‘ചുമടെടുക്കുന്ന’ ഇലക്​ട്രിക്​ സ്കൂട്ടർ, റിവർ ഇൻഡി ഡെലിവറികൾ ആരംഭിച്ചു

നിലവിൽ വിപണിയിൽ ലഭ്യമായ പല ഇലക്​ട്രിക്​ സ്കൂട്ടറുകളും പലതരം സെഗ്​മെന്‍റുകളിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​. കൂടുതൽ റേഞ്ച്​, കൂടുതൽ വേഗത, വിലക്കുറവ്​ എന്നിങ്ങനെ പലതരം മാനദണ്ഡങ്ങളാണ്​ അവർ തിരഞ്ഞെടുത്തിരിക്കുന്നത്​. എന്നാൽ വിപണിയിലെ പുത്തൻകൂറ്റുകാരനായ റിവർ ഇൻഡി അൽപ്പം വ്യത്യസ്തനാണ്​. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌.യു.വി എന്നാണ്​ റിവൻ ഇൻഡി അറിയപ്പെടുന്നത്​. ധാരാളം സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡ്​ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അധികം കണ്ടുവരാത്ത ഫീച്ചറുകൾ ഉള്‍ക്കൊള്ളിച്ചാണ് റിവര്‍ ഇന്‍ഡിയുടെ വരവ്​. ഇ.വികളിലെ ചുമട്ടുകാരൻ എന്ന്​ ഈ സ്കൂട്ടറിനെ വിളിച്ചാൽ തെറ്റാവില്ല.

റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ യൂനിറ്റ് പുറത്തിറക്കിയിട്ടുണ്ട്​. കര്‍ണാടകയിലെ ഹോസ്‌കോട്ടിലുള്ള റിവര്‍ ഇവിയുടെ പ്ലാന്റിലാണ് ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചത്. 1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്​ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരുന്നത്. ഇ.വി പ്രീ-ഓര്‍ഡര്‍ ചെയ്ത ബംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഇതേ വിലക്ക് തന്നെ വാഹനം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം നവംബറോടെ ബംഗളൂരുവില്‍ റിവര്‍ തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കാനിരിക്കുകയാണ്.

ഫ്രണ്ട് ഫൂട്പെഗുകളുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറെന്ന വിശേഷണവും റിവര്‍ ഇന്‍ഡിക്കുണ്ട്. മുന്നിൽ സ്​റ്റോറേജ്​ ഇടം കൂട്ടാനാണ്​ ഫുട്​പെഗ്ഗുകൾ പുറത്തുനൽകുന്നത്​. ആവശ്യമില്ലെങ്കിൽ ഇവ മടക്കിവയ്ക്കാനുമാകും.മുന്നിൽ നിറയെ സാധനംവച്ച്​ സുഗമമായി ഓടിക്കാനാണ്​ ഈ രീതി അവലംബിച്ചിരുക്കുന്നത്​.


മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് വാഹനം വരുന്നത്​. നീക്കം ചെയ്യാനാകാത്ത ബാറ്ററി പായ്ക്കാണ്​ വാഹനത്തിൽ. ഇക്കോ മോഡില്‍ റിവര്‍ ഇന്‍ഡി 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 6.7 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന്​ ശക്തിപകരുന്നത്​. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 3.9 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിങ്​ മോഡുകളിലാണ് ഇന്‍ഡി വരുന്നത്. സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിങ്​ അസിസ്റ്റ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകളും ഉണ്ട്​.

രണ്ട് യുഎസ്ബി ചാര്‍ജിങ്​ പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഒന്ന് ഹാന്‍ഡില്‍ബാറിലും ഒന്ന് ഗ്ലോവ്ബോക്സിലുമാണ് കാണാനാകുക. ഓള്‍-എല്‍ഇഡി ലൈറ്റിങാണ്​. എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എല്‍ഇഡി ലൈറ്റുകളടക്കമുള്ള ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിന് 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഉണ്ട്. 

Tags:    
News Summary - River Indie Delivery Begins in India, Rolled-out First Electric Scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.