സൗദിയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ 'സീർ' കമ്പനി

 ജിദ്ദ: സൗദി അറേബ്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കുന്നത് 'സീർ' എന്ന കമ്പനിയായിരിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് സൗദിയിലെ ആദ്യ ഇലക്ട്രിക് കാർ നിർമാണ കമ്പനി 'സീർ' എന്ന പേരിൽ ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ ഇലക്ട്രിക് കാർ വ്യവസായത്തിനുള്ള ആദ്യ ബ്രാൻഡായിരിക്കും ഈ കമ്പനി. പൊതുനിക്ഷേപ ഫണ്ടിന്റെ നിർദേശാനുസൃതമായാണ് കമ്പനിയുടെ ആരംഭം. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് ഇണങ്ങുംവിധമാണ് കമ്പനി രൂപവത്കരിക്കൽ.

സൗദി സമ്പദ്‌ വ്യവസ്ഥയുടെ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി കാർബൺ ബഹിർഗമനം കുറക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതുമാണ് ഇലക്ട്രിക് കാർ നിർമാണം.പുതിയ കമ്പനി പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രാദേശിക പ്രതിഭകൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് കിരീടാവകാശി പറഞ്ഞു. പൊതുനിക്ഷേപ നിധിയുടെയും ഫോക്‌സ്‌കോൺ ബഹുരാഷ്ട്ര കമ്പനിയുടെയും സംയുക്ത സംരംഭമാണ് 'സീർ'.

കമ്പനിയുടെ ഇലക്ട്രിക് വാഹന ഘടകങ്ങൾക്ക് ബി.എം.ഡബ്ല്യു ലൈസൻസ് നൽകും. സീർ കമ്പനിയുടെ സമാരംഭം രാജ്യത്തെ കാറുകൾക്കായി ഒരു ബ്രാൻഡ് നിർമിക്കുക മാത്രമല്ല ലക്ഷ്യമിടുന്നത്. ദേശീയ വ്യവസായിക വ്യവസ്ഥയുടെ വികസനത്തെ പിന്തുണക്കുന്ന ഒന്നിലധികം തന്ത്രപ്രധാന മേഖലകളുടെ ശാക്തീകരണത്തെ പിന്തുണക്കുകയും പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നതിനും കൂടിയാണ്. ഇത് സ്വകാര്യ മേഖലക്ക് പുതിയ അവസരങ്ങൾ നൽകും. അടുത്ത ദശകത്തിൽ രാജ്യത്തിന്റെ ജി.ഡി.പി വർധിപ്പിക്കുന്നതിന് സംഭാവന നൽകും.

സീർ 562 ദശലക്ഷം റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുമെന്നും 30,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും ജി.ഡി.പിയിലേക്കുള്ള അതിന്റെ നേരിട്ടുള്ള സംഭാവന 3000 കോടി റിയാലിലെത്തുമെന്നും പ്രതീക്ഷിക്കുന്നതായി കിരീടാവകാശി പറഞ്ഞു. പൊതുനിക്ഷേപ ഫണ്ടിന്റെ തന്ത്രം അനുസരിച്ചായിരിക്കും സീർ കമ്പനി പ്രവർത്തിക്കുക.

നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങൾ കമ്പനി രൂപകൽപന ചെയ്യുകയും നിർമിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യും. സെൽഫ് ഡ്രൈവിങ് കാറുകളുള്ള സാങ്കേതിക സംവിധാനങ്ങളും നിർമിക്കും. കമ്പനിയുടെ കാറുകൾ 2025ൽ വിൽപനക്ക് ലഭ്യമാകുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

സ​ന്തോ​ഷ​മെ​ന്ന് ഫോ​ക്‌​സ്‌​കോ​ൺ

സൗദി അറേബ്യയിൽ ഇലക്ട്രിക് കാറുകൾ രൂപകൽപന ചെയ്യാനും നിർമിക്കാനും വിപണിയിലെത്തിക്കാനും വേണ്ടി കാർ കമ്പനി സ്ഥാപിക്കുന്നതിന് പൊതുനിക്ഷേപ ഫണ്ടുമായുണ്ടാകുന്ന പങ്കാളിത്തത്തിൽ വളരെ സന്തുഷ്ടനാണെന്ന് ഫോക്‌സ്‌കോൺ ചെയർമാൻ യോങ് ലിയു പറഞ്ഞു. സെൽഫ്-ഡ്രൈവിങ് സിസ്റ്റം ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളിൽ വേറിട്ടുനിൽക്കുന്ന ഇലക്ട്രിക് കാറുകൾ നിർമിക്കാൻ സീർ കമ്പനിയെ പിന്തുണക്കും.

ഇതിനായി തങ്ങളുടെ വൈദഗ്ധ്യം നിക്ഷേപിക്കും. ഇലക്ട്രിക് കാറുകൾ എന്ന ആശയം പ്രോത്സാഹിപ്പിക്കാനും അവയുടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും തങ്ങൾ ലക്ഷ്യമിടുന്നു. ഇതാണ് രാജ്യത്തും മേഖലയിലും സീറും ലക്ഷ്യമിടുന്നതെന്നും ഫോക്സ്കോൺ ചെയർമാൻ പറഞ്ഞു.

Tags:    
News Summary - 'Seer' company to manufacture electric cars in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.