ദിവസം ആരംഭിക്കുന്നതിന് ഏറ്റവും നല്ലത് ആരോഗ്യകരമായ പ്രാതലോടുകൂടി തുടങ്ങുക എന്നതാണ്. വീട്ടിലെല്ലാവരും രാവിലെ തന്നെ ജോലിക്ക് പോകുന്നവരാകുമ്പോൾ പ്രഭാത ഭക്ഷണവും അതനുസരിച്ച് ചുരുങ്ങും. പലപ്പോഴും ജങ്ക് ഫുഡുകളാണ് നമ്മുടെ തിരക്കിട്ട ജീവിതത്തിൽ പ്രഭാതത്തിൽ കൂട്ടിനെത്തുന്നത്. പലരും ഭക്ഷണം ഒഴിവാക്കാറുമുണ്ട്.
ഇത് അനാരോഗ്യകരമായ പ്രവണതയാണ്. യഥാർഥത്തിൽ നമ്മുടെ ഇഡ്‍ലി, ദോശ, ഉപ്മാ എന്നിവ ഏറ്റവും മികച്ച ആരോഗ്യകരമായ പ്രാതൽ വിഭാവങ്ങളാണ്. ഇഡ്‍ലി, ദോശ എന്നിവ പുളിപ്പിച്ച അരിമാവുകൊണ്ട് ഉണ്ടാക്കുന്നവയാണ്. വയറിന് ഏറ്റവും ഗുണമായ പ്രോബയോട്ടിക് ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത്തരം പ്രാതലുകൾ ശരീരത്തിനും മനസിനും നിരവധി ഗുണഫലം നൽകുന്നു. വിറ്റാമിനുകൾ, പ്രോട്ടീനുകൾ, മിനറലുകൾ എന്നിവ ധാരളമടങ്ങിയ ഈ ഭക്ഷണ പദാർഥങ്ങൾ നിങ്ങളെ ദിവസം മുഴുവൻ ഊർജ്ജ്വസ്വലരാക്കും. ഇതിനൊപ്പം ചട്നി, സാമ്പാർ എന്നിവ ഭക്ഷണം കൂടുതൽ രുചികരവുമാക്കും.
എന്നാൽ പലപ്പോഴും ഇഡ്‍ലിയും ദോശയും ഉൾപ്പെടെയുള്ള തയാറാക്കാനുള്ള മടികൊണ്ടും സമയക്കുറവുകൊണ്ടും നാം ജങ്ക് ഫുഡുകൾക്ക് കീഴ്പ്പെടുകയാണ്.
രുചി കൂടുതലുള്ളതിനാൽ നം ആസ്വദിച്ച് കഴിക്കുകയും ചെയ്യും. പലർക്കും അത്തരം ഭക്ഷണം പ്രിയപ്പെട്ടതായിക്കഴിഞ്ഞിട്ടുമുണ്ടാകും. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി അവക്ക് പകരം രുചികരവും ആരോഗ്യകരവും എളുപ്പത്തിൽ തയാറാക്കാവുന്നവയുമായ ബദലുകൾ ഉപയോഗിക്കാം.
കൊഴുപ്പില്ലാത്ത പ്രോട്ടീൻ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സന്തുലിതമായ പ്രഭാത ഭക്ഷണം ആരോഗ്യകരമായ തുടക്കത്തിന്റെ ഭാഗമാണ്.
പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, വേവിച്ച ഭക്ഷണ പദാർഥങ്ങൾ എന്നിവക്ക് പകരം സ്മൂത്തിയോ ഒരു പ്ലേറ്റ് ഫ്രഷ് ഫ്രൂട്സോ പച്ചക്കറികളോ കഴിക്കാം. പഞ്ചസാരയില്ലാത്ത ഗ്രനോളയും പ്രാതലിന് തെരഞ്ഞെടുക്കാം. അത് തൈരുമായി യോജിപ്പിച്ച്, സ്ട്രോബെറിയോ മറ്റ് ഇഷ്ടപ്പെട്ട പഴങ്ങളോ ചേർത്ത് വയറ് നിറയ്ക്കുന്ന, രുചികരമായ, പോഷക സമ്പുഷ്ടമായ ഭക്ഷണം തയാറാക്കാം.
മൾട്ടിഗ്രെയ്ൻ ബ്രഡിനൊപ്പം ഷുഗർലെസ് പീനട്ട് ബട്ടർ ഉപയോഗിക്കാം. ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. നട്സിൽ ഒമേഗ3യും. ഇവ രണ്ടും സാധാരണയായി ഇന്ത്യൻ ഭക്ഷണത്തിൽ ഉൾപ്പെടാത്തവയാണ്. അതിനാൽ നട്സും ചോക്ലേറ്റും അടങ്ങിയ ഭക്ഷണം പ്രഭാതത്തിൽ തെരഞ്ഞെടുക്കാം. എന്നാൽ ഇവയിൽ പ്രിസർവേറ്റീവുകളോ പഞ്ചസാരയോ അടങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തണം.
കാപ്പിക്കും ചായക്കും തേങ്ങാപ്പാലോ മറ്റ് വീഗൻ മിൽക്കുകളോ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.