ന്യൂഡൽഹി: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിൽ രാജ്യം. കർണാടകയിലും കേരളത്തിലും മഹാരാഷ്ട്രയിലും പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 126 ആയി.
കർണാടകയിൽ ആറ് പുതിയ കേസുകളും കേരളത്തിൽ നാലെണ്ണവുമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്്ട്രയിൽ മൂന്നുപേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
നിലവിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര -43, ഡൽഹി 22, രാജസ്ഥാൻ 17, കർണാടക 14, തെലങ്കാന എട്ട്, ഗുജറാത്ത് ഏഴ്, കേരള 11, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ്, തമിഴ്നാട്, പശ്ചിമബംഗാൾ ഒന്നുവീതം കേസുകളാണ് റിേപ്പാർട്ട് ചെയ്തത്.
കർണാടകയിൽ റിപ്പോർട്ട് ചെയ്ത ആറു കേസുകളിൽ ഒരാൾ യു.കെയിൽനിന്ന് എത്തിയയാളാണ്. മറ്റ് അഞ്ചുപേർ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളിൽ നിന്നുള്ളവരാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും യാത്രാവിവരങ്ങൾ സംബന്ധിച്ചും പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 33 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചെണ്ണം ഒമിക്രോൺ കേസുകളാണ്.
കേരളത്തിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർക്കും മലപ്പുറം, തൃശൂർ ജില്ലകളിലെ ഓരോരുത്തർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നാലുപേരും വിദേശത്തുനിന്ന് എത്തിയവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.