പഴമയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസിക് ബൈക്കുകളുടെ പുനരവതരണം നടത്തുകയാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. ഇവരുടെ അടുത്ത മോഡൽ ഒരു കഫേറേസർ അല്ലെങ്കിൽ സ്‌ക്രാംബ്ലർ ആയിരിക്കുമെന്നാണ് സൂചന. നേരത്തേ പുറത്തിറക്കിയ റെട്രോ സ്റ്റൈൽ ബൈക്കായ ഹൈനസ് സി.ബി 350ക്ക് പിന്നാലെയാണ് മറ്റൊരു മോഡൽകൂടി അവതരിപ്പിക്കുന്നത്.
ഫെബ്രുവരി 16നാണ് വാഹനം അവതരിപ്പിക്കുകയെന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ പിൻഭാഗത്തിന്‍റെ ടീസർ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. എന്താണ് വരാനിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹൈനസ് സിബി 350 അടിസ്ഥാനമാക്കിയുള്ള സ്‌ക്രാംബ്ലർ അല്ലെങ്കിൽ കഫേറേസർ ആണ് പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രീമിയം ഉത്പന്നം
വരാനിരിക്കുന്ന മോട്ടോർസൈക്കിൾ നിലവിലുള്ള ഹൈനസ് സിബി 350 പോലെ പ്രീമിയം ഉൽപ്പന്നമായിരിക്കും. ഹോണ്ടയുടെ ബിഗ് വിങ് ഡീലർഷിപ്പ് വഴിയായിരിക്കും വാഹനം വിൽക്കുക. സ്‌ക്രാംബ്ലർ ബോഡി കിറ്റ് വാഹനത്തിന് നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പുതിയ ബൈക്ക് മിക്കവാറും ഹൈനസിന്‍റെ ഓഫ്-റോഡ് പതിപ്പായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. റോഡിലോടാൻ പാകത്തിനുള്ള ടയറുകൾ ലഭിക്കുന്ന ഹൈനസിൽ നിന്ന് വ്യത്യസ്തമായി അലോയ് വീലുകളാണ് ടീസർ ഇമേജിൽ കാണുന്നത്. ഇതാണ് വാഹനം ഓഫ്-റോഡറാകാൻ സാധ്യതയുണ്ടെന്ന് പറയാൻ കാരണം.
നിലവിൽ വിപണിയിൽ ലഭ്യമായ കഫേറേസർ മോഡലാണ് േറായൽ എൻഫീൽഡിന്‍റെ കോണ്ടിനെന്‍റർ ജി.ടി. 650 സി.സി വാഹനമായ കോണ്ടിനെന്‍റൽ ജി.ടിക്ക് നേരിട്ടുള്ള എതിരാളി ആയിരിക്കില്ലെങ്കിലും ഹോണ്ട പുതിയൊരുകൂട്ടം ആരാധകരെ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എക്‌സ്‌ഹോസ്റ്റ്, റിയർ മഡ്‌ഗാർഡ്, കൗണ്ടർ സീറ്റ് തുടങ്ങിയവ മാത്രമാണ് ചിത്രത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഹൈനസിന്‍റെ 348 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 20.9 ബിഎച്ച്പിയും 30 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.