കാറും വിമാനവും തമ്മിലൊരു ട്രേഡ്മാർക്ക് 'തല്ല്'; മഹീന്ദ്രക്കെതിരെ ഇൻഡിഗോ ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: മഹീന്ദ്രയുടെ BE 6e ഇലക്ട്രിക് എസ്‌.യു.വിക്ക് '6E' ബ്രാൻഡിംഗ് ഉപയോഗിച്ചതിനെതിരെ ഇൻഡിഗോ എയർലൈൻസ് മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിനെതിരെ ഡൽഹി ഹൈകോടതിയിൽ ട്രേഡ്‌മാർക്ക് ലംഘന കേസ് ഫയൽ ചെയ്തു.

പരസ്യവും ഗതാഗതവും ഉൾപ്പെടെ വിവിധ മേഖലകളിൽ തങ്ങൾ ഉപയോഗിക്കുന്ന ട്രേഡ് മാർക്കാണ് '6E' യെന്നും അതിന്റെ അനധികൃതമായ ഉപയോഗം അവകാശ ലംഘനമാണെന്നുമാണ് ഇൻഡിഗോ പറയുന്നത്. 6E ഈറ്റ്‌സ്, 6E പ്രൈം, 6E ഫ്ലെക്‌സ് എന്നിങ്ങനെ വിവിധ യാത്രാ കേന്ദ്രീകൃത സേവനങ്ങൾക്കും ഇൻഡിഗോ '6E' ട്രേഡ് മാർക്കാണ് ഉപയോഗിക്കുന്നത്. ഈ ട്രേഡ് മാർക്കിന് ആഗോളതലത്തിൽ വലിയ അംഗീകാരമുള്ളതെന്നും ഇൻഡിഗോ ചൂണ്ടിക്കാണിക്കുന്നു.

ഇൻഡിഗോ നൽകിയ ഹരജി ഡിസംബർ ഒമ്പതിന് കോടതി പരിഗണിക്കും. ഇതിനിടെ മഹീന്ദ്രയുമായി ബന്ധപ്പെട്ട കക്ഷികൾ ഇൻഡിഗോയിൽ നേരിട്ടെത്തി പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയെന്ന ഇൻഡിഗോ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു.

അതേസമയം, '6e' എന്നത് 'BE 6e' എന്ന വാഹനത്തിനായി ഫയൽ ചെയ്ത വ്യാപരമുദ്രയാണ്. മഹീന്ദ്ര ഇലക്ട്രിക്കിന്റെ രജിസ്ട്രേഷൻ അഭ്യർത്ഥന നവംബർ 25-ന് ട്രേഡ് മാർക്ക് രജിസ്ട്രാർ അംഗീകരിച്ചിട്ടുണ്ടെന്നും മഹീന്ദ്ര അധികൃതർ പ്രതികരിക്കുന്നു. ഇൻഡിഗോയുടെ സേവനങ്ങളിൽ നിന്ന് വിദൂരമായ സാമ്യം പോലും തങ്ങളുടെ ഇവിക്ക് ഇല്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ 'BE 6e' എന്നാണ് ഉപയോഗിക്കുന്നത്. ഇൻഡിഗോയുടെ '6E' ട്രേഡ്‌മാർക്കിൽ നിന്ന് വ്യത്യസ്തമായതിനാൽ ആശയക്കുഴപ്പത്തിന് സാധ്യതയില്ലെന്നും മഹീന്ദ്ര വാദിക്കുന്നു.

സങ്കീർണതളേറെയുള്ള ഈ വിഷയത്തിൽ ഇരു കമ്പനികളും കോടതിയുടെ അടുത്ത ഹിയറിങ്ങിന് മുൻപായി ഒത്തുതീർപ്പിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചന. 

Tags:    
News Summary - IndiGo sues Mahindra for copyright infringement over BE 6E name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.