്.

മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പത്ത് വർഷം മുമ്പ് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് പ്രേമറാമിന് രണ്ടു കൈകളും നഷ്ടപ്പെട്ടത്. വയലിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. അന്ന് ഇയാളുടെ രണ്ടു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജീവൻ രക്ഷിക്കാൻ ഇരുകൈകളും മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

ആദ്യം കൈപ്പത്തികൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ ബാധിച്ചതോടെ തോളിന് മുകളിൽവെച്ച് ഇരു കൈകളും മുറിച്ചു മാറ്റുകയായിരുന്നു. ഇതോടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രേമറാമിന് മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു. എന്നാൽ തനിക്ക് സംഭവിച്ച ദുരന്തത്തിൽ അദ്ദേഹം പതറിയില്ല. മനോധൈര്യത്തോടെ ജീവിതത്തെ നേരിട്ടു. ഒടുവിൽ കാലുകൾ കൊണ്ട് പേന പിടിച്ച് എഴുതാൻ റാമിന് സാധിച്ചു. ഇപ്പോൾ അദ്ദേഹത്തിന് കാലുകൾകൊണ്ട് എഴുതാൻ അനായാസം സാധിക്കും.

"എന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടതിന് ശേഷം ഞാൻ തകർന്നുപോയി. കൈകൾ മുറിച്ചുമാറ്റിയതോടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായി, എല്ലാ ദിവസവും ഓരോ മിനിറ്റും ഞാൻ കഷ്ടപ്പെട്ടു. എന്റെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ എനിക്ക് എന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സഹായം തേടേണ്ടി വന്നു''- പ്രേമറാം പറഞ്ഞു. റാമിനായി കുടുംബം കൃത്രിമ കൈകൾ വയ്ക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. കൈകൾ തോളൊപ്പം മുറിച്ചതാണ് യുവാവിന് വിനയായത്.

"എന്നാൽ ഇതുകൊണ്ട് തളർന്നിരിക്കാൻ ഞാൻ തയ്യാറായില്ല. ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ എല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാൻ എന്റെ കാലുകൾ കൊണ്ട് സാധനങ്ങൾ പിടിക്കാൻ പരിശീലിക്കുകയും അതിൽ വിജയിക്കുകയും ചെയ്തത്"- പ്രേമറാം പറഞ്ഞു.

ഞാൻ ജീവിതത്തെ സ്നേഹിച്ചു. അതുകൊണ്ടുതന്നെ പൊരുതാൻ തീരുമാനിച്ചു. ബിഎഡ് പഠനം വരെ പൂർത്തിയാക്കി പരീക്ഷയും എഴുതി. ഇപ്പോൾ എനിക്ക് പുതിയ രണ്ട് കൈകൾ ലഭിച്ചു. ഇതിന് എന്റെ കുടുംബാംഗങ്ങൾക്കും ഡോക്ടർമാർക്കും മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിലെ മുഴുവൻ ടീമിനും ഞാൻ നന്ദി പറയുന്നു. ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ വളരെ സന്തോഷവാനാണ്, സുഖം പ്രാപിക്കാനും എല്ലാം സ്വന്തമായി ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു’-പ്രേമ റാം പറഞ്ഞു.

മുമ്പ് യൂറോപ്പിൽ മാത്രമാണ് ഇത്തരത്തിൽ രണ്ടുകൈകളും മാറ്റിവെക്കുന്ന ശസ്ത്രക്രിയ നടന്നിട്ടുള്ളത്. നിലവിൽ റാം ഫിസിയോതെറാപ്പി ചെയ്യുകയാണ്. അടുത്ത 18 മുതൽ 24 മാസം വരെ ഫിസിയോതെറാപ്പി തുടരും. 18 മാസത്തിനുള്ളിൽ അദ്ദേഹത്തിന് കൈകൾ ചലിപ്പിക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയക്കുള്ള ഡോക്ടർമാരുടെ സംഘത്തെ നയിച്ചത് ഡോ. നിലേഷ് ജി സത്ഭായിയാണ്.

‘ഇത് ഏഷ്യയിലെ ആദ്യത്തെ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ്. ഇത്തരമൊരു സർജറി ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. ഇത് സമയത്തിനെതിരായ ഓട്ടമാണ്. നടപടിക്രമം, സമയം, ഏകോപനം എന്നിവ പ്രധാനമാണ്. കൈകാലുകൾ ശരീരത്തോട് എത്രയും വേഗം ലിംഭുകൾ വെച്ചുപിടിപ്പിക്കണമായിരുന്നു. ധാരാളം പേശികൾ ഉൾപ്പെട്ടതിനാൽ രക്തചംക്രമണം ഉടനടി ആരംഭിക്കേണ്ടതുണ്ട്. ഇരുവശത്തും സമാനമായ ശസ്ത്രക്രിയ ചെയ്യുന്നത് സാങ്കേതികവും ആരോഗ്യപരവുമായ വെല്ലുവിളികൾ വർധിപ്പിക്കുന്നു’-ഡോ. നിലേഷ് ജി സത്ഭായി പറഞ്ഞു.

Tags:    
News Summary - Rajasthan man becomes first Asian to undergo total arm transplant at Mumbai hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.