‘രാവണ പ്രഭു’ സിനിമയിൽ മോഹൻലാലിന്റെ ഇൻട്രോ സീൻ ഓർമയുണ്ടോ? തന്റെ ടൊയോട്ട പ്രാഡോയിൽ അതിവേഗത്തിലെത്തി റോഡിൽ രണ്ടു റൗണ്ട് കറക്കി പതിയെ ഗ്ലാസ് താഴ്ത്തി നായകൻ പുറത്തേക്കിറങ്ങുന്നു. ഡോർ ഷൂ കൊണ്ട് ഒരൊറ്റ തൊഴിയാണ്. ഡോർ ടപ്പേന്ന് അടയുന്നു. തുടർന്ന് കൊലമാസ് ഡയലോഗും ബി.ജി.എമ്മും, ശുഭം. ഇനി ഒന്നുകൂടി ഇപ്പോ പറഞ്ഞ രംഗങ്ങൾ ഓർത്തു നോക്കിയേ... വാഹനങ്ങളെ സ്നേഹിക്കുന്നവർക്ക് അത്രക്കങ്ങ് രസമായി തോന്നില്ല ആ ഡോർ കാല് കൊണ്ട് വലിച്ചടച്ചത്. സിനിമയല്ലേ, സാരമില്ല. ഇനി യാഥാർഥ്യത്തിലേക്ക് വന്നാൽ, നിങ്ങൾ കാറിന്റെ ഡോർ എങ്ങനെയാണ് അടക്കുന്നത്? അതുപോട്ടെ നിങ്ങളുടെ സഹയാത്രികർ വാഹനത്തിൽനിന്ന് ഇറങ്ങുമ്പോൾ ബാക്കി ഡോറുകൾ എങ്ങനെയാണ് അടക്കുന്നത്?
അധികം ആലോചിക്കണ്ട. തീരെ പതുക്കെയും ആഞ്ഞടിച്ചും ഡോറടച്ചാൽ പണി കിട്ടും. തീരെ പതുക്കെ അടച്ചാൽ ലോക്ക് കൃത്യമായി വീഴണമെന്നില്ല. പുതിയ വാഹനങ്ങളിലൊക്കെ ലോക്ക് വീണില്ലെങ്കിൽ അലാറം, ഡിസ്പ്ലേ വാണിങ് ലൈറ്റ് ഇവ ഓൺ ആകുന്നതിനാൽ അത്ര പ്രശ്നമില്ല. എന്നാലും ഓടിക്കൊണ്ടിരിക്കേ വാഹനം നിർത്തി മറ്റ് വാഹനം വരുന്നുണ്ടോ എന്നൊക്കെ നോക്കി വീണ്ടും അടക്കുന്നതിനൊക്കെയായി വെറുതെ സമയം കളയണ്ട കാര്യമില്ലല്ലോ. ആദ്യംതന്നെ ശരിയായി ഡോർ അടച്ചിട്ടുണ്ട് എന്നുറപ്പാക്കിയ ശേഷം വാഹനം റോഡിലേക്കിറക്കുന്നതല്ലേ നല്ലത്. നിരവധി സെൻസറുകൾ ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളുടെ ഡോറുകളിൽ കമ്പനി ഫിറ്റ് ചെയ്തിട്ടുണ്ടാകും. അതിനാൽതന്നെ ആഞ്ഞ് വലിച്ച് അടക്കുന്നത് ഒഴിവാക്കി ഡോർ ഒരു മയത്തിൽ ഒക്കെ അടക്കുന്നതാണ് നല്ലത്. അപ്പോ ബോണറ്റടക്കുമ്പോഴോ? ലോക്കിന് ഒരടിയെങ്കിലും മുകളില്‍നിന്ന് ബോണറ്റ് മെല്ലെ താഴെ ഇടുന്നതാണ് ലോക്ക് ശരിയായി അടക്കാനുള്ള രീതി.
ഗ്ലാസ് പൊക്കുമ്പോൾ
എ.സി ഒഴിവാക്കി വിൻഡോ ഗ്ലാസ് തുറന്നിട്ട് യാത്ര ചെയ്യുമ്പോൾ ഗ്ലാസുകൾ ഒരു 10, 15 സെ. മീറ്റർ പൊക്കി വെക്കുന്നതാണ് നല്ലത്. ഗ്ലാസുകൾ പൂർണമായും താഴേക്ക് സ്ക്രോൾ ചെയ്താണ് യാത്രയെങ്കിൽ ഈ ബീഡിങ്ങിൽ പൊടിപടലങ്ങൾ കയറാൻ സാധ്യതയേറെയാണ്. ഗ്ലാസ് അൽപം ഉയർത്തി ബീഡിങ് കവർ ചെയ്താൽ അതിന് സംരക്ഷണമായി.
പണ്ട് അംബാസഡര്‍ കാറുകൾ നിരത്തുകളിൽ നിറഞ്ഞ് ഓടിയിരുന്ന കാലത്ത്, കയറുമ്പോഴും ഇറങ്ങുമ്പോഴും ഡോര്‍ വലിച്ചടക്കാന്‍ വാഹനം ഓടിക്കുന്നവര്‍ പറയുമായിരുന്നു. എന്നാല്‍ അക്കാലമൊക്കെ പഴങ്കഥയായി, സങ്കേതികവിദ്യ ന്യൂജനായി. ഡീസൽ കാറുകൾക്കുപോലും എൻജിനുകളുടെ കഠോരശബ്ദം കേട്ടുകേൾവിയായി മാറി. നമ്മൾ കാറിലാണ് വന്നിറങ്ങുന്നതെന്ന് നാട്ടുകാരെയൊക്കെ അറിയിക്കണ്ട ഒരാവശ്യവും ഇല്ലന്നേ. അപ്പോ ടപ്പെ ടപ്പേന്ന് വൻ ശബ്ദത്തിൽ ഡോർ അടക്കണ്ട, ഒരു മയത്തിലൊക്കെ മതി ഇനിമുതൽ.
ഡോറിൽ ഇത്രേം ഐറ്റംസ് ഉണ്ടോ?
ഡോർ ലോക്ക്, സെൻട്രൽ ലോക്ക് സ്വിച്ച് കണക്ടർ, പവർ വിൻഡോ സെൻസർ, പവർ വിൻഡോ സ്വിച്ച്, അതിന്റെ മോേട്ടാർ, സെക്യൂരിറ്റി അലാറം കണക്ടർ, ഡോർ സീൽ, ഡോർ പാനൽ, എക്സ്റ്റീരിയർ & ഇന്റീരിയർ ഡോർ ഹാൻഡിൽ, അതിന്റെ സ്പ്രിങ്ങുകൾ, ലോക്കുകൾ, റിയർ വ്യൂ മിറർ, സ്പീക്കറുകൾ, ഡോർ എഡ്ജ് ഗാർഡ്, മഡ് ഫ്ലാപ്പ്സ്, വിൻഡ്ഷീൽഡ് റബർ ബീഡിങ്സ്, വിൻഡോ റെഗുലേറ്റർ ഇവ കൂടാതെ വിവിധ ഫങ്ഷനുകളുടെ സ്വിച്ചുകൾ, വിൻഡോ ഗ്ലാസ് മുതൽ റെയിൻ ഗാർഡ് പ്രൊട്ടക്ടർ വരെ എന്തിനേറെ വെള്ളം കുടിക്കാനുള്ള കുപ്പി വരെ ഡോറിലാണുള്ളത്.
ലോക്ക് വീഴാത്തതെന്താണ്?
കാറിന്റെ ഡോറുകളും ബോണറ്റും ഡിക്കി ബൂട്ടും ഒക്കെ സ്പ്രിങ്ങുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലാച്ച് സിസ്റ്റം വഴിയാണ് പ്രവർത്തിക്കുന്നത്. ഡോര്‍ അടക്കുമ്പോള്‍ ലാച്ച് മുകളിലേക്ക് നീങ്ങുകയും ലോക്കാവുകയും ചെയ്യും. കാറിന്റെ ഡോര്‍ തീരെ പതിയെ അടിച്ചാല്‍ ഈ ലോക്കില്‍ വീഴില്ല. ഇത് കാരണമാണ് ഡോര്‍ ശരിയായി അടയാതെ വരുന്നത്.
കാറിന്റെ വിൻഡോ, ഡോർ സീൽ എന്നിവയെല്ലാം വല്ലപ്പോഴും വൃത്തിയാക്കുന്നത് നന്നായിരിക്കും. വിൻഡോയുടെ പാനലുകളും ബീഡിങ്ങുകളും കഠിനമായ രാസവസ്തുക്കളോ മറ്റോ ഉപയോഗിച്ച് ഉരച്ചുതേക്കുന്നത് ഒഴിവാക്കുക, റബർ മെറ്റീരിയൽ ഭാഗങ്ങളെ നശിപ്പിക്കുന്ന ഇത്തരം പ്രവൃത്തി ഒഴിവാക്കി പകരം വീര്യം കുറഞ്ഞ ഉൽപന്നം ഉപയോഗിച്ച് തുടച്ചാൽ മതി. കാറിന്റെ ഇന്റീരിയറിലേക്ക് വെള്ളം, പൊടി എന്നിവ കടക്കുന്നത് തടഞ്ഞുനിർത്തുന്നത് ഈ റബർ സീൽഡ് ബീഡിങ്ങുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.