ഇന്ത്യൻ വാഹനലോകത്ത് വൈദ്യുത വാഹനങ്ങളെ സംബന്ധിച്ച് വലിയൊരു വിവാദമാണ് നിലവിൽ നിലനിൽക്കുന്നത്. ഒരു വൈദ്യുത വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട യു.എസ്.പി അഥവാ യൂസർ സെല്ലിങ് പോയിന്റ് അതിന്‍റെ റേഞ്ചാണ്. ഒരു പ്രാവശ്യം പൂർണമായി ചാർജ് ചെയ്താൽ വാഹനം എത്രദൂരം സഞ്ചരിക്കും എന്നതാണ് റേഞ്ച് എന്ന പേരിൽ അറിയപ്പെടുന്നത്. റേഞ്ച് കൂടുന്തോറും വിൽപ്പന സാധ്യത വർധിക്കും എന്നത് കമ്പനികളെ അതിശയോക്തി കലർന്ന കണക്കുകളിലേക്ക് എത്തിക്കുന്നുണ്ട്.
രാജ്യത്ത് ഇന്ന് ലഭിക്കുന്ന മാന്യമായൊരു ഇവി എന്ന ലേബലുള്ള വാഹനമാണ് ടാറ്റ നെക്സോൺ. നെക്സോണിനെതിരെ മൂന്ന് മാസങ്ങൾക്കുമുമ്പ് ഒരു ഉപഭോക്താവ് നൽകിയ പരാതിയാണ് ഇ.വികളുടെ റേഞ്ച് സംബന്ധിച്ച് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. 312 കിലോമീറ്റർ റേഞ്ച് പറഞ്ഞ് താൻ വാങ്ങിയ നെക്സോണിന് ഒരിക്കലും 200ൽകൂടുതൽ ലഭിക്കുന്നില്ല എന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. 2020 ഡിസംബർ മൂന്നിന് രജിസ്റ്റർ ചെയ്ത നെക്സൺ ഇവിയാണ് പരാതിക്ക് കാരണമായത്.
ഡൽഹി സഫ്ദർജംഗിലെ ഡീലർഷിപ്പിൽ നിന്ന് വാങ്ങിയ വാഹനമാണിത്. കൂടുതൽ റേഞ്ചിനായി ഡീലർ നൽകിയ വിവിധ ഉപദേശങ്ങൾ കൃത്യമായി പാലിച്ചെങ്കിലും ഒരു പുരോഗതിയും കണ്ടില്ലെന്നും നജഫ്ഗഡ് സ്വദേശിയായ വാഹന ഉടമ പറയുന്നു. പരാതി ഗൗരവമായെടുത്ത ഡൽഹി സർക്കാർ ടാറ്റക്ക് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ നെക്സോണിനെതിരേ കൂടുതൽ പരാതികൾ ലഭിക്കുകയാണ് തുടർന്ന് ഉണ്ടായത്. ഇതോടെ വൈദ്യുത വാഹനങ്ങൾക്ക് നൽകുന്ന ഇ.വി സബ്സിഡി നെക്സോണിന് നൽകേണ്ടെന്ന് ഡൽഹിയിലെ ആപ് സർക്കാർ തീരുമാനിച്ചു. ഇതിനെതിരേ നിലവിൽ ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.
യഥാർഥ ലോകത്തെ മൈലേജുകൾ
ഇന്ത്യയിൽ വൈദ്യുത വാഹന രംഗത്ത് പ്രാമാണികമായ മാനദണ്ഡം സൃഷ്ടിച്ചത് മൂന്ന് വാഹനങ്ങളാണ്. ടാറ്റ നെക്സോൺ, എം.ജി ഇസഡ്.എസ് ഇ.വി, ഹ്യുണ്ടായ് കോന എന്നിവയാണവ. 16 മുതൽ 24 ലക്ഷത്തിന് ഇടയിലാണ് ഈ വാഹനങ്ങളുടെ വില. നെക്സോൺ ഇ.വി(312km), എം.ജി ഇസഡ്.എസ് ഇ.വി (340km), ഹ്യുണ്ടായ് കോന(452km) എന്നിങ്ങനെയാണ് ഈ വാഹനങ്ങളുടെ എ.ആർ.ആർ.ഐ സർട്ടിഫൈഡ് റേഞ്ച്. പ്രശസ്ത വാഹന നിരൂപക മാഗസിനായ ഓട്ടോകാറിന്റെ ഇന്ത്യൻ വിഭാഗം ഈ വാഹനങ്ങളുടെ യഥാർഥ ലോകത്തെ മൈലേജുകൾ അടുത്ത കാലത്ത് പുറത്തുവിട്ടിരുന്നു. അത് കാണിക്കുന്നത് ഉപഭോക്താക്കളുടെ പരാതി ഏറെക്കുറെ സത്യമാണെന്നുതന്നെയാണ്.
ഓട്ടോക്കാർ റിസൾട്ട്
ഓട്ടോക്കാർ നടത്തിയ പരീക്ഷണ ഓട്ടത്തിൽ നെക്സോൺ ഇ.വിക്ക് ഹൈവേകളിൽ ലഭിച്ച റേഞ്ച് വെറും 201 കിലോമീറ്റർ മാത്രമാണ്. നഗരത്തിൽ എത്തിയപ്പോൾ അത് 216 ആയി വർധിച്ചു. 208 കിലോമീറ്റർ എന്ന ശരാശരിയാണ് ചുരുക്കത്തിൽ നെക്സോണിലുള്ളത്. 312 എന്ന സർട്ടിഫൈഡ് റേഞ്ച് ഉള്ള വാഹനത്തിനാണ് ഈ അവസ്ഥയെന്നോർക്കുക. എം.ജി ഇസഡ്.എസ് ഇ.വിയിലേക്കുവന്നാൽ ഹൈവേകളിൽ 301 കിലോമീറ്റർ റേഞ്ച് ലഭിച്ചു. സിറ്റിയിൽ ഇത് 353 ആണ്. ശരാശരി 317 കിലോമീറ്റർ എന്ന മാന്യമായ റേഞ്ച് ഇസഡ്.എസ് ഇ.വിക്ക് ലഭിച്ചെന്ന് പറയാം. കോന ഇലക്ട്രിക്കിന് ഹൈവേകളിൽ 236 കിലോമീറ്ററും നഗരത്തിൽ 282ഉം കിലോമീറ്റർ റേഞ്ച് ലഭിച്ചു. ശരാശരി 250 മാത്രമാണ് വാഹനം ഒറ്റ ചാർജിൽ ഓടിയത്. 452 കിലോമീറ്റർ എന്ന വമ്പൻ റേഞ്ച് പറഞ്ഞ വാഹനത്തിന്‍റെ യഥാർഥ ലോകത്തെ അവസ്ഥയാണിത്. ഇവിടെ ശ്രദ്ധിച്ചാൽ ഒരുകാര്യം മനസിലാകും. നഗരങ്ങളേക്കാൾ ഹൈവേകളിലാണ് ബാറ്ററി വേഗം ചോരുന്നത് എന്നതാണത്. വൈദ്യുത വാഹനം പെരുമാറുന്നത് ഇേന്റണൽ കംപാഷൻ എഞ്ചിൻ വാഹനങ്ങൾക്ക് നേർ വിപരീദമായാണെന്നും ഇതിലൂടെ മനസിലാക്കാം.
റേഞ്ച് മാറിമറിയാം
ഒരു വൈദ്യുത വാഹനത്തിന്‍റെ റേഞ്ച് അഥവാ മൈലേജ് ഒരുപാട് കാരണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വാഹനത്തിന്‍റെ വേഗത, റോഡ് സാഹചര്യങ്ങൾ, ട്രാഫിക് തുടങ്ങി കാലാവസ്ഥവരെ റേഞ്ചിനെ ബാധിക്കും. നിർമാതാവ് അവകാശപ്പെടുന്ന മൈലേജിന്‍റെ പകുതി മാത്രം പ്രതീക്ഷിച്ചാൽ മതി എന്നാണ് വൈദ്യുത വാഹന ലോകത്തെ ചൊല്ല്തന്നെ. റേഞ്ചിലെ ഈ വേരിയേഷൻ ഇന്ത്യയിൽ മാത്രമല്ല അങ്ങ് അമേരിക്കയിലും പ്രസക്തമാണ്. ലോകത്തിലെ ഏറ്റവുംവലിയ വൈദ്യുത വാഹന നിർമാതാവായ ടെസ്ലയുടെ മോഡൽ ത്രീയുടെ സ്വതന്ത്ര പഠനത്തിൽ കണ്ടെത്തിയതും സമാനമായ വിവരമായിരുന്നു. 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തിരുന്ന മോഡൽ ത്രീക്ക് പരീക്ഷണ ഓട്ടത്തിൽ ലഭിച്ചത് 410 കിലോമീറ്ററാണ്. കണക്കുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും 2020 ടെസ്‌ല മോഡൽ എസ്, 2020 ടെസ്‌ല മോഡൽ 3 സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ്, 2020 ടെസ്‌ല മോഡൽ എക്സ് ലോംഗ് റേഞ്ച്, 2020 ടെസ്‌ല മോഡൽ വൈ എന്നിവയിലെല്ലാം സമാനമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നിർമാതാക്കളുടെ അവകാശവാദങ്ങൾക്ക് അപ്പുറത്താണ് വൈദ്യുത വാഹനങ്ങളുടെ റേഞ്ച് എന്നതാണ് സത്യം.
ആർക്കൊക്കെ വാങ്ങാം
വൈദ്യുത വാഹനങ്ങൾ നിലവിൽ ഒരു ലക്ഷ്വറി സ്റ്റാറ്റസ്സാണ്. ഒന്നോ രണ്ടോ വാഹനമുള്ളവർ വാങ്ങി പോർച്ചിലിടുന്ന അധിക ആഢംബരമാണിത്. വൈദ്യുത കാറുകൾ കുറേക്കാലംകൂടി അങ്ങിനെ തുടരാനാണ് സാധ്യത. എന്നാൽ ഇലക്ട്രിക് സ്കൂട്ടറുകൾ കുറേക്കൂടി പ്രതീക്ഷ നൽകുന്ന ഉത്പന്നങ്ങളാണ്. നഗര കേന്ദ്രീകൃതമായ ചെറു യാത്രകൾ ഉള്ളവർക്ക് വൈദ്യുത സ്കൂട്ടറുകൾ പരീക്ഷിക്കാവുന്നതാണ്. അപ്പോഴും 70ന് മുകളിൽ റേഞ്ച് ഉള്ളവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കൂടാതെ പരമാവധി വേഗം, ചാർജിങ് സമയം, ഫാസ്റ്റ് ചാർജിങ് സംവിധാനം ഉണ്ടോ തുടങ്ങിയ കാര്യങ്ങളും കൃത്യമായി അന്വേഷിക്കണം. കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മൈലേജിന്‍റെ 60-70 ശതമാനം മാത്രമാണ് യഥാർഥ സാഹചര്യങ്ങളിൽ പ്രതീക്ഷിക്കേണ്ടത്.
നമ്മുക്ക് നിത്യവും യാത്ര ചെയ്യാനുള്ള ദൂരത്തെ അേപക്ഷിച്ച് ഏറെ കൂടുതൽ റേഞ്ച് നൽകുന്ന വാഹനം തെരെഞ്ഞടുക്കാൻ പ്രേത്യകം ശ്രദ്ധിക്കുക. ബാറ്ററിയുടെ വാറന്‍റി, കിലോമീറ്റർ വാറന്‍റി തുടങ്ങിയവയും വാഹനം വാങ്ങുേമ്പാൾ കൃത്യമായി അന്വേഷിക്കുക. സ്വാപ്പബിൾ ബാറ്റി അഥവാ എടുത്തുമാറ്റാവുന്ന ബാറ്ററിയുള്ള വാഹനങ്ങളാണ് കൂടുതൽ പ്രായോഗികം. അത്തരം വാഹനങ്ങൾ ലഭ്യമാകുമെങ്കിൽ അതിന് പ്രാധാന്യം കൊടുക്കുക. ഭാവിയുടെ ഇന്ധനം വൈദ്യുതിയാണ് എന്നത് ഏതാണ്ടെല്ലാവരും ഇേപ്പാൾ അംഗീകരിച്ചിട്ടുണ്ട്. ലോകത്തെ എല്ലാ വാഹന നിർമാതാക്കളും മാറ്റത്തിന്‍റെ പാതയിലുമാണ്. പശ്ചാത്തല വികസനവും സാങ്കേതിക വിദ്യയുടെ ചിലവുകുറവും പ്രായോഗികമായാൽ വൈദ്യുത വിപ്ലവമാണ് ലോകത്തെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.