വ്ലോഗ് ചിത്രീകരണത്തിനിടെ പുതുപുത്തൻ ഥാർ നിയന്ത്രണംവിട്ട് മറിഞ്ഞു. യൂട്യൂബ് ചാനലിലെ കാഴ്ച്ചക്കാർക്കുവേണ്ടി ഡ്രിഫ്റ്റ് ചെയ്ത വാഹനമാണ് മറിഞ്ഞത്. സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മറിഞ്ഞുകിടക്കുന്ന വാഹനത്തിൽ നിന്നും വ്ലോഗർ സംസാരിച്ചത് കാഴ്ച്ചക്കാരിൽ ചിരി പടർത്തി. സംഭവത്തിൽ ആരും പരിക്കില്ലാതെ രക്ഷപ്പെട്ടത് ആശ്വാസമായി.
പാലക്കാട് മഹീന്ദ്ര ഡീലർഷിപ്പിൽനിന്ന് വാഹനം ഡെലിവറി എടുത്തശേഷമായിരുന്നു യുവാക്കളുടെ പ്രകടനം. ഇതിനിടെ ഥാറിെൻറ യഥാർഥ ടയറുകൾ മാറ്റി ഇറക്കുമതി ചെയ്യുന്ന ടയറും ഇട്ടിരുന്നു. ടയറുകൾ മാറ്റിയ ശേഷം, വ്ലോഗറും സംഘവും രണ്ട് വാഹനങ്ങളിലായി കാവ എന്ന സ്ഥലത്തേക്ക് പോകുന്നു. വീഡിയോ ചിത്രീകരണത്തിനായി ഡ്രോണുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളുമായിട്ടായിരുന്നു യാത്ര. തുറന്ന മൈതാനത്ത് എത്തിയശേഷം തലങ്ങും വിലങ്ങും ഒാടിച്ച് ഇവർ വീഡിയോ ഷൂട്ട് ചെയ്യുന്നു. ആദ്യം വാഹനം ഡ്രിഫ്റ്റ് (തെന്നി നീക്കുക) ചെയ്യാൻ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. തുടർന്ന് ഥാറിെൻറ ഇലക്ട്രോണിക് ഘടകങ്ങളൊക്കെ പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു അഭ്യാസം.
പലതവണ നടത്തിയ ഡ്രിഫ്റ്റിങ്ങിനൊടുവിൽ വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമായിരുന്നു. വ്ലോഗർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അയാളും പരിക്കില്ലാതെ രക്ഷപ്പെട്ടു. വേഗത കുറവായതിനാൽ വാഹനം റോൾഒാവർ ചെയ്യാതിരുന്നതിനാലാണ് അപകട തീവ്രത കുറഞ്ഞത്. മറിഞ്ഞുകിടന്ന വാഹനത്തിൽ കിടന്നുകൊണ്ട് വ്ലോഗർ നടത്തിയ സംഭാഷണങ്ങൾ വീഡിയോയുടെ കമൻറ് ബോക്സിൽ ചിരി പടർത്തിയിട്ടുണ്ട്.
'നമ്മുടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്സ്'എന്നായിരുന്നു വ്ലോഗർ പറഞ്ഞത്. 'ഇന്ത്യയിൽ ആദ്യമായി ആയിരിക്കും ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്കുഉള്ളിൽ വണ്ടി മറിച്ച് അഡ്വഞ്ചർ ആക്കിയത്'-ഒരാൾ കമൻറിൽ കുറിച്ചു. 'വണ്ടി മറഞ്ഞിട്ടും അതിെൻറ ഉള്ളിൽ നിന്ന് വ്ലോഗ് ചെയ്യാൻ കാണാനിച്ച ആ മനസ്സ്'-വേറൊരാൾ എഴുതി. 'ഗയ്സ് നമ്മടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്സ്...ലെ താർ : മറഞ്ഞതല്ല ഗയ്സ് ഇവന്മാർടെ ഉപദ്രവം കാരണം ഇത്തിരി റെസ്റ്റ് എടുക്കാൻ വേണ്ടി കിടന്നതാണ്'-മറ്റൊരു രസികൻ കമൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.