റമദാൻ നോമ്പ് അടുക്കുന്നതോടെ പ്രായമായവർക്കും രോഗികൾക്കും സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ആശങ്ക സ്വാഭാവികമാണ്. അടിസ്ഥാനപരമായി ആരോഗ്യ പരിചരണത്തിനും വിശ്വാസത്തിനും ഒരുപോലെ പരിഗണനയും പ്രാധാന്യവും നൽകിയാവണം ഈ ഗണത്തിൽപ്പെട്ടവർ നോമ്പനുഷ്ഠിക്കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങളും മരുന്ന് കഴിക്കുന്നവരും നോമ്പിന് മുമ്പായിത്തന്നെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ട് നോമ്പനുഷ്ഠിക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും നോമ്പെടുക്കുമ്പോൾ മരുന്നുകൾ കഴിക്കേണ്ട രീതിയെക്കുറിച്ച് വ്യക്തതവരുത്തേണ്ടതുമാണ്. രോഗികൾക്കും പ്രായമേറിയവർക്കും നോമ്പെടുക്കുന്നതിൽ ഇളവുള്ളതിനാൽ പ്രായംമൂലം അവശത അനുഭവിക്കുന്നവരും ഗൗരവമുള്ള രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരും നോമ്പ് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവരും ഹൃദയ സംബന്ധമോ വൃക്ക സംബന്ധമോ ആയ ഗൗരവമുള്ള രോഗങ്ങളുള്ളവരും നിർബന്ധമായും ചികിത്സിക്കുന്ന ഡോക്ടറുടെ സമ്മതത്തോടെ മാത്രമേ ഉപവാസത്തിന് മുതിരാവു. ഇവർ ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ നിർത്തിവെക്കുകയോ, അളവുകളിലും കഴിക്കുന്ന സമയങ്ങളിലും മാറ്റങ്ങൾ വരുത്തുകയോ അരുത്.
പകൽ മുഴുവൻ ഉപവാസവും നോമ്പുതുറക്കുശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹ ബാധിതർ മരുന്ന് കഴിക്കേണ്ട സമയത്തിലും അളവുകളിലും വിദഗ്ധ നിർദേശം സ്വീകരിക്കണം. അല്ലാത്തപക്ഷം രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് പെട്ടെന്ന് വർധിക്കാനോ ക്രമാതീതമായി കുറഞ്ഞുപോകാനോ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.
രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രമേഹ രോഗികൾക്ക് ശാരീരികമായ കടുത്ത ക്ഷീണം അനുഭവപ്പെടും. അതുകൊണ്ടുതന്നെ നോമ്പുകാലത്തുണ്ടാവുന്ന സാധാരണ ക്ഷീണത്തിൽ കവിഞ്ഞുള്ള ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.
വീട്ടിൽ ഗ്ലൂക്കോമീറ്റർ ഉണ്ടെങ്കിൽ രക്തം പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. ഗ്ലൂക്കോസ് നില വളരെയധികം താഴുന്ന അവസ്ഥയിൽ (ഹൈപ്പോഗ്ലൈസീമിയ) നോമ്പ് ഉടൻതന്നെ മുറിക്കുന്നതാണ് അഭികാമ്യം. അപകടകരമാംവണ്ണം രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോയാൽ വിറയല്‍, അമിതമായ വിയർപ്പ്, കാഴ്ച മങ്ങൽ, ഹൃദയമിടിപ്പ് വർധിക്കൽ, ബോധക്ഷയം എന്നിവക്ക് സാധ്യതയുണ്ട്. ചിലരിൽ അപസ്മാര സാധ്യതയുമുണ്ടാവാം.
രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന ഹൈപ്പര്‍ ഗ്ലൈസിമിയയാണ് മറ്റൊരു പ്രശ്നം. തലവേദന, അമിതമായ ദാഹം, അമിത ക്ഷീണം, ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നൽ എന്നിവയാണ് ലക്ഷണം. ഷുഗര്‍ ലെവല്‍ 250നും 300നുമൊക്കെ മുകളില്‍ തുടരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ വരുക.
ശരീരത്തിലെ നിർജലീകരണം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സമ്മതത്തോടെയല്ലാതെ വൃക്കരോഗികൾ നോമ്പെടുക്കരുത്.
മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നോമ്പുകാലം. പക്ഷേ, ചിലരെങ്കിലും അശാസ്ത്രീയമായ രീതിയിൽ അമിതഭക്ഷണം കഴിച്ച് രോഗികളായി മാറാറുണ്ട്. മറ്റുചിലരാവട്ടെ ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതുമൂലവും ആരോഗ്യ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യതയും നിയന്ത്രണവും പാലിക്കാനായി താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
രോഗികളും പ്രായമായവരും തുടച്ചയായി ആറു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം. നോമ്പുതുറക്ക് ശേഷമുള്ള പ്രാർഥനകൾ കഴിഞ്ഞാൽ നേരത്തെ ഉറങ്ങുകയും അത്താഴത്തോടനുബന്ധിച്ച് എഴുന്നേൽക്കുകയും ചെയ്താൽ ഇത് സാധ്യമാവും. കൂടാതെ പകൽ സമയത്ത് കഠിനമായ ജോലികളിലോ വ്യായാമങ്ങളിലോ ഏർപ്പെടാതെ ശ്രദ്ധിക്കണം.
വെയിൽ നേരിട്ടുപതിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ കഴിയുന്നത് പൂർണമായും ഒഴിവാക്കണം. യാത്രകളും പരമാവധി ഒഴിവാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.