ജനീവ: കോവിഡ് 19 മാഹാമാരിയുടെ സ്വഭാവം മാറിയിരിക്കുന്നു. എന്നാൽ അത് പൂർണമായും ഇല്ലാതായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്തെ 110 രാജ്യങ്ങളിൽ കേസുകൾ ഉയരുകയാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഈ മഹാമാരി മാറുകയാണ്, പക്ഷേ അത് അവസാനിച്ചിട്ടില്ല. കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നതിനാൽ ലഭ്യമാകുന്ന ജീനോമിക് സീക്വൻസുകളും കുറവാണ്. ഇതുമൂലം ഒമിക്രോണിനെ ട്രാക്ക് ചെയ്യാനും പുതിയ വകഭേദങ്ങളെ വിശകലനം ചെയ്യാനുമുള്ള സാധ്യതകൾ കുറയുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പലയിടങ്ങളിലും കോവിഡിന്റെ BA.4, BA.5 വകഭേദങ്ങൾ കൂടുന്നുണ്ട്. 110 രാജ്യങ്ങളിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ കേസുകൾ 20 ശതമാനം വർധിക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിൽ മൂന്ന് എണ്ണത്തിലും മരണങ്ങൾ വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
കുറഞ്ഞത് 70 ശതമാനം ജനതക്കെങ്കിലും കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിരിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗെബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ 1200 കോടിയോളം വാക്സിനുകൾ ആഗോള തലത്തിൽ വിതരണം ചെയ്തിട്ടുണ്ട്. മറുവശത്ത്, അവികസിത രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരും പ്രായമായവരും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുത്തിട്ടില്ല. അതിനർഥം വൈറസിന്റെ ഭാവി തരംഗങ്ങൾ അവരെ കൂടുതൽ ബാധിക്കുമെന്നാണ്. രോഗസാധ്യത കൂടുതലുള്ളവർ വാക്സിനുകൾ കൃത്യമായി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.