ലിമിറ്റഡ് എഡിഷൻ ഡിയോ സ്പോർട്സുമായി ഹോണ്ട മോട്ടോഴ്സ്. സ്ട്രോൺഷ്യം സിൽവർ മെറ്റാലിക് വിത് ബ്ലാക്ക്, സ്‌പോർട്‌സ് റെഡ് വിത് ബ്ലാക്ക് എന്നിങ്ങനെ പുതിയ ഹോണ്ട ഡിയോ സ്‌പോർട്‌സ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്‍കൂട്ടർ ലഭിക്കും. യഥാക്രമം 68,317 രൂപയും 73,317 രൂപയുമാണ് സ്‍കൂട്ടറിന്‍റെ ഡൽഹി എക്സ്-ഷോറൂം വില.
പുതിയ ഗ്രാഫിക്സും സ്‌പോർട്ടി റെഡ് റിയർ സസ്‌പെൻഷനുമായാണ് സ്കൂട്ടർ വരുന്നത്. ഡീലക്സ് വേരിയന്റിൽ സ്പോർട്ടി അലോയി വീലുകളുമുണ്ട്. ഡിയോ സ്‌പോർട്‌സിന് കരുത്തേകുന്നത് 110 സിസി, എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) ഉള്ള PGM-FI എഞ്ചിനാണ്. എഞ്ചിന് 8,000 ആർപിഎമ്മിൽ 7.65 ബിഎച്ച്പിയും 4,750 ആർപിഎമ്മിൽ ഒമ്പത് എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും.
ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച്, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ്, പാസിങ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളും ഉണ്ട്. ഇക്വലൈസർ സഹിതമുള്ള കോംബി-ബ്രേക്ക് സിസ്റ്റം, മൂന്ന് സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൂന്ന് സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ എന്നിവയും സ്‌കൂട്ടറിന് ലഭിക്കും.
പുതിയ ഡിയോ സ്‌പോർട്‌സ് യുവത്വത്തിന്റെയും പ്രസരിപ്പിന്റേയും സംയോജനമാണെന്ന് സ്‍കൂട്ടറിനെ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്‌ടറും പ്രസിഡന്റും സി.ഇ.ഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു. സ്കൂട്ടർ യുവതലമുറയെ അതിന്റെ സ്‌പോർട്ടി വൈബും ട്രെൻഡി ലുക്കും കൊണ്ട് കൂടുതൽ സന്തോഷിപ്പിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.