പോക്കറ്റിൽ പണമില്ലാത്തത് കൊണ്ട് ഇലക്ട്രിക് വാഹനമെന്ന മോഹം മാറ്റിവെക്കേണ്ട എന്നുപറയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ഇവി കമ്പനിയായ ഒല. വെറും 39,999 രൂപക്ക് ബഡ്ജറ്റ് സ്കൂട്ടറുകൾ രംഗത്തെത്തിച്ച് ഞെട്ടിക്കുകയാണ് ഒല.
തങ്ങളുടെ ആദ്യത്തെ ബി2ബി-ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ് പ്ലസ് എന്നീ മോഡലുകൾ യഥാക്രമം 39,999 രൂപ, 49,999 രൂപ, 59,999 രൂപ, 64,999 രൂപ എക്സ് ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാർഥികൾ, യുവ പ്രഫഷണലുകൾ, പ്രായമായ റൈഡർമാർ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ് മോഡലുകൾ. ഒല എസ്1 ഇസഡ് പ്ലസ് ഇ-കൊമേഴ്‌സ്/ഡെലിവറിക്കും മറ്റുമുള്ള വാണിജ്യപരമായ ഉപയോഗത്തിനും അനുയോജ്യമാണ്. 2025 ഏപ്രിൽ മുതൽ ഉപഭോക്താക്കളുടെ കൈകളിലെത്തുന്ന സ്കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇന്നുമുതൽ 499 രൂപ മുടക്കി ബുക്ക് ചെയ്തിടാവുന്നതാണ്.
പുതിയ ഒല ഗിഗ് ഒരു വാണിജ്യ ഇരുചക്രവാഹനമായാണ് രൂപകൽപന. അതുപോലെ, റൈഡറിന് വലിയ ഒറ്റ സീറ്റും പിന്നിൽ വലിയ കാരിയറുമായി ഇത് വരുന്നു. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകൾ ഉപയോഗിക്കുന്ന സ്കൂട്ടറിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ഉണ്ട്. ഒല ഗിഗ് ബേസ് മോഡലിന് 250-വാട്ട് മോട്ടോറും 25 കെ.പി.എച്ച് വേഗതയുമുണ്ട്. അതായത് വാഹനം രജിസ്റ്റർ ചെയ്യാതെ തന്നെ റോഡിൽ ഉപയോഗിക്കാൻ കഴിയും. പ്രധാന മെട്രോ നഗരങ്ങളിൽ നമ്മൾ കാണുന്ന യുലു മോഡലുകൾക്ക് ഈ വാഹനം മികച്ച എതിരാളിയായിരിക്കും.
ഗിഗ് പ്ലസ് 1.5 കിലോവാട്ട് മോട്ടോറിൽ 45 കെ.പി.എച്ച് വേഗതയുള്ളത് കൊണ്ട് രജിസ്ട്രേഷൻ നിർബന്ധമാകും. ഒല ഗിഗ് പ്ലസിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും 157 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും.
എസ്1 ഇസെഡ് 70 കിലോമീറ്റർ വേഗതയും 146 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും. 1.8 സെക്കൻഡിൽ 0-20 കിലോമീറ്റർ വേഗതയും 4.8 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൈവരിക്കും. ആപ് അധിഷ്‌ഠിതമായാണ് സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുക.
അതിവേഗ ചാർജിങ്ങാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ, അതുസംബന്ധിച്ച സമയത്തെക്കുറിച്ച് ഇതുവരെ വിശദമാക്കിയിട്ടില്ല. ഒല ഡിജിറ്റൽ റെൻഡർ ഇമേജുകൾ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. മറ്റ് സവിശേഷതകളൊന്നുമില്ല. ഇപ്പോൾ, സീറ്റിന്റെ ഉയരം, ഭാരം, ഭാരം വഹിക്കാനുള്ള കഴിവ്, ചക്രങ്ങളുടെ വലുപ്പം തുടങ്ങിയ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.