റേഞ്ച്​ റോവർ അവതരിപ്പിച്ച്​ ലാൻഡ്​ റോവർ; വൈദ്യുതി യുഗത്തിലേക്കുള്ള ചുവടുവെയ്​പ്പ്​

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവി ലാൻഡ് റോവർ പുറത്തിറക്കി. പഴയ വാഹനത്തെ പൂർണമായും പുനർരൂപകൽപ്പന ചെയ്യുകയും നവീകരിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്​തിട്ടുണ്ട്. അഞ്ച് വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക്​ ശേഷമാണ്​ റേഞ്ച് റോവർ അരങ്ങേറ്റം കുറിക്കുന്നത്. 2022ൽ ​വാഹനം നിരത്തിലെത്തും. 2024ൽ സമ്പൂർണ വൈദ്യുത കാറായും റേഞ്ച്​റോവറിനെ പുറത്തിറക്കാൻ ലാൻഡ്​ റോവറിന്​ പദ്ധതിയുണ്ട്​. 2030ൽ മുഴുവൻ ലാൻഡ്​റോവറുകളും വൈദ്യുതിയിലേക്ക്​ മാറും.

എം.എൽ.എ ഫ്ലെക്​സ്​ ആർക്കിടെക്​ചർ

ലാൻഡ് റോവറിന്റെ പുതിയ എം.എൽ.എ ഫ്ലെക്​സ്​ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയാണ് പുതിയ റേഞ്ച് റോവർ നിർമിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലോങ്​ വീൽബേസ് ഫോമുകളിൽ വാഹനം ലഭ്യമാണ്​. ഏഴ് സീറ്റർ വാഹനവും ഉണ്ടാകും. ആദ്യമായാണ്​ റേഞ്ച്​ റോവറിൽ ഏഴ് സീറ്റുകളുടെ ഓപ്ഷൻ നൽകുന്നത്​. നിരവധി പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പെട്രോൾ ഹൈബ്രിഡ് വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്​. 80 ശതമാനം അലുമിനിയംകൊണ്ടാണ് ഷാസി നിർമിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ക്രാഷ് പ്രൊട്ടക്ഷനും സൗണ്ട് പ്രൂഫിങ്ങും ഷാസി നൽകും. സ്റ്റാൻഡേർഡ്, പനോരമിക് സൺറൂഫ്​ മോഡലുകളെല്ലാം സുരക്ഷയിൽ മുന്നിലാണ്​. മുൻഗാമിയേക്കാൾ അൽപ്പം ഭാരമുള്ളതാണ് പ്ലാറ്റ്​​ഫോമെങ്കിലും നിരവധി മേഖലകളിലെ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്​.


എക്സ്റ്റീരിയർ

ക്ലീൻ ഡിസൈനാണ്​ വാഹനത്തിനായി ലാൻഡ്​റോവർ എഞ്ചിനീയർമാർ ഒരുക്കിയത്​. ക്ലേ ​മോഡലിനെ അനുസ്​മരിപ്പിക്കുന്ന പുറംഭാഗത്ത്​ ബോഡിലൈനുകളും കയറ്റിറക്കങ്ങളും തീരെയില്ല. ഫ്ലോട്ടിങ്​ റൂഫ്, ക്ലാംഷെൽ ബോണറ്റ് എന്നിവയുമുണ്ട്. പിൻഭാഗത്ത് വലിയ ഗ്ലോസ് ബ്ലാക്ക് പാനൽ നൽകിയിട്ടുണ്ട്​. ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുമെല്ലാം ഗ്ലാസ്​ പാനലിനുള്ളിൽ മറഞ്ഞിരിക്കുന്നു. ഉപയോഗത്തിലില്ലാത്തപ്പോൾ ഇവ അദൃശ്യമാണ്. അടുത്ത തലമുറ ഇവോക്കിലും റേഞ്ച് റോവർ സ്‌പോർട്ടിലും എല്ലാം ഇൗ ഡിസൈൻ പിൻതുടരും.


ടെയിൽ-ലൈറ്റുകൾ നിലവിലുള്ളതിൽ വച്ച് ഏറ്റവും ശക്തമായ എൽ.ഇ.ഡികൾ ഉപയോഗിക്കുന്നു. ഓരോ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിലും 1.2 ദശലക്ഷം വ്യക്തിഗത മിററുകൾ അടങ്ങിയിരിക്കുന്നു. അത് പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടിയിൽ നിന്ന് പ്രകാശം പ്രതിഫലിപ്പിക്കുകയാണ്​ ചെയ്യുന്നത്​. ഒൗഡിയിലെ മാട്രിക്​സ്​ ഹെഡ്​ലൈറ്റിന്​ സമാനമാണിത്​. ഗ്രില്ലും പുനർരൂപകൽപ്പന ചെയ്​തിട്ടുണ്ട്. വെലാറിൽ ആദ്യം കണ്ട പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും വാഹനത്തിന്​ ആകർഷകമായ രൂപം നൽകുന്നു. വർധിച്ച എയറോഡൈനാമിസിറ്റിയും പ്രത്യേകതയാണ്​.


ഇൻറീരിയർ

പുതിയ റേഞ്ച് റോവറിന്റെ ഇന്റീരിയർ പൂർണമായും നവീകരിച്ചു. ഫ്ലോട്ടിങ്​ 13.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പ്രാഥമിക നിയന്ത്രണങ്ങളെല്ലാം ഉൾക്കൊള്ളുന്നു. ലാൻഡ് റോവറിന്റെ പിവി പ്രോ ഓപ്പറേറ്റിങ്​ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ തലമുറയാണ് ഇതിൽ പ്രവർത്തിക്കുന്നത്. രണ്ട് പ്രസ്സുകളിൽ 90% ഫംഗ്‌ഷനുകളിലേക്കും സ്​ക്രീൻ ആക്‌സസ് നൽകും. വയർലെസ് സ്​മാർട്ട്ഫോൺ മിററിങ്​, ആമസോൺ അലക്​സ സ്​പീച്ച് റെക്കഗ്നിഷൻ എന്നിവ എല്ലാ മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 13.7 ഇഞ്ച് ഹൈ-ഡെഫനിഷൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അപ്‌റേറ്റഡ് ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ലഭിക്കും.


എ.സി നിയന്ത്രണത്തിനായി ഫിസിക്കൽ ഡയലുകളും ഉണ്ട്, സ്റ്റിയറിങ്​ വീൽ തികച്ചും പുതുമയുള്ളതാണ്. സെന്റർ കൺസോളും ഏറെ ഭംഗിയുള്ളതാണ്​. പിന്നിൽ, 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും 8.0 ഇഞ്ച് ടച്ച് കൺട്രോൾ പാനലും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിന് മുമ്പത്തേക്കാൾ 75 എംഎം നീളമുണ്ട്. മെച്ചപ്പെട്ട റിയർ ലെഗ് റൂം ഇതുമൂലം ലഭിക്കും. ലോങ്​ വീൽബേസ് ഓപ്ഷനിൽ ആക്‌സിലുകൾക്കിടയിൽ 200 എംഎം അധിക ഇടമുണ്ട്. ഇൗ മോഡലിൽ മധ്യനിരയിലെ ലെഗ് റൂം ഒരു മീറ്ററിൽ കൂടുതലാണ്​. മൂന്നാം നിര സീറ്റും വിശാലമാണ്​. ആറടി ഉയരമുള്ള മുതിർന്നവർക്കും മൂന്നാം നിരയിൽ സുഖമായി ഇരിക്കാമെന്നാണ്​ ലാൻഡ് റോവർ പറയുന്നത്​.


എഞ്ചിൻ

നാല് സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകൾ ലാൻഡ്​റോവർ നൽകുന്നില്ല. ഹൈബ്രിഡുകൾ ഗണ്യമായ മെച്ചപ്പെട്ടു. ഏറ്റവും ഉയർന്ന മോഡലിൽ സൂപ്പർചാർജ്​ഡ്​ 5.0-ലിറ്റർ V8 ഇരട്ട-ടർബോ യൂനിറ്റാണ്​ വരുന്നത്​. ബി.എം.ഡബ്ല്യൂ ആണ്​ ഇൗ എഞ്ചിൻ നൽകുന്നത്​. 523hp ഉം 750Nm ഉം എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 4.6 സെക്കൻഡിൽ 100kph വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും​. 3.0-ലിറ്റർ ഇൻജീനിയം സ്‌ട്രെയിറ്റ് സിക്‌സുകളാണ്​ (രണ്ട് പെട്രോൾ, മൂന്ന് ഡീസൽ) പ്രധാന എഞ്ചിൻ ശ്രേണി. 48V മൈൽഡ്-ഹൈബ്രിഡ് യൂനിറ്റും നൽകിയിട്ടുണ്ട്​.


എൻട്രി ലെവൽ ഡി 250 ഡീസൽ 246hp മുതൽ പി 400 പെട്രോളിൽ 395hp വരെ പവർ ഔട്ട്‌പുട്ടുകളും ലഭിക്കും.എല്ലാ എഞ്ചിനുകളും എട്ട്-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ റേഞ്ച് റോവറിൽ സസ്‌പെൻഷനും സ്റ്റിയറിങും പൂർണ്ണമായും പരിഷ്‌ക്കരിച്ചു. മികച്ച ഓഫ് റോഡ്​ ശേഷിയുള്ള വാഹനമാണിത്​. 900 എംഎം വരെ ആഴത്തിൽ വെള്ളത്തിലൂടെ ഓടിക്കാൻ സാധിക്കും. ഡിഫൻഡറിന്​ സമാനമാണിത്​. 295 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആവശ്യ​െമങ്കിൽ 145 എംഎം കൂടി ഉയർത്താം.


ഇന്ത്യ ലോഞ്ച് പ്ലാനുകൾ

പുതിയ റേഞ്ച് റോവർ 2022 ന്റെ രണ്ടാം പാദത്തിൽ ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തും. വർഷാവസാനം വാഹനം ഇന്ത്യയിലെത്തുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - All-new 2022 Range Rover breaks cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.