ഭക്ഷണശീലം ഇങ്ങനെ മാറ്റി നോക്കൂ; പ്രമേഹം -കാൻസർ സാധ്യതകൾ തടയാം

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുന്നതിന് ഇന്ന് ആളുകൾ പ്രാധാന്യം നൽകുന്നുണ്ട്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ആവശ്യമാണ്. നിരവധി ആളുകൾ അതിനായി ശ്രമിക്കുന്നുമുണ്ട്. എന്നാൽ യഥാർഥത്തിൽ എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം, എന്തെല്ലാം ഒഴിവാക്കണം എന്ന കാര്യത്തിലെല്ലാം ആളുകൾക്ക് ആശങ്കയുമുണ്ട്. ഇക്കാര്യത്തിൽ വിവരങ്ങൾ സ്വീകരിക്കേണ്ടത് വിശ്വസനീയമായ ഉറവിടത്തിൽ നിന്നായിരിക്കണം. ഈയടുത്ത് ലോകാരോഗ്യ സംഘടന ഇക്കാര്യത്തിൽ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അവ നമുക്ക് നോക്കാം.

1. ഉപ്പിന്റെ ഉപയോഗം കുറക്കാം, പഞ്ചസാര നിയന്ത്രിക്കാം

പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങൾ, ഹൃദ്രോഗം, കാൻസർ പോലുള്ള രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കുറക്കുന്നതിനുള്ള ഏറ്റവും എളുപ്പ വഴി ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുകയാണ്. ഒരു ടീസ്പൂൺ അഥവാ അഞ്ച് ഗ്രാം ഉപ്പ് മാത്രമേ ഒരാൾ ഒരു ദിവസം കഴിക്കാൻ പാടുള്ളു. പച്ചക്കറികളും സുഗന്ധ വ്യഞ്ജനങ്ങളും കൂടുതൽ ഉപയോഗിക്കാം. സോയ സോസ്, ഫിഷ് സോസ് തുടങ്ങി ഉപ്പടങ്ങിയ സോസിന്റെ ഉപയോഗവും നിയന്ത്രിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു.

പഞ്ചസാരയുടെ കാര്യത്തിൽ 12 ടീസ്പൂൺ അഥവാ 50 ഗ്രാം പഞ്ചസാര മാത്രമേ ഒരാൾക്ക് ഒരു ദിവസം കഴിക്കാൻ പാടുള്ളു. കൂടാതെ, രണ്ട് വയസിന് താ​ഴെയുള്ള കുട്ടികൾക്ക് നൽകുന്ന പൂരക ഭക്ഷണങ്ങളിൽ ഉ​പ്പോ പഞ്ചസാരയോ ചേർക്കരുത്.

2. കൊഴുപ്പിന്റെ അളവ് ശ്രദ്ധിക്കുക

ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ എന്നിവയുടെ സാധ്യത കുറക്കാൻ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ പൂരക കൊഴുപ്പുകളും ട്രാൻസ് ഫാറ്റും ശ്രദ്ധിക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുത്തും നേർപ്പിച്ച പാലും പാലുത്പന്നങ്ങളും ഉപയോഗിച്ചും കൊഴുപ്പിന്റെ ഉപയോഗം നിയന്ത്രിക്കാവുന്നതാണ്. കോഴി, മത്സ്യം പോലെയുള്ള വെളുത്ത മാംസം തിരഞ്ഞെടുക്കുകയും ബേക്കൺ, സോസേജ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുകയും ചെയ്യാനാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം. കൂടാതെ, സംസ്കരിച്ച, ബേക്ക് ചെയ്ത, വറുത്തെടുത്ത ഭക്ഷ്യോത്പന്നങ്ങളും ഒഴിവാക്കണം. അവയിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകുന്നു.

3. സമീകൃതാഹാരം ശീലമാക്കുക

ദിവസവും വൈവിധ്യമുള്ള ഭക്ഷണം ശീലമാക്കുക. അവയിൽ തവിട്ട് അരിയും ഗോതമ്പും പോലെയുള്ള ധാന്യങ്ങൾ, പയർ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ, ധാരാളം പുതിയ പഴങ്ങളും പച്ചക്കറികളും, മാംസം, മത്സ്യം, മുട്ട, പാൽ തുടങ്ങിയ ചില ഭക്ഷണങ്ങളും ഉൾപ്പെടുത്താം. സ്നാക്സായി വേവിക്കാത്ത പച്ചക്കറികൾ, പഴങ്ങൾ, ഉപ്പില്ലാത്ത നട്സ് എന്നിവ ഉപയോഗിക്കാം.

4. കുടിക്കുന്ന പാനീയങ്ങൾ ശ്രദ്ധിക്കുക

ആരോഗ്യകരമായ ഭക്ഷണശീലത്തിൽ നിങ്ങൾ കുടിക്കുന്ന പാനീയങ്ങൾക്കും റോളുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ്, ജ്യൂസ്, കൃത്രിമ നിറവും മണവും രുചിയും ചേർത്ത പാനീയങ്ങൾ, റെഡി ടു ഡ്രിങ്ക് കോഫി എന്നിവ നിർബന്ധമായി നിയന്ത്രിക്കണം. ആൽക്കഹോൾ ഒഴിവാക്കി പകരം ധാരാളം വെള്ളം കുടിക്കാം.


Tags:    
News Summary - Change your eating habits like this; can prevent the risk of cancer and Diabetes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.