നിലവിൽ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനം ഹ്യൂണ്ടായ് ക്രെറ്റയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് മേയിൽ 7527 ക്രെറ്റകളാണ് ഇന്ത്യയിൽ വിറ്റത്. മാരുതിയുടെ വാഗണറിനെയും സ്വിഫ്റ്റിനേയുമൊക്കെ പിന്തള്ളി വിൽപ്പനക്കണക്കിൽ അങ്ങിനെ ക്രെറ്റ മുന്നിലെത്തുകയായിരുന്നു. വിൽപ്പനയിലെ ഇൗ ഗരിമ നിലനിർത്താൻ പുതിയൊരു വകഭേദത്തെക്കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹ്യൂണ്ടായ്.
എസ് എക്സ് എക്സിക്യൂട്ടീവ് എന്നാണ് പുതിയ വേരിയൻറിെൻറ പേര്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ എന്നിവയിൽ എസ് എക്സ് എക്സിക്യൂട്ടീവ് ലഭ്യമാണ്. ക്രെറ്റ ലൈനപ്പിൽ നിലവിലുള്ള എസ്, എസ് എക്സ് എന്നീ വേരിയൻറുകൾക്കിടയിലാവും പുതിയവാഹനം ഇടംപിടിക്കുക.
പ്രത്യേകതകൾ
എസ് എക്സ് പെട്രോൾ വേരിയൻറിനേക്കാൾ 82000 രൂപ കുറവാണ് എക്സിക്യൂട്ടീവ് പെട്രോൾ വേരിയൻറിന്. മാനുവൽ ഗിയർബോക്സ് മാത്രമാണ് വാഹനത്തിനുള്ളത്. എസ് എക്സ് എക്സിക്യൂട്ടീവ് 1.5 ലിറ്റർ പെട്രോൾ മാനുവൽ വേരിയൻറിന് 13.15 ലക്ഷം രൂപ വിലവരും. എസ് (12.19 ലക്ഷം രൂപ), എസ്എക്സ് (13.97 ലക്ഷം രൂപ) എന്നിവയ്ക്കിടയിലുള്ള 1.78 ലക്ഷം രൂപയുടെ വിടവ് നികത്താൻ പുതിയ വാഹനം കമ്പനിയെ സഹായിക്കും. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 എച്ച്പിയും 144 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്.
ഡീസൽ മാനുവലിലും എസ്എക്സ് എക്സിക്യൂട്ടീവ് വേരിയൻറ് ലഭിക്കും. പെട്രോളിന് സമാനമായി, എസ് (13.19 ലക്ഷം രൂപ), എസ്എക്സ് (14.97 ലക്ഷം രൂപ) എന്നിവയ്ക്കിടയിലാവും വാഹനം ഇടംപിടിക്കുക. എസ് എക്സിനേക്കാൾ 82,000 രൂപ കുറവാണ് എക്സിക്യുട്ടീവിെൻറ വില. 1.5 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-ഡീസൽ എഞ്ചിൻ 115 എച്ച്പിയും, 250 എൻഎം ടോർകും നിർമിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്.
എടുത്തുമാറ്റുന്ന ഫീച്ചറുകൾ
എസ്എക്സ് എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കുന്ന ഏറ്റവും വലിയ സവിശേഷത ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ നീക്കംചെയ്യും. മറ്റൊരു ഇൻഫോടെയ്ൻമെൻറ് സിസ്റ്റമൊന്നും അതിെൻറ സ്ഥാനത്ത് പിടിപ്പിച്ചിട്ടില്ല. ഡാഷ്‌ബോർഡിലെ ശൂന്യത നികത്താൻ ഒരു പ്ലാസ്റ്റിക് ബ്ലാങ്കിങ് കവറാണ് ചേർത്തിരിക്കുന്നത്.
അർക്കമിസിെൻറ ഹൈ-എൻഡ് ഓഡിയോ സജ്ജീകരണം, വോയ്സ് റെക്കഗ്നിഷൻ, ബർഗ്ലർ അലാറം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ബ്ലൂടൂത്ത് മൈക്ക്, സ്റ്റിയറിങ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഷാർക്ക് ഫിൻ ആൻറിന, റിയർ വ്യൂ ക്യാമറ, യുഎസ്ബി പോർട്ടുകൾ എന്നിവ നിലനിർത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വിലകുറഞ്ഞതോ കൂടിയതോ ആയ ഇൻഫോടൈൻമെൻറ് സിസ്റ്റങ്ങൾ ഡീലർഷിപ്പുകളിൽ പിടിപ്പിച്ച് നൽകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.