ഒല വീഴുന്നു, വിൽപ്പനയിൽ 30 ശതമാനം ഇടിവ്, കനത്ത മത്സരവുമായി ടി.വി.എസും ബജാജും; നവംബറിലെ ഇ.വി വിൽപ്പനക്കണക്കുകൾ ഇങ്ങനെ

ന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയിലെ ഒന്നാമൻ ഏറെക്കാലമായി ഒല തന്നെയാണ്. എന്നാൽ, ഒലയുടെ ഒന്നാംസ്ഥാനത്തിന് ഇളക്കംതട്ടുമെന്ന സൂചനകൾ ഏതാനും മാസങ്ങളായി വിപണി നൽകിയിരുന്നു. ഇത് ശരിവെക്കുന്ന സംഖ്യകളാണ് നവംബറിലെ വിൽപ്പനക്കണക്കുകളിലും തെളിയുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആകെ വിൽപ്പനയിൽ നവംബറിലും കുതിപ്പ് തന്നെയാണ്. ആകെ 1,18,924 വാഹനങ്ങളാണ് പോയ മാസം വിറ്റത്. 2023 നവംബറിൽ ഇത് 92,116 ശതമാനമായിരുന്നു. 29 ശതമാനത്തിന്‍റെ വാർഷിക വർധനവ്. തുടർച്ചയായ രണ്ടാംമാസമാണ് വിൽപ്പന ലക്ഷം കടക്കുന്നത്. ഒക്ടോബറിൽ 1,39,783 വാഹനങ്ങളായിരുന്നു വിറ്റത്. ഫെസ്റ്റിവൽ മാസമായ ഒക്ടോബറിലേക്കാൾ വിൽപ്പനയിൽ കുറവുണ്ടെങ്കിലും നവംബറിലെ വിൽപ്പന മറ്റ് മാസങ്ങളേക്കാൾ മുന്നിൽ തന്നെയാണ്. 

നവംബറിൽ വിൽപ്പനയിൽ ഏറ്റവും ഇടിവ് നേരിട്ട കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക്കൽസ്. ഒക്ടോബറിൽ 41,775 സ്കൂട്ടറുകൾ വിറ്റ സ്ഥാനത്ത് നവംബറിൽ 29,191 ആയി ഒലയുടെ വിൽപ്പന ഇടിഞ്ഞു. 30.15 ശതമാനത്തിന്‍റെ ഇടിവ്. എങ്കിലും വിൽപ്പനക്കണക്കിൽ 31 ശതമാനം മാർക്കറ്റ് ഷെയറോടെ ഒന്നാമത് തുടരുകയാണ് ഒല. സ്കൂട്ടറുകളുടെ സർവിസ് പ്രശ്നങ്ങൾ, ഗുണനിലവാര പരാതികൾ തുടങ്ങിയവ ഒലയെ സാരമായി ബാധിക്കുന്നുവെന്നാണ് അനുമാനം.

 

വിൽപ്പനയിൽ രണ്ടാമതുള്ളത് ടി.വി.എസിന്‍റെ ഐക്യൂബാണ്. 26,971 സ്കൂട്ടറുകളാണ് ടി.വി.എസ് നവംബറിൽ വിറ്റത്. ഒക്ടോബറിൽ ഇത് 30,074 ആയിരുന്നു. മൂന്നാമതുള്ള ബജാജിന് 26,163 ചേതക് സ്കൂട്ടറുകൾ നവംബറിൽ വിൽക്കാനായി. ഒക്ടോബറിൽ ഇത് 28,360 ആയിരുന്നു. വിൽപ്പനയിൽ ഏറെക്കുറെ തുല്യതയിലുള്ള ടി.വി.എസും ബജാജും ഒലയുടെ ഒന്നാംസ്ഥാനത്തിന് കനത്ത ഭീഷണിയാകുന്നുണ്ട്.

 

12,741 സ്കൂട്ടറുകൾ വിറ്റ ഏഥർ നാലാംസ്ഥാനത്തും 7309 സ്കൂട്ടറുകൾ വിറ്റ ഹീറോ മോട്ടോർകോർപ് അഞ്ചാംസ്ഥാനത്തുമാണുള്ളത്. ഗ്രീവ്സ് ഇലക്ട്രിക്സ് (4468 സ്കൂട്ടറുകൾ), റിവോൾട്ട് മോട്ടോർസ് (1994), ബിഗോസ് (1878), കൈനറ്റിക് ഗ്രീൻ എനർജി (1095), ലെക്ട്രിക്സ് ഇവി (991) എന്നിവയാണ് വിൽപ്പനക്കണക്കിൽ ആറ് മുതൽ 10 വരെ സ്ഥാനത്ത്. 

 

Tags:    
News Summary - Electric Two wheeler Sales Data – November 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.