മഞ്ഞുമലകൾക്ക് പിന്നാലെ ചുട്ടുപ്പഴുത്ത മരുഭൂമിയും താണ്ടി അവൻ വരുന്നു; ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണവും പിന്നിട്ടു

ഷാർജ: അടുത്ത വർഷം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണവും പിന്നിടുന്നു. ഇലക്ട്രിക് റേഞ്ച് റോവറിലെ തെർമൽ മാനേജ്‌മെൻറ് സിസ്റ്റത്തിന്റെ കരുത്ത് പ്രകടമാക്കാനുള്ളതായിരുന്നു പരീക്ഷണം.   


യു.എ.ഇയിലെ ചുട്ടുപഴുത്ത മരുഭൂമിയിൽ +50°C (122°F) താപനിലയിൽ കർശനമായ പരീക്ഷണത്തിലൂടെ കടന്നുപോകുന്ന ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള ഒരു പുതിയ ചിത്രങ്ങളും ചില വിശദാംശങ്ങളും പുറത്തുവരുന്നത്. നേരത്തെ ആർട്ടിക് സർക്കിളിൽ -40°C (-40°F) പരീക്ഷണം നടത്തിയതിന് ശേഷമാണ് യു.എ.ഇയിലെത്തുന്നത്. 


റേഞ്ച് റോവറിലെ തെർമൽ മാനേജ്‌മെൻറ് സിസ്റ്റത്തിന് കടുത്ത ചൂടിനെ പ്രതിരോധിക്കാനാകുമോ എന്നതാണ് പരീക്ഷണ ലക്ഷ്യം. എല്ലാ കാറുകളും പ്രതീക്ഷകൾക്കപ്പുറമായിരുന്നുവെന്ന് ജാഗ്വാർ ലാൻഡ് റോവർ (ജെ.എൽ.ആർ) പറയുന്നു. ഷാർജയിലെ അൽ ബദയർ മരുഭൂമിയുടെ ഹൃദയഭാഗത്തുള്ള 300 അടി മണൽക്കൂനയിലായിരുന്നു പരീക്ഷണയോട്ടം നടന്നത്.   


ജാഗ്വാർ ഐ-പേസിന് ശേഷം ജെ.എൽ.ആറിന്റെ രണ്ടാമത്തെ പൂർണ ഇലക്ട്രിക് എസ്‌.യു.വിയാണിത്. ബാറ്ററി, ഇലക്ട്രിക് ഡ്രൈവ് യൂനിറ്റ് ഇൻ-ഹൗസ് അസംബിൾ ചെയ്ത ആദ്യത്തെ കാറാണ് ഇതെന്ന് ജെ.എൽ.ആർ അവകാശപ്പെടുന്നു. എന്നിരുന്നാലും, 800 വാട്ട് ചാർജിംഗ് ആർക്കിടെക്ചർ ഉപയോഗിക്കുമെന്ന മുൻ സ്ഥിരീകരണത്തിനപ്പുറം നിർദിഷ്ട സാങ്കേതിക വിശദാംശങ്ങളോ പ്രകടന കണക്കുകളോ ഇതുവരെ പുറത്തു വന്നിട്ടില്ല. 


അതേസമയം, ഇന്ത്യയിൽ ഇവികൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ജെ.എൽ.ആർ. 9,000 കോടി രൂപ മുടക്കി ടാറ്റ മോട്ടോഴ്‌സ് ചെന്നൈയിൽ സ്ഥാപിക്കുന്ന പുതിയ പ്ലാൻറിലായിരിക്കും ജാഗ്വാർ ലാൻഡ് റോവർ ഇവികൾ നിർമിക്കുക. 

Tags:    
News Summary - Range Rover electric undergoes high temperature testing in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.