ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച്​ ചൈന; കാരണം ഇതാണ്​

ഹൈവേയിലൂടെ വാഹനമോടിച്ച്​ പോകുമ്പോൾ വിവിധ നിറത്തിലുള്ള ലേസർ ലൈറ്റുകൾ മിന്നിത്തിളങ്ങുന്നു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ ഒരു വിഡിയോയിലെ ദൃശ്യങ്ങളാണിത്​. ഈ സ്ഥലം എവിടെയാണെന്നും എന്തിനാണ്​ ലേസറുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും അന്വേഷിച്ച്​ നിരവധിപേരാണ്​ സമൂഹമാധ്യമങ്ങളിൽ എത്തിയത്​. അവസാനം ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായിരിക്കുകയാണ്​.

സുരക്ഷയാണ്​ മുഖ്യം

റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ്​ സർക്കാറാണ്​ ഹൈവേകളിൽ ലേസറുകൾ സ്ഥാപിച്ചിരിക്കുന്നത്​. ഇതിലൂടെ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അത്യാധുനിക ലേസർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടാണ് പുതിയ നടപടി. പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന്​ കുറുകേയുള്ള സൈൻ ബോർഡുകൾക്ക്​ അരികിലായാണ്​ സ്ഥാപിച്ചിരിക്കുന്നത്​.

വിഡിയോ വൈറൽ

എക്സിലൂടെ പുറത്തുവന്ന വിഡിയോയിലാണ്​ ഹൈവേകളിൽ സ്ഥാപിച്ച ലേസറുകൾ കാണുന്നത്​. ക്വിംഗ്‌ദാവോ-യിഞ്ചുവാൻ എക്‌സ്‌പ്രസ്‌വേയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്ന്​ വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ഈ ലൈറ്റുകൾ ഡ്രൈവർമാരെ ഉറങ്ങി പോകാതിരിക്കാൻ സഹായിക്കുമെന്നും റോഡ് അപകടങ്ങളുടെ സാധ്യത കുറയ്ക്കുമെന്നുമാണ്​ വിലയിരുത്തൽ. ഹൈവേ ഹിസ്​നോസിസ്​ എന്ന വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോകുന്ന പ്രശ്നം പരിഹരിക്കാൻ ഈ ശ്രദ്ധ ക്ഷണിക്കൽ നല്ല മാർഗമാണെന്നും വിലയിരുത്തലുണ്ട്​.

ഈ മാർഗം ശാസ്ത്രീയമോ

എന്നാലിതിന്‍റെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നവരും ഉണ്ട്​. പലരും മികച്ച ആശയമായി ഇതിനെ കരുതുന്നുണ്ടെങ്കിലും മറ്റു ചിലർ ഇതിനെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. ഇത് യഥാർഥത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽനിന്ന്​ തെറ്റിക്കുമെന്നും കൂടാതെ തീവ്രപ്രകാശം കാഴ്​ച്ചക്ക്​ മങ്ങലേൽപ്പിക്കുമെന്നും കരുതുന്നവരുണ്ട്​. ഉറക്കം വരാത്ത ആളുകൾക്ക് പോലും ഇത് കണ്ട് ശ്രദ്ധതെറ്റുമെന്നും കാർ അപകടത്തിൽപ്പെടുമെന്നും ചിലർ എക്സിൽ കുറിച്ചു.


Tags:    
News Summary - China with colorful laser lights on highways to keep drivers from falling asleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.