മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത് 30 ലക്ഷം കാറുകൾ; 100 രാജ്യങ്ങളിലേക്ക് 17 മോഡലുകൾ

ന്യൂഡൽഹി: ഇന്ത്യൻ റോഡുകൾ പതിറ്റാണ്ടുകളായി അടക്കിഭരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് ഇതുവരെ കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. 1987 ൽ കയറ്റുമതി തുടങ്ങിയ കാലം മുതൽ ഇന്നുവരെ കയറ്റി അയച്ച കാറുകളുടെ എണ്ണമാണിത്.

500 കാറുകൾ ഹംഗറിയിലേക്ക് അയച്ച് കയറ്റുമതിക്ക് തുടക്കമിട്ട മാരുതി സുസുക്കി ഇന്ന് 100 രാജ്യങ്ങിലേക്ക് 17 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവയാണ് പ്രധാന വിപണി. 2030-31 സാമ്പത്തിക വർഷത്തോടെ 7,50,000 യൂണിറ്റുകൾകൂടി കയറ്റുമതി ചെയ്യാനാണ് പദ്ധതി. 


1,053 നിർമിത മാരുതി കാറുകൾ അടങ്ങുന്ന ഏറ്റവും പുതിയ ലോഡ് ഗുജറാത്തിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അതിൽ സെലെരിയോ , ഫ്രോങ്ക്‌സ്, ജിംനി,ബലേനോ, സിയാസ്, ഡിസയർ, എസ്-പ്രെസ്സോ തുടങ്ങിയ മോഡലുകളാണ് ഉള്ളത്.

പ്രാദേശികമായി നിർമിച്ച മറ്റ് കാറുകളും എസ്‌.യു.വികളും ലെഫ്റ്റ് -റൈറ്റ് ഡ്രൈവ് കാറുകളും കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ, ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് ടൊയോട്ട ബ്രാൻഡഡ് കാറുകളും എസ്‌.യു.വികളും മാരുതി കയറ്റി അയക്കുന്നുണ്ട്.

2012-13 സാമ്പത്തിക വർഷത്തിലാണ് മാരുതി സുസുക്കി അവരുടെ കയറ്റുമതി നാഴികകല്ല് ഒരു മില്യൺ പിന്നിടുന്നത്. 2020-21 വർഷമെത്തിയപ്പോൾ അത് രണ്ട് മില്യണായി വർധിച്ചു. എന്നാൽ അടുത്ത ഒരു മില്യൺ കടക്കാൻ വേണ്ടി വന്നത് വെറും മൂന്ന് വർഷവും ഒമ്പത് വർഷവും മാത്രമാണ്.   


ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പാസഞ്ചർ വാഹനങ്ങളിൽ 40 ശതമാനവും മാരുതി സുസുക്കിയിൽ നിന്നാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മാരുതി സുസുക്കി 1,81,444 യൂനിറ്റുകൾ കയറ്റുമതി ചെയ്തു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17.4 ശതമാനം വർധനയാണ് കാണിക്കുന്നത്.

Tags:    
News Summary - Maruti Suzuki exports cross 30 lakh unit milestone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.