വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; വളർച്ചാനിരക്കിൽ വൻ ഇടിവ്​

ഇന്ത്യൻ വാഹനവിപണി ചരിത്രത്തിലെ ഏറ്റവുംവലിയ തകർച്ചയിലെന്ന്​ പഠനം. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട്​ വളർച്ചാ നിരക്ക്​ കുത്തനെ ഇടിഞ്ഞുവെന്നും സൊസൈറ്റി ഓഫ്​ ഇന്ത്യൻ ഓ​ട്ടോമൊബൈൽ മാനുഫാക്​ചറേഴ്​സ് (സിയാം) നടത്തിയ പഠനങ്ങൾ പറയുന്നു. വാഹന വ്യവസായത്തിലെ വൻ ഇടിവ് പെട്ടെന്നുള്ളതോ ആശ്ചര്യകരമോ അല്ലെന്നും 10 വർഷമായി തുടരുന്ന ​പ്രക്രിയ ആണെന്നും പഠനം ചൂണ്ടികാട്ടുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയിലെ നിരവധി ഘടകങ്ങൾ കാരണം അഞ്ച് വർഷമായി പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗം കുത്തനെ ഇടിയുകയാണെന്നും സിയാം പറയുന്നു.


തകർച്ച കോവിഡിനും മു​​േമ്പ

ലോകത്തെ നാലാമത്തെ വലിയ വാഹന വിപണിയാണ്​ ഇന്ത്യ. കോവിഡ്​ ബാധിക്കുന്നതിനുമുമ്പുതന്നെ രാജ്യത്തെ വാഹന വ്യവസായം കടുത്ത പ്രതിസന്ധിയിലായിരുന്നു. ലോകത്തെ പല രാജ്യങ്ങളിലും മാന്ദ്യം കാണുന്നുണ്ടെങ്കിലും ഇന്ത്യയിലേത്​ അതിനേക്കാൾ രൂക്ഷവും സങ്കീർണവുമാണ്​. 2020 മാർച്ച് വരെയുള്ള കണക്കെടുത്താൽ ഇന്ത്യൻ വാഹന വ്യവസായത്തിന്‍റെ വളർച്ചാ നിരക്ക്​ കുറഞ്ഞുവരികയായിരുന്നു. എല്ലാ പ്രധാന വാഹന വിഭാഗങ്ങളിലും ഇത്​ ദൃശ്യവുമായിരുന്നു. ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായത്തിന്‍റെ വളർച്ച 1989-90നും 1999-2000നും ഇടയിൽ 12.6 ശതമാനമായിരുന്നു. ഇത് 1999-2000നും 2009-2010നും ഇടയിൽ 10.3 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, 2019-2020 വരെയുള്ള ദശകത്തിൽ ഇത് 3.6 ശതമാനത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി സിയാം പഠന റിപ്പോർട്ട് പറയുന്നു.

തകർച്ചയുടെ കാരണങ്ങൾ

നിരവധി കാരണങ്ങളാണ്​ വാഹനവിപണിയുടെ തകർച്ചക്ക്​ കാരണമായി വിലയിരുത്തപ്പെടുന്നത്​. പുതിയ സുരക്ഷ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ, നികുതി ഏർപ്പെടുത്തൽ, വിപണിയിലെ പണലഭ്യത, ഇന്ധന വിലവർധനവ്, അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ ആത്യന്തിക ഫലമാണ്​ വാഹന വിൽപ്പനയിലെ ഇടിവ്​. കോവിഡ്​ ഈ തകർച്ചയുടെ ആക്കം കൂട്ടുകയും ചെയ്​തു.

2020 ഏപ്രിൽ മുതൽ ബി‌എസ്-ആറ്​ എഞ്ചിനുകളിലേക്കും പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കും മാറുന്നതിനുള്ള സർക്കാർ ഉത്തരവ് ഉൽപാദനച്ചെലവ് വർദ്ധിപ്പിച്ചു. വിലവർധനയിലൂടെ വാഹന കമ്പനികൾ കുറച്ചൊക്കെ നഷ്​ടം പരിഹരിച്ചെങ്കിലും ഇപ്പോഴും പ്രശ്​നങ്ങൾ നിലനിൽക്കുകയാണ്​.

2018 സെപ്റ്റംബറിലെ ബാങ്കിങ്​ ഇതര സാമ്പത്തിക സ്​ഥാപനങ്ങളിലെ (എൻ‌ബി‌എഫ്‌സി) പ്രതിസന്ധി വാഹനവിപണിയിൽ കടുത്ത ദോഷംവരുത്തി. വ്യവസായത്തിന്‍റെ ശവപ്പെട്ടിയിലേക്കുള്ള മറ്റൊരു ആണിയായിരുന്നു ഇത്​. വാഹന വ്യവസായത്തിന്​ സാമ്പത്തിക സഹായം നൽകുന്നത്​ ബാങ്കിങ്​ ഇതര സാമ്പത്തിക സ്​ഥാപനങ്ങളായിരുന്നു എന്നതാണ്​ ഇതിന്​ കാരണം. എൻ‌ബി‌എഫ്‌സിയുടെ ആസ്തിയുടെ 30% ഓട്ടോ ലോണുകളാണ്. അടുത്ത കാലത്തായി പുതിയതും ഉപയോഗിച്ചതുമായ വാണിജ്യ വാഹനങ്ങൾക്ക് 55% -60% മാത്രമേ അവർ ധനസഹായം നൽകിയിട്ടുള്ളൂ. തേർഡ്​ പാർട്ടി ഇൻഷുറൻസ് പരിരക്ഷ പാസഞ്ചർ വാഹനങ്ങൾക്ക് മൂന്ന് വർഷവും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷവും മുൻ‌കൂറായി നൽകേണ്ട പുതിയ ഇൻഷുറൻസ് മാനദണ്ഡങ്ങൾ വാഹനങ്ങളുടെ ഓൺ-റോഡ് വില വർധിപ്പിക്കുകയും ആവശ്യകതയെ ബാധിക്കുകയും ചെയ്​തു.

ഇന്ധന വിലക്കയറ്റം

പെട്രോൾ, ഡീസൽ വില വർധന വാഹന വിൽപ്പനയെ സ്വാധീനിക്കുന്നുണ്ട്​. ലക്ഷക്കണക്കിന്​ ഉപഭോക്​താക്കൾ ഇപ്പോഴും ഇരുചക്ര വാഹനങ്ങളിൽ തുടരാൻ കാരണം അനിയ​ന്ത്രിതമായ ഇന്ധന വിലവർധനയാണ്​. മേൽപ്പറഞ്ഞ ഘടകങ്ങൾ വാഹനങ്ങളുടെ ഡിമാൻഡ് കുറയ്ക്കുമ്പോൾ നിർമ്മാതാക്കൾ വാഹന ഉത്​പാദനം അത്രക്ക്​ കുറച്ചിട്ടുമില്ല. ഇത് ഡീലർമാരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്​. ഉത്സവകാലത്ത് പോലും ഡിമാൻഡ് വർധിക്കാത്തതിനാൽ വാഹന കമ്പനികൾക്ക് ഉൽ‌പാദനം കുറക്കേണ്ടിയും വന്നു.


2020 സാമ്പത്തിക വർഷത്തിൽ പാസഞ്ചൽ വാഹനങ്ങളുടെ വിൽപ്പന 27.7 ലക്ഷം യൂനിറ്റാണ്​. കഴിഞ്ഞ നാലുവർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്​. വാണിജ്യ വാഹന വിൽപ്പന 7.2 ലക്ഷം യൂനിറ്റും ഇരുചക്ര വാഹന വിൽപ്പന 1.74 കോടി യൂണിറ്റുമാണ്​. ഇത്​ കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ത്രീ വീലർ വിൽപ്പന രണ്ട് വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്ന് -6.4 ലക്ഷം- പഠനം വെളിപ്പെടുത്തുന്നു. ഈ മാന്ദ്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് സിയാം പഠനം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.