പത്തനംതിട്ട: നഗരകേന്ദ്രത്തിലടക്കം കൊതുകുജന്യരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച ഡ്രൈഡേയായി ആചരിക്കാൻ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഞായറാഴ്ച ജില്ലയിൽ ആരോഗ്യപ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടം കണ്ടെത്തി നശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകർമസേന എന്നിവരുടെ സഹായത്തോടെ ആശാ, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ സന്നദ്ധ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്യത്തിൽ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കും.
തോട്ടം മേഖലയിൽ റബർ മരങ്ങളിലെ ചിരട്ടകൾ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ മൂടിവെക്കുകയോ റബർ പാൽ എടുക്കാത്ത മരങ്ങളിൽനിന്ന് മാറ്റിവെക്കുകയോ ചെയ്യുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കണം. അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിസരത്തും കൊതുക് വളരുന്ന ഉറവിടം കണ്ടെത്തി ഇല്ലാതാക്കണം.
ഡ്രൈ ഡേ ദിനാചരണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അംഗൻവാടി വർക്കർമാരെയും ഹെൽപർമാരെയും ഉൾപ്പെടുത്തി ഭവന സന്ദർശനം ഉറപ്പാക്കും. ഓടകളിൽ മാലിന്യം അടിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളും സ്ഥാപനങ്ങളും പരിശോധന നടത്തും. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ മാലിന്യശേഖരണം നടത്തുന്നതോടൊപ്പം ഉറവിടം കണ്ടെത്തി അത് നീക്കം ചെയ്യാനുള്ള നിർദേശം നൽകും. ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും ഞായറാഴ്ച നടക്കുന്ന കൊതുക് ഉറവിട നശീകരണ പരിപാടിയിൽ കുടുംബശ്രീ ആരോഗ്യദായക വളന്റിയർമാരുടെ പങ്കാളിത്തം ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.