കാർ ഓടിക്കാൻ തുടങ്ങുന്ന ഒരാൾ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് ഗിയർമാറ്റം. കൃത്യമായി ഗിയർ മാറാനും ഹാഫ് ക്ലച്ചിൽ നിർത്തി വാഹനം എടുക്കാനും അറിയാത്തതുകൊണ്ടുമാത്രം കാർ ഓടിക്കാൻ മടിക്കുന്ന ധാരാളംപേരുണ്ട്. അവർക്ക് ആശ്വാസമാണ് ഓട്ടോമാറ്റിക് കാറുകൾ. ലോകത്തെ മിക്ക മുൻനിര രാജ്യങ്ങളും പൂർണമായി ഓട്ടോമാറ്റിക് ആയിട്ട് എത്രയോ നാളുകളായി. എന്നാൽ നാം ഇപ്പോഴും മാനുവൽ യുഗത്തിൽ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ചില ഓട്ടോമാറ്റിക് കാറുകൾ പരിചയപ്പെടാം.
നിലവിൽ രാജ്യത്ത് ഇറങ്ങുന്ന മിക്ക വാഹന മോഡലുകളുടേയും ഓട്ടോമാറ്റിക്കുകളും ലഭ്യമാണ്. മാരുതി, ഹ്യുണ്ടായ് പോലുള്ള നിർമാതാക്കൾ തങ്ങളുടെ എല്ലാ മോഡലുകളുടേയും ഒരു ഓട്ടോമാറ്റിക് വേരിയന്‍റും പുറത്തിറക്കാറുണ്ട്. എ.എം.ടി എന്ന വിലകുറവുള്ള ടെക്നോളജി മുതൽ ടോർക് കൺവെർട്ടർ എന്ന പരമ്പരാഗത രീതിവരെ ഓട്ടോമാറ്റിക്കിൽ കാണാം.
ബലേനോ ഓട്ടോമാറ്റിക്
മാരുതി സുസുകി ബലേനോയിൽ അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിൽ പ്രീമിയം ഹാച്ച് ലഭ്യമാണ്. എ.എം.ടി അത്ര മികച്ച ഒാട്ടോമാറ്റിക് ടെക്നോളജി ആണെന്ന് പറയാനാകില്ല. എന്നാൽ വിലക്കുറവ് എന്നതാണ് എ.എം.ടിയുടെ പ്രത്യേകത. അധികം പണംമുടക്കാതെ ഓട്ടോമാറ്റിക് ലക്ഷ്യമിടുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബലേനോ. വില 8.00 മുതൽ 9.88 ലക്ഷം രൂപ വരെ.
സ്വിഫ്റ്റ് ഓട്ടോമാറ്റിക്
7.50 ലക്ഷം മുതൽ 8.89 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്കാണ് മാരുതി സ്വിഫ്റ്റ് ഓട്ടോമാറ്റിക് വിപണിയിൽ എത്തുന്നത്. ഇവിടേയും അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്‌സാണ് ലഭിക്കുക. വിവിധ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ക്രീപ്പ് മോഡും നൽകിയിട്ടുണ്ട്. നഗരയാത്രകൾക്ക് മികച്ച ഓപ്ഷനാണ് സ്വിഫ്റ്റ് ഓട്ടോമാറ്റിക്.
ഹ്യുണ്ടായി i20
മാരുതി വാഹനങ്ങളേക്കാൾ കുറച്ചുകൂടി പ്രീമിയം വാഹനങ്ങളാണ് ഹ്യൂണ്ടായ് ഓട്ടോമാറ്റിക്കുകൾ. ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഡി.സി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് അല്ലെങ്കിൽ സി.വി.ടി എന്നിവയ്‌ക്കൊപ്പം i20 പ്രീമിയം ഹാച്ച് ലഭ്യമാകും. 9.11 മുതൽ 11.73 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഡി.സി.ടി 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും, സി.വി.ടി 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും ലഭ്യമാണ്.
ടൊയോട്ട ഗ്ലാൻസ
ബലേനോയുടെ ടൊയോട്ട പതിപ്പായ ഗ്ലാൻസയിലും എ.എം.ടി ഗിയർബോക്സ് ലഭ്യമാണ്. 8.25 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഗ്ലാൻസയുടെ എക്സ്-ഷോറൂം വില. S, G, V എന്നീ മൂന്ന് വേരിയന്റുകളിൽ അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്സുമായാണ് ഗ്ലാൻസ വരുന്നത്.
ടാറ്റ ആൽട്രോസ്
ടാറ്റ മോട്ടോർസ് ഡി.സി.എ എന്ന് വിളിക്കുന്ന ആറ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ആൽട്രോസിലുള്ളത്. XMA+, XMA+(S), XTA, XZA, XZA+(S), XZA+O(S) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്ന കാർ കൂടിയാണിത്. ഡി.സി.എ, എ.എം.ടിയേക്കാൾ മികച്ച ടെക്നോളജിയാണ്. 8.55 ലക്ഷം രൂപ മുതൽ 10.56 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് ആൾട്രോസ് വാങ്ങാം.
ടിയാഗോ ഇവി
ഇനിവരുന്ന രണ്ട് ഓട്ടോമാറ്റിക്കുകൾ ഇ.വികൾകൂടിയാണ്. പട്ടികയിലെ ഒന്നാമത്തെ ഇലക്ട്രിക് മോഡലാണ് ടിയാഗോ ഇവി. 8.69 ലക്ഷം - 12.04 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വാഹനം സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. ടിയാഗോ ഇവിയ്ക്ക് 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കും. കൂടാതെ രണ്ട് ചാർജിങ് ഓപ്ഷനുകളും സ്റ്റാൻഡേർഡായി വരുന്നു.
കോമെറ്റ്
സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് കോമെറ്റ് ഇ.വിക്ക്. സിറ്റി അർബൻ കമ്മ്യൂട്ടർ മോഡലാണ് കോമറ്റ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വി ആണ് കോമെറ്റ്. എംജി കോമെറ്റ് ആണ്. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.