ന്യൂഡൽഹി: പാലും പാലുത്പന്നങ്ങളും കൂടുതൽ ആളുകൾക്കും ഇഷ്ടമുള്ളവയാണ്. കുഞ്ഞുങ്ങൾക്കുൾപ്പെടെ എപ്പോഴും നിർബന്ധമായും നൽകുന്നതുമാണ്. പാൽ ഇഷ്ടമില്ലാത്തവരും ഉണ്ടാകാം. പാൽ ഉത്പന്നങ്ങളായ ചീസ്, വെണ്ണ, മിൽക്ക് ഷേക്കുകൾ, തൈര് എന്നിവയെല്ലാം എല്ലാ വിധത്തിലും ഉപയോഗിക്കേണ്ടവയുമാണ്.
കാൽസ്യത്തിന്റെ വലിയ ഉറവിടമാണ് ഇവ. ഹെൽത്തി ഫാറ്റ്, പ്രോട്ടീൻ, വിറ്റമിൻ ബി 12 എന്നിവയെല്ലാം ഉൾക്കൊള്ളുന്ന പാൽ ആരോഗ്യകരമായ ഉത്പന്നവുമാണ്. അതേസമയം, പാലുത്പന്നങ്ങൾ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. ശരാശരി 61.8 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങൾ - മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുത്പന്നങ്ങളുടെ ഉപഭോഗം എന്നിങ്ങനെ വിശകലനം ചെയ്ത ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്.
കൂടുതൽ പാലുത്പന്നങ്ങൾ കഴിക്കുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ കണ്ടെത്തി. പ്രത്യേകിച്ച്, വെണ്ണ കഴിക്കുന്ന ആളുകൾക്ക് അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടാകാൻ ചീസ് പ്രേമികളേക്കാൾ സാധ്യത കൂടുതലാണ്. പാലുത്പന്നങ്ങളിലെ ഉയർന്ന പൂരിത കൊഴുപ്പും കൊളസ്ട്രോളുമാണ് ഹൃദയത്തിന് തകരാറുണ്ടാക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഹൃദ്രോഗിക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നേരത്തെ മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതിനാൽ ഉയർന്ന അളവിൽ പാൽ കഴിക്കുന്നത് ഹൃദയാരോഗ്യം മോശമാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വെണ്ണയും ചീസും ഉയർന്ന കൊളസ്‌ട്രോളും പൂരിതമായ ട്രാൻസ് ഫാറ്റുകളും അടങ്ങിയവയായതിനാൽ അവ അനാരോഗ്യകരമായ ഭക്ഷണ വിഭാഗത്തിൽ പെടുന്നു. 100 ഗ്രാം വെണ്ണയിൽ, മൂന്ന് ഗ്രാം ട്രാൻസ് ഫാറ്റ്, 215 മില്ലിഗ്രാം കൊളസ്ട്രോൾ, 51 മില്ലിഗ്രാം പൂരിത കൊഴുപ്പ് എന്നിവയുണ്ട്.
പാൽ താരതമ്യേന കൊഴുപ്പ് കുറഞ്ഞതാണ്. തൈര് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ല.
അതിനാൽ, ഹൃദയപ്രശ്നങ്ങൾ നേരിടുന്നവർ ശരീരത്തിന് അനുയോജ്യമായ പാലുൽപ്പന്നങ്ങൾ കഴിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. പാലിനെയും പാലുത്പന്നങ്ങളെയും അനാരോഗ്യകരമായ ഭക്ഷണ വിഭാഗത്തിൽ പെടുത്തേണ്ടതല്ലെങ്കിലും മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയാണ് ഇവയെന്ന് ഓർമിക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.