കാൻസർ ചികിത്സയെ തുടർന്ന് മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട സ്ത്രീക്ക് കൈയിൽ വളർത്തിയ മൂക്ക് വെച്ച് പിടിപ്പിച്ച് ഫ്രാൻസിലെ സർജൻമാർ. ഫ്രാൻസിലെ ടൗലൗസിൽ നിന്നുള്ള സ്ത്രീക്കാണ് പുതുതായി മൂക്ക് വെച്ച് പിടിപ്പിച്ചത്. 2013ൽ നാസൽ കാവിറ്റി കാൻസർ ട്രീറ്റ്മെന്റിന്റെ ഭാഗമായി നടത്തിയ കീമോതെറാപ്പിയും റേഡിയോതെറാപ്പിയും മൂലം ഇവരുടെ മൂക്കിന്റെ ഭൂരിഭാഗവും നഷ്ടമാവുകയായിരുന്നു. ബാക്കി ഭാഗം പുനർ നിർമിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ വർഷങ്ങളോളം മൂക്കിന്റെ ഒരു ഭാഗം ഇല്ലാതെയാണ് ഇവർ ജീവിച്ചത്.
ഈവനിങ് സ്റ്റാൻഡേർഡ് എന്ന ജേണലിൽ വന്ന റിപ്പോർട്ട് അനുസരിച്ച്, തരുണാസ്ഥികൾക്ക് പകരം ജൈവ വസ്തുക്കൾ ഉപയോഗിച്ച് ത്രിമാന രൂപത്തിൽ മൂക്കിന്റെ മാതൃകയുണ്ടാക്കി അത് അവരുടെ കൈകളിൽ പിടിപ്പിച്ച് മൂക്കിന്റെ മാതൃകയിലേക്ക് തൊലികൾ വളർത്തുകയായിരുന്നു. രണ്ടുമാസത്തെ വളർച്ചക്ക് ശേഷം ഈ മൂക്കിനെ എടുത്ത് മുഖത്ത് പിടിപ്പിച്ചു.
സ്ത്രീയുടെ കൈയിൽ വളരുന്ന മൂക്കിന്റെ ദൃശ്യം ടൗലൗസ് യൂനിവേഴ്സിറ്റി ആശുപത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പുതിയ മൂക്ക് സ്ത്രീയുടെ മുഖത്ത് വിജയകരമായി പിടിപ്പിച്ചുവെന്ന് ആശുപത്രി വ്യക്തമാക്കി.
മൂക്കിനെ കൈയിൽ വച്ചുപിടിപ്പിച്ച് രണ്ടുമാസങ്ങൾക്ക് ശേഷം അതിനെ മുഖത്തേക്ക് മാറ്റി. ശേഷം നിർമിത മൂക്കിലെ രക്തക്കുഴലുകളും മുഖത്തെ രക്തക്കുഴലുകളും തമ്മിൽ യോജിപ്പിച്ചു. അവരുടെ ആരോഗ്യ സ്ഥിതി നല്ലനിലയിലാണെന്നും നിരീക്ഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
10 ദിവസത്തെ ആശുപത്രി വാസവും മൂന്നാഴ്ചയായി കഴിക്കുന്ന ആന്റിബയോട്ടിക്കുകളും രോഗിയുടെ ആരോഗ്യ നിലമെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ട്. ഇത്തരത്തിൽ പുനർനിർമാണം ഇതുവരെ നടന്നിട്ടില്ലെന്നും മെഡിക്കൽ സംഘാംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.