കഴിഞ്ഞ ദിവസമാണ് ബി.ജെ.ഡി നേതാവും ഒഡീഷ മന്ത്രിയുമായ നബ കിഷോർ ദാസ് വെടിയേറ്റ് കൊല്ലെപ്പട്ടത്. ഒഡീഷയിലെ ആരോഗ്യമന്ത്രിയായ അദ്ദേഹത്തിന് മുൻ അംഗരക്ഷകന്റെ പോയന്റ് ബ്ലാങ്ക് വെടിയിലാണ് ജീവൻ നഷ്ടമാകുന്നത്. ഒഡീഷയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള എം.എല്‍.എയാണ് നബ കിഷോർ ദാസ്. മൂന്ന് തവണ എം.എല്‍.എ പദവി അലങ്കരിച്ച അദ്ദേഹം ഒഡീഷ മന്ത്രിസഭയിലെ ഏറ്റവും ധനികനായിരുന്നു. ആഡംബര കാറുകളോടായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം.
ഖനികളുടെ നാടായ ഝാർസുഗുഡയിൽ നിന്നുള്ള സമ്പന്ന രാഷ്ട്രീയക്കാരനായിരുന്നു നബ കിഷോർ ദാസ്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ അദ്ദേഹം കഴിഞ്ഞ തവണ ഇലക്ഷൻ കമ്മീഷന് നൽകിയ വിവരം അനുസരിച്ച് 34 കോടിയുടെ സ്വത്താണുള്ളത്.
ജാര്‍സുഗുഢയ്ക്ക് അടുത്തുള്ള ബ്രജ് രാജ് നഗറില്‍ വെച്ചാണ് മന്ത്രിയ്ക്ക് വെടിയേറ്റത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയ ഗോപാല്‍ ദാസാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാറുകളോട് എന്നും പ്രിയം
കാറുകളോട് വളരെയധികം കമ്പമുള്ളയാളായിരുന്നു നബ കിഷോർ. പോർഷെ, ഫെറാരി പോലുള്ള സ്പോർട്സ് കാറുകളും അദ്ദേഹത്തിന്റെ ഗരാജിൽ ഉണ്ടായിരുന്നു. ഏകദേശം 40 കാറുകളാണ് മന്ത്രിയ്ക്ക് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹം പോർഷെ കാറിൽ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിജു ജനതാദളിന്റെ (ബി.ജെ.ഡി) രാഷ്ട്രീയ സ്വാധീനത്തെ ശക്തമായി അതിജീവിച്ച കോൺഗ്രസുകാരനായിരുന്നു നാലു വർഷം മുമ്പ് വരെ നബ കിഷോർ ദാസ്. ഒടുവിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നവീൻ പട്നായിക്കിന്റെ രാഷ്ട്രീയം അംഗീകരിച്ച് ബി.ജെ.ഡിയിൽ ചേർന്നു. നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയിലുമെത്തി.
കഴിഞ്ഞ ജൂണിൽ നവീൻ പട്നായിക് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ഇളക്കം തട്ടാത്ത അപൂർവം പേരിൽ ഒരാളായിരുന്നു ഇദ്ദേഹം. അടുത്തിടെ നടന്ന പദംപുർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രവചനങ്ങൾക്ക് വിരുദ്ധമായി പാർട്ടി സ്ഥാനാർഥിക്ക് തകർപ്പൻ ജയം നേടാനായത് നബ കിഷോറിന്റെ രാഷ്ട്രീയ ആസൂത്രണത്തെ തുടർന്നായിരുന്നു.നിയമവിദ്യാർഥിയായിരിക്കെ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ സ്റ്റുഡന്റ് യൂനിയനിൽ പ്രവർത്തിച്ചാണ് നബ കിഷോർ പൊതുപ്രവർത്തനരംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും ഉയർന്ന പദവികളിലെത്തി. എ.ഐ.സി.സി അംഗവും ഒ.പി.സി.സി വർക്കിങ് പ്രസിഡന്റുമായി. 2009ലും ’14ലും ഝാർസുഗുഡയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ഇദ്ദേഹം 2019ൽ ബി.ജെ.ഡിയിലേക്ക് മാറി.
മന്ത്രിയുടെ നിര്യാണത്തില്‍ നിരവധി പേര് അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമുണ്ടായ തീരാ നഷ്ടമാണ് നബ കിഷോറിന്റെ മരണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. ”ബിജു ജനതാദള്‍ എന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് നബ കിഷോര്‍ ദാസ്. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ഒഡീഷ സംസ്ഥാനത്തിനും ബിജെഡിയ്ക്കും ഉണ്ടായ തീരാനഷ്ടമാണ് ഈ നിര്യാണം”, പട്നായിക് പറഞ്ഞു.
ആരോഗ്യം, കുടുംബ ക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2020-21ല്‍ കൊവിഡ് മഹാമാരി സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ച മന്ത്രി കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. 2004ലാണ് അദ്ദേഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാര്‍സുഗുഡയില്‍ നിന്ന് മത്സരിച്ചത്. അന്ന് പരാജയപ്പെടുകയായിരുന്നു.
1962 ജനുവരി ഏഴിനാണ് നബ കിഷോര്‍ ദാസ് ജനിച്ചത്. സാമ്പല്‍പൂരിലെ ഭോജ്പൂര് ഹൈസ്കൂളില്‍ നിന്ന് 1978ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായി. പിന്നീട് ഇംഗ്ലീഷിലും നിയമത്തിലും ബിരുദം നേടുകയും ചെയ്തു. 1980കളിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല ബിസിനസ്സ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കിഷോര്‍ ദാസ്. ഹോട്ടല്‍, ട്രാന്‍സ്പോര്‍ട്ട് എന്നീ മേഖലയില്‍ അദ്ദേഹം ബിസിനസ്സ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.