വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; വളർച്ചാനിരക്കിൽ വൻ ഇടിവ്
text_fieldsഇന്ത്യൻ വാഹനവിപണി ചരിത്രത്തിലെ ഏറ്റവുംവലിയ തകർച്ചയിലെന്ന് പഠനം. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്നും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) നടത്തിയ പഠനങ്ങൾ പറയുന്നു. വാഹന വ്യവസായത്തിലെ വൻ ഇടിവ് പെട്ടെന്നുള്ളതോ ആശ്ചര്യകരമോ അല്ലെന്നും 10 വർഷമായി തുടരുന്ന പ്രക്രിയ ആണെന്നും പഠനം ചൂണ്ടികാട്ടുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയിലെ നിരവധി ഘടകങ്ങൾ കാരണം അഞ്ച് വർഷമായി പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗം കുത്തനെ ഇടിയുകയാണെന്നും സിയാം പറയുന്നു.
തകർച്ച കോവിഡിനും മുേമ്പ
ലോകത്തെ നാലാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ. കോവിഡ് ബാധിക്കുന്നതിനുമുമ്പുതന്നെ രാജ്യത്തെ വാഹന വ്യവസായം കടുത്ത പ്രതിസന്ധിയിലായിരുന്നു. ലോകത്തെ പല രാജ്യങ്ങളിലും മാന്ദ്യം കാണുന്നുണ്ടെങ്കിലും ഇന്ത്യയിലേത് അതിനേക്കാൾ രൂക്ഷവും സങ്കീർണവുമാണ്. 2020 മാർച്ച് വരെയുള്ള കണക്കെടുത്താൽ ഇന്ത്യൻ വാഹന വ്യവസായത്തിന്‍റെ വളർച്ചാ നിരക്ക് കുറഞ്ഞുവരികയായിരുന്നു. എല്ലാ പ്രധാന വാഹന വിഭാഗങ്ങളിലും ഇത് ദൃശ്യവുമായിരുന്നു. ഇന്ത്യൻ പാസഞ്ചർ വാഹന വ്യവസായത്തിന്‍റെ വളർച്ച 1989-90നും 1999-2000നും ഇടയിൽ 12.6 ശതമാനമായിരുന്നു. ഇത് 1999-2000നും 2009-2010നും ഇടയിൽ 10.3 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, 2019-2020 വരെയുള്ള ദശകത്തിൽ ഇത് 3.6 ശതമാനത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി സിയാം പഠന റിപ്പോർട്ട് പറയുന്നു.
തകർച്ചയുടെ കാരണങ്ങൾ
നിരവധി കാരണങ്ങളാണ് വാഹനവിപണിയുടെ തകർച്ചക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. പുതിയ സുരക്ഷ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ, നികുതി ഏർപ്പെടുത്തൽ, വിപണിയിലെ പണലഭ്യത, ഇന്ധന വിലവർധനവ്, അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ ആത്യന്തിക ഫലമാണ് വാഹന വിൽപ്പനയിലെ ഇടിവ്. കോവിഡ് ഈ തകർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.
2020 ഏപ്രിൽ മുതൽ ബിഎസ്-ആറ് എഞ്ചിനുകളിലേക്കും പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കും മാറുന്നതിനുള്ള സർക്കാർ ഉത്തരവ് ഉൽപാദനച്ചെലവ് വർദ്ധിപ്പിച്ചു. വിലവർധനയിലൂടെ വാഹന കമ്പനികൾ കുറച്ചൊക്കെ നഷ്ടം പരിഹരിച്ചെങ്കിലും ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.
2018 സെപ്റ്റംബറിലെ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളിലെ (എൻബിഎഫ്‌സി) പ്രതിസന്ധി വാഹനവിപണിയിൽ കടുത്ത ദോഷംവരുത്തി. വ്യവസായത്തിന്‍റെ ശവപ്പെട്ടിയിലേക്കുള്ള മറ്റൊരു ആണിയായിരുന്നു ഇത്. വാഹന വ്യവസായത്തിന് സാമ്പത്തിക സഹായം നൽകുന്നത് ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളായിരുന്നു എന്നതാണ് ഇതിന് കാരണം. എൻബിഎഫ്‌സിയുടെ ആസ്തിയുടെ 30% ഓട്ടോ ലോണുകളാണ്. അടുത്ത കാലത്തായി പുതിയതും ഉപയോഗിച്ചതുമായ വാണിജ്യ വാഹനങ്ങൾക്ക് 55% -60% മാത്രമേ അവർ ധനസഹായം നൽകിയിട്ടുള്ളൂ. തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ പാസഞ്ചർ വാഹനങ്ങൾക്ക് മൂന്ന് വർഷവും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷവും മുൻകൂറായി നൽകേണ്ട പുതിയ ഇൻഷുറൻസ് മാനദണ്ഡങ്ങൾ വാഹനങ്ങളുടെ ഓൺ-റോഡ് വില വർധിപ്പിക്കുകയും ആവശ്യകതയെ ബാധിക്കുകയും ചെയ്തു.
ഇന്ധന വിലക്കയറ്റം
പെട്രോൾ, ഡീസൽ വില വർധന വാഹന വിൽപ്പനയെ സ്വാധീനിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഇപ്പോഴും ഇരുചക്ര വാഹനങ്ങളിൽ തുടരാൻ കാരണം അനിയന്ത്രിതമായ ഇന്ധന വിലവർധനയാണ്. മേൽപ്പറഞ്ഞ ഘടകങ്ങൾ വാഹനങ്ങളുടെ ഡിമാൻഡ് കുറയ്ക്കുമ്പോൾ നിർമ്മാതാക്കൾ വാഹന ഉത്പാദനം അത്രക്ക് കുറച്ചിട്ടുമില്ല. ഇത് ഡീലർമാരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഉത്സവകാലത്ത് പോലും ഡിമാൻഡ് വർധിക്കാത്തതിനാൽ വാഹന കമ്പനികൾക്ക് ഉൽപാദനം കുറക്കേണ്ടിയും വന്നു.
2020 സാമ്പത്തിക വർഷത്തിൽ പാസഞ്ചൽ വാഹനങ്ങളുടെ വിൽപ്പന 27.7 ലക്ഷം യൂനിറ്റാണ്. കഴിഞ്ഞ നാലുവർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വാണിജ്യ വാഹന വിൽപ്പന 7.2 ലക്ഷം യൂനിറ്റും ഇരുചക്ര വാഹന വിൽപ്പന 1.74 കോടി യൂണിറ്റുമാണ്. ഇത് കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ത്രീ വീലർ വിൽപ്പന രണ്ട് വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്ന് -6.4 ലക്ഷം- പഠനം വെളിപ്പെടുത്തുന്നു. ഈ മാന്ദ്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് സിയാം പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.